
പത്തനംതിട്ട: കടപ്രയിൽ 75കാരിയായ പൊന്നമ്മ തോമസിനെ മർദിച്ചുകൊലപ്പെടുത്തി മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ച സംഭവത്തിൽ അന്വേഷണം കൂടുതൽ വ്യാപിപ്പിച്ച് പൊലീസ്. പൊന്നമ്മയുടെ മൃതദേഹം ഒരിക്കൽ പോയി കാണണമെന്ന തരത്തിൽ ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച ഫോൺസന്ദേശമാണ് സംഭവം കൊലപാതകമാണെന്ന സംശയത്തിലേക്ക് അന്വേഷണ സംഘത്തെ എത്തിച്ചതിലെ നിർണായക വഴിത്തിരിവായത്. ഫോൺ ചെയ്തയാളെ പൊലീസ് പുറത്തുവിട്ടിട്ടില്ലെങ്കിലും ബന്ധുക്കളിൽ ആരെങ്കിലുമായിരിക്കാമെന്നാണ് സൂചന. (Ponnamma Thomas murder)
ബുധനാഴ്ച രാവിലെ ലഭിച്ച ഫോൺസന്ദേശത്തെ തുടർന്ന് തിരുവല്ല ഡിവൈ.എസ്.പി. പി.ആർ. സന്തോഷിന്റെയും കോയിപ്രം എസ്.എച്ച്.ഒ. പങ്കജ് കൃഷ്ണന്റെയും നേതൃത്വത്തിൽ അന്വേഷണം ശക്തമാക്കി. തുടർന്ന് പൊന്നമ്മയുടെ മകൻ ടിജോ തോമസിനും സുഹൃത്ത് റിൻസി മോളിനും സംഭവത്തിൽ പങ്കുണ്ടെന്ന നിഗമനത്തിലെത്തി ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തു.
കടുത്ത മദ്യപാനവും ലഹരി ഉപയോഗവും കാരണം ടിജോ ബന്ധുക്കളിൽനിന്ന് അകന്നുകഴിഞ്ഞിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. പുണെയിൽ നഴ്സായ ഭാര്യയെ കാണാൻ പോയ സമയത്താണ് ടിജോ തിരുവനന്തപുരം സ്വദേശിനിയായ റിൻസി മോളെ പരിചയപ്പെട്ടത്. പിന്നീട് നാട്ടിലെത്തിയ ശേഷവും ബന്ധം തുടർന്ന ഇരുവർക്കുമായി ടിജോ ഫ്ളാറ്റ് സംഘടിപ്പിച്ചുനൽകിയിരുന്നു. ബന്ധം ഭാര്യ അറിഞ്ഞതോടെ ആറുമാസം മുമ്പ് അവർ വീടുവിട്ടുപോയതായും പൊലീസ് പറയുന്നു. രോഗബാധിതയായ അമ്മയെ പരിചരിക്കാനെന്ന പേരിൽ ഹോംനഴ്സായി റിൻസി മോളെ വീട്ടിലെത്തിച്ചതായും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. അമ്മയുടെ രോഗാവസ്ഥയെച്ചൊല്ലി ടിജോയും റിൻസിയും തമ്മിൽ നിരന്തരം തർക്കമുണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. തിങ്കളാഴ്ച രാത്രിയുണ്ടായ തർക്കത്തിനിടെ തടസ്സം പിടിക്കാനെത്തിയ പൊന്നമ്മയെ ടിജോ മർദിക്കുകയായിരുന്നു. ഇതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
എന്നാൽ ചൊവ്വാഴ്ച രാവിലെ കുമ്പനാട്ടുള്ള സ്വകാര്യ ആശുപത്രിയിൽ പൊന്നമ്മയെ പ്രവേശിപ്പിച്ചപ്പോൾ ശരീരത്തിലെ പരിക്കുകൾ ശ്രദ്ധയിൽപ്പെട്ടിട്ടും മർദനമാണ് മരണത്തിന് കാരണമെന്ന കാര്യം ഡോക്ടർ തിരിച്ചറിഞ്ഞില്ലേയെന്നതും പൊലീസ് പരിശോധിക്കുന്നുണ്ട്. പൊന്നമ്മയുടെ ശരീരത്തിൽ പരിക്കുകൾ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ ആശുപത്രി ചികിത്സയുമായി ബന്ധപ്പെട്ട വിവരങ്ങളും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. ജില്ലാ പൊലീസ് മേധാവി ആർ. ആനന്ദിന്റെ നിർദേശപ്രകാരം ബന്ധുക്കളിലേക്കും അയൽവാസികളിലേക്കും അന്വേഷണം വ്യാപിപ്പിച്ചാണ് സംഭവത്തിന്റെ ചുരുളഴിച്ചത്. നിർണായകമായ ഫോൺസന്ദേശത്തിന്റെ ഉറവിടം കണ്ടെത്തുന്നതും അന്വേഷണത്തിന്റെ ഭാഗമാണ്. സംഭവത്തിൽ ടിജോയുടെയും റിൻസിയുടെയും പങ്ക് സംബന്ധിച്ച കൂടുതൽ തെളിവുകൾ ശേഖരിക്കുകയാണ് പൊലീസ്.
Summary: Police are investigating the death of 75-year-old Ponnamma Thomas in Pathanamthitta after a phone call raised suspicions that her death was not natural. Her son Tijo Thomas and his friend Rincy Mol have been arrested, while police are also examining whether injuries were overlooked when she was taken to a private hospital.




