
സെലിബ്രിറ്റി ദമ്പതികളായ ജീവ ജോസഫും അപർണ തോമസും ഔദ്യോഗികമായി വേർപിരിയുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്ന അഭ്യൂഹങ്ങൾക്ക് വിരാമമിട്ടുകൊണ്ട് വൈകാരികമായ കുറിപ്പിലൂടെ ജീവ തന്നെയാണ് ഈ വാർത്ത സ്ഥിരീകരിച്ചത്. അപർണയുടെ പിറന്നാൾ ദിനത്തിൽ പങ്കുവച്ച കുറിപ്പും, വിവാഹവാർഷികത്തെക്കുറിച്ചുള്ള ആരാധകന്റെ ചോദ്യത്തിന് അപർണ നൽകിയ ‘അതൊക്കെ പണ്ട്’ എന്ന മറുപടിയും വലിയ ചർച്ചയായിരുന്നു. ഇതിനു പിന്നാലെയാണ് 11 വർഷം നീണ്ട ദാമ്പത്യ ജീവിതം അവസാനിപ്പിക്കുകയാണെന്ന് ജീവ വ്യക്തമാക്കിയത്.
“എല്ലാവർക്കും നമസ്കാരം, ഇത് പങ്കുവയ്ക്കുക എന്നത് എന്നെ സംബന്ധിച്ച് ഒട്ടും എളുപ്പമുള്ള കാര്യമല്ല. എങ്കിലും നിങ്ങളോട് നേരിട്ട് തന്നെ പറയണമെന്ന് എനിക്ക് തോന്നി. കാരണം എന്റെ കരിയറിലും സന്തോഷങ്ങളിലും വിഷമഘട്ടങ്ങളിലുമെല്ലാം നിങ്ങളിൽ പലരും കൂടെയുണ്ടായിരുന്നു. ഒരു ദമ്പതികൾ എന്ന നിലയിൽ നിങ്ങൾ ഞങ്ങളെ ഒരുപാട് ഇഷ്ടപ്പെട്ടിരുന്നു, എന്നാൽ ഇനി മുതൽ അത് ‘ഞങ്ങൾ’ അല്ല, ജീവ എന്നും അപർണ എന്നും മാത്രമാണ്,” ജീവ കുറിച്ചു.
Also Read:ജോർജ്കുട്ടിയുടെ കളി അവസാനിച്ചിട്ടില്ല; ‘ദൃശ്യം 4’ പ്രഖ്യാപിച്ച് ആന്റണി പെരുമ്പാവൂർ
11 വർഷത്തെ ദാമ്പത്യത്തിന് ശേഷം വേർപിരിയുകയാണെന്നും, എവിടെയോ എന്തോ തെറ്റിപ്പോയെന്നും ഇനി ഇത് മുന്നോട്ട് കൊണ്ടുപോകാൻ കഴിയില്ലെന്നും തിരിച്ചറിഞ്ഞതിനാലാണ് വ്യത്യസ്ത വഴികളിലൂടെ സഞ്ചരിക്കാൻ തീരുമാനിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിന് പിന്നിലെ കാരണം പൂർണമായും വ്യക്തിപരമാണെന്നും ഈ ഘട്ടത്തിൽ തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും ജീവ ആരാധകരോട് അഭ്യർത്ഥിച്ചു. സംഭവിക്കുന്നതെല്ലാം നല്ലതിനാണ് എന്ന് വിശ്വസിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ടെലിവിഷൻ അവതാരകരെന്ന നിലയിലും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും ഒരുമിച്ച് തിളങ്ങിനിന്ന പ്രിയപ്പെട്ട ജോഡിയായിരുന്നു ജീവയും അപർണയും. 2015 ഓഗസ്റ്റ് 24-നായിരുന്നു ഇവരുടെ വിവാഹം. കൃത്യം 11 വർഷത്തെ ദാമ്പത്യത്തിന് ശേഷമാണ് ഇരുവരും വേർപിരിയൽ പ്രഖ്യാപിച്ചിരിക്കുന്നത്. അഭിപ്രായവ്യത്യാസങ്ങളുണ്ടെന്നും ഇരുവരും വേർപിരിഞ്ഞാണ് കഴിയുന്നതെന്നും നേരത്തെ അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നെങ്കിലും ഇതാദ്യമായാണ് ഇരുവരും ഇക്കാര്യത്തിൽ ഔദ്യോഗികമായി പ്രതികരിക്കുന്നത്.
The post ഇനി ഞങ്ങൾ ഒന്നിച്ചല്ല! എവിടെയോ എന്തോ തെറ്റിപ്പോയി, ഇനി മുന്നോട്ട് പോകാനാവില്ല; 11 വർഷത്തെ ദാമ്പത്യത്തിന് വിരാമമിട്ട് ജീവയും അപർണയും appeared first on Express Kerala.




