ധാക്ക: വീട്ടിലെ നാല് കുടുംബാംഗങ്ങളെയും ഫോണിൽ ബന്ധപ്പെടാനാകാതെ വന്നതോടെ ബന്ധുക്കൾ നടത്തിയ പരിശോധനയ്ക്കൊടുവിൽ പുറത്തുവന്നത് ഞെട്ടിക്കുന്ന കൊലപാതക വിവരം. ബംഗ്ലദേശിലെ രംഗ്പുർ നഗരത്തിൽ ഒരു വീട്ടിൽ നാലുപേരെ മരിച്ച നിലയിൽ കണ്ടെത്തി. രംഗ്പുർ ജില്ലാ സ്കൂളിൽനിന്ന് വിരമിച്ച ഗണപതി ചക്രവർത്തി (65), ഭാര്യ പ്രീതിലത ചക്രവർത്തി (50), മകൾ അഗാമി ചക്രവർത്തി (23), മകൻ പ്രിയം ചക്രവർത്തി (12) എന്നിവരാണ് കൊല്ലപ്പെട്ടത്. നാല് പേരെയും കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയെന്നാണ് പൊലീസിന്റെ പ്രാഥമിക സംശയം.
ശനിയാഴ്ച രാത്രി 1.30ഓടെയാണ് രംഗ്പുർ മെട്രോപൊളിറ്റൻ പൊലീസ് മൃതദേഹങ്ങൾ കണ്ടെത്തിയത്. വീടിന്റെ വിവിധ ഭാഗങ്ങളിലായാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. വ്യാഴാഴ്ച രാത്രിയോടെയാണ് കൊലപാതകങ്ങൾ നടന്നതെന്നാണ് പൊലീസ് സംശയിക്കുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ALSO READ;നെല്ലിപ്പലക തേഞ്ഞു പൊട്ടി..! ഹൂതികളുടെ ഭീഷണി; എണ്ണക്കയറ്റത്തിന് പുതിയ വഴി തുറന്ന് സൗദി, ചെങ്കടലിലൂടെ ബദൽ റൂട്ട്
വ്യാഴാഴ്ച രാത്രി മുതൽ നാല് കുടുംബാംഗങ്ങളുടെയും മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ആയിരുന്നു. ഫോണിൽ വിളിച്ചിട്ട് കിട്ടാതായതോടെ ബന്ധുക്കൾ ശനിയാഴ്ച വീട്ടിലെത്തി അന്വേഷിക്കുകയായിരുന്നു. തുടർന്ന് പൊലീസിന്റെ സഹായത്തോടെ വീടിന്റെ പൂട്ട് തുറന്ന് അകത്ത് പ്രവേശിച്ചപ്പോഴാണ് നാല് പേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.
അധ്യാപകനായിരുന്ന ഗണപതി ചക്രവർത്തി 2025ലാണ് വിരമിച്ചത്. അടുത്തിടെയാണ് കുടുംബം പുതിയ വീട്ടിലേക്ക് താമസം മാറ്റിയത്. നാല് പേരുടെയും മരണത്തിന് പിന്നിലെ കാരണം, കൊലപാതകത്തിന് പിന്നിലുള്ളവർ, സംഭവത്തിന് പിന്നിലെ സാഹചര്യങ്ങൾ എന്നിവ കണ്ടെത്തുന്നതിനുള്ള അന്വേഷണം പൊലീസ് തുടരുകയാണ്.
The post ചിതറിക്കിടക്കുന്ന മൃതദേഹങ്ങൾ, കണ്ടെത്തിയത് വീടിന്റെ പലഭാഗങ്ങളിൽ! ഞെട്ടിച്ച് നാലംഗ കുടുംബത്തിന്റെ കൂട്ടക്കൊല appeared first on Express Kerala.




