
മുംബൈ: ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ കയറിയാൽ സെർവർ പ്രശ്നം, കാപ്ച, പോപ്പ്-അപ്പ്… ടിക്കറ്റ് കിട്ടുന്നതിന് മുമ്പേ സമയം പോകുന്ന അവസ്ഥയ്ക്ക് ഇനി മാറ്റമുണ്ടാകുമെന്നാണ് ഐആർസിടിസിയുടെ പുതിയ നീക്കം. യാത്രക്കാരുടെ തിരക്കും ബുക്കിങ് സമയത്തെ സർവീസ് തടസ്സങ്ങളും കുറയ്ക്കാൻ ഐആർസിടിസി വെബ്സൈറ്റും മൊബൈൽ ആപ്പും അടിമുടി നവീകരിക്കുകയാണ്. ഇതിന്റെ ഭാഗമായി നെക്സ്റ്റ് ജനറേഷൻ ഇ-ടിക്കറ്റിംഗ് (NGET) പ്ലാറ്റ്ഫോമിന്റെ സെർവർ, സ്റ്റോറേജ്, നെറ്റ്വർക്കിംഗ്, സോഫ്റ്റ്‌വെയർ സംവിധാനങ്ങളിൽ വലിയ മാറ്റങ്ങളാണ് വരുന്നത്. മാറ്റങ്ങൾ നിലവിൽ ബീറ്റ പതിപ്പിൽ നടപ്പാക്കിയിട്ടുണ്ട്.
നിലവിൽ മിനിറ്റിൽ ഏകദേശം 37,000 ടിക്കറ്റുകൾ വരെ ബുക്ക് ചെയ്യാൻ കഴിയുന്ന സംവിധാനമാണ് പുതിയ പരിഷ്‌കരണത്തോടെ മിനിറ്റിൽ ഒരു ലക്ഷം ടിക്കറ്റുകൾ വരെ കൈകാര്യം ചെയ്യാൻ ശേഷിയുള്ളതാകുന്നത്. ഇതിനായി ഏകദേശം 150 കോടി രൂപ അനുവദിച്ചിട്ടുണ്ട്. വെബ്സൈറ്റിൽ പെട്ടെന്ന് തടസ്സമുണ്ടാകുന്ന സാഹചര്യം ഒഴിവാക്കാൻ സെക്കന്തരാബാദിൽ പുതിയ ബാക്കപ്പ് ഡിസാസ്റ്റർ റിക്കവറി സംവിധാനവും ഒരുക്കുന്നുണ്ട്. പ്രധാന സെർവറുകൾക്ക് തകരാർ സംഭവിച്ചാലും ബുക്കിങ് തടസ്സമില്ലാതെ തുടരാൻ ഇതിലൂടെ സാധിക്കും.
ALSO READ;വിദ്യാർഥിനികൾക്കൊപ്പം ചെക്ക് ഡാമിൽ കുളിച്ച് പ്രിൻസിപ്പൽ! വീഡിയോ വൈറൽ, ഒടുവിൽ സസ്പെൻഷൻ
ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനിടയിലെ അനാവശ്യ കാപ്ചകൾ, പോപ്പ്-അപ്പുകൾ, ഫ്‌ലാഷിംഗ് ഗ്രാഫിക്‌സ് എന്നിവയും പുതിയ സംവിധാനത്തിൽ ഒഴിവാക്കും. എല്ലാ ക്ലാസുകളിലെയും സീറ്റ് ലഭ്യത ഒരിടത്ത് തന്നെ പരിശോധിക്കാനുള്ള സൗകര്യവും ഉണ്ടാകും. യാത്രക്കാരുടെ വിവരങ്ങൾ മുൻകൂട്ടി സേവ് ചെയ്യാൻ കഴിയുന്നതിനാൽ ഓരോ തവണയും വിവരങ്ങൾ വീണ്ടും ടൈപ്പ് ചെയ്യേണ്ടതില്ല. കുറച്ച് ഘട്ടങ്ങളിലൂടെ കൂടുതൽ വേഗത്തിൽ ടിക്കറ്റ് ബുക്ക് ചെയ്യാനും ഇതിലൂടെ സാധിക്കും.
റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവും മാളവ്യ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ വിദ്യാർത്ഥികളും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിൽ ഉയർന്ന നിർദ്ദേശങ്ങൾ കൂടി പരിഗണിച്ചാണ് പുതിയ രൂപകൽപന തയ്യാറാക്കിയിരിക്കുന്നത്. നിലവിലെ ബുക്കിങ് സംവിധാനത്തിലെ പ്രധാന ബുദ്ധിമുട്ടുകൾ കുറച്ച്, തിരക്കേറിയ സമയത്തും വേഗത്തിലും തടസ്സമില്ലാതെയും ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയുന്ന സംവിധാനമാണ് ഐആർസിടിസി ലക്ഷ്യമിടുന്നത്.
The post കാപ്ചയുടെ ശല്യമില്ല, ബുക്കിങ്ങും ഇനി തടസ്സപ്പെടില്ല; മിനിറ്റിൽ 1 ലക്ഷം ടിക്കറ്റ്! ഐആർസിടിസിയിൽ വൻ മാറ്റം appeared first on Express Kerala.




