
മുസുനൂർ (ആന്ധ്രാപ്രദേശ്): പോപ്‌കോൺ ഉത്പാദന രംഗത്ത് നിർണായക ചുവടുവെപ്പുമായി ഇന്ത്യ (India popcorn). വിദേശരാജ്യങ്ങളിൽ നിന്നുള്ള വിത്തുകളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് വികസിപ്പിച്ച ആദ്യ ഉയർന്ന ഗുണനിലവാരമുള്ള നോൺ-ജിഎംഒ പോപ്‌കോൺ ഹൈബ്രിഡ് വിത്തുകളായ ‘കൃഷ്ണ459’, ‘ഗോദാവരി234’ എന്നിവ പുറത്തിറക്കി.
ആന്ധ്രാപ്രദേശിലെ മുസുനൂരിലുള്ള ‘ഗുർമേ പോപ്‌കോണിക്ക’ ഫാക്ടറിയിൽ നടന്ന ചടങ്ങിൽ ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ വിത്തുകൾ ഔദ്യോഗികമായി പുറത്തിറക്കി. ആന്ധ്രാപ്രദേശ് ഗവർണർ എസ്. അബ്ദുൾ നസീർ, മുഖ്യമന്ത്രി നാര ചന്ദ്രബാബു നായിഡു, മാനേജിംഗ് ഡയറക്ടർ എസ്.ബി.പി. പട്ടാഭി രാമ റാവു, യു.എസ്.എ. പ്രിഫേർഡ് പോപ്‌കോൺ സ്ഥാപകനും സി.ഇ.ഒയുമായ നോം ക്രഗ് തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള മികച്ച കർഷകരെയും പങ്കാളികളെയും ചടങ്ങിൽ ആദരിച്ചു.
സിനിമാ തിയേറ്ററുകളിലും മറ്റും ഉപയോഗിക്കുന്ന പ്രീമിയം പോപ്‌കോണിനായി ഇന്ത്യ ഇതുവരെ പ്രധാനമായും അമേരിക്ക, അർജന്റീന, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള വിത്തുകളെയും ധാന്യങ്ങളെയുമാണ് ആശ്രയിച്ചിരുന്നത്. ഈ വിദേശ ആശ്രിതത്വത്തിന് പരിഹാരം കാണുകയെന്ന ലക്ഷ്യത്തോടെ അഞ്ച് സീസണുകളിലായി നടത്തിയ പരീക്ഷണങ്ങൾക്ക് ശേഷമാണ് പുതിയ ഇന്ത്യൻ ഹൈബ്രിഡ് ഇനങ്ങൾ വികസിപ്പിച്ചത്.
പുതിയ വിത്തുകളുടെ പ്രയോജനം എട്ട് സംസ്ഥാനങ്ങളിലായി ഏകദേശം 40,000 ഏക്കറിൽ പോപ്‌കോൺ കൃഷി ചെയ്യുന്ന 17,500-ലധികം കർഷകർക്ക് നേരിട്ട് ലഭിക്കുമെന്നാണ് വിലയിരുത്തൽ. ഏക്കറിന് ശരാശരി 4.5 ടൺ വരെ വിളവ് ലഭിക്കുമെന്ന പ്രതീക്ഷയും നിശ്ചിത വിലയ്ക്ക് ഉത്പന്നങ്ങൾ നേരിട്ട് സംഭരിക്കുന്ന കരാർ സംവിധാനവും കർഷകരുടെ വരുമാനം വർധിപ്പിക്കാൻ സഹായിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
ഇന്ത്യയിലെ പോപ്‌കോൺ വിപണിയും കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ വലിയ വളർച്ചയാണ് രേഖപ്പെടുത്തിയത്. 2014-15 കാലയളവിൽ ഏകദേശം 50,000 ടൺ ആയിരുന്ന വിപണി 2025-26ൽ 1.3 ലക്ഷം ടണ്ണായി ഉയർന്നു. നിലവിൽ രാജ്യത്തെ ആഭ്യന്തര ആവശ്യത്തിന്റെ ഏകദേശം 70 ശതമാനവും ആഭ്യന്തര ഉത്പാദനത്തിലൂടെയാണ് നിറവേറ്റുന്നത്. ഇതുവഴി 2025-26 സാമ്പത്തിക വർഷത്തിൽ മാത്രം ഏകദേശം 810 കോടി രൂപയുടെ വിദേശനാണ്യം ലാഭിക്കാനായെന്നും റിപ്പോർട്ടുകൾ പറയുന്നു.
2030ഓടെ പോപ്‌കോൺ ഇറക്കുമതി പൂർണമായും ഒഴിവാക്കി മേഖലയിൽ സമ്പൂർണ സ്വയംപര്യാപ്തത കൈവരിക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം.
തദ്ദേശീയമായി വികസിപ്പിച്ച വിത്തുകളുടെ ഉപയോഗം രാജ്യത്തിന്റെ വിദേശ ആശ്രിതത്വം കുറയ്ക്കുന്നതിനൊപ്പം കർഷകരുടെ വരുമാനം വർധിപ്പിക്കാനും സഹായിക്കുമെന്ന് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ പറഞ്ഞു. ഓരോ ഏക്കറിലും തദ്ദേശീയ വിത്തുകൾ ഉപയോഗിച്ച് കൃഷി ചെയ്യുന്നത് വിദേശ ആശ്രിതത്വം കുറയ്ക്കുകയും അതിലൂടെ രാജ്യത്ത് തന്നെ സാമ്പത്തിക നേട്ടം നിലനിർത്തുകയും ചെയ്യുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അന്താരാഷ്ട്ര വിപണിയിലെ പ്രമുഖ പോപ്‌കോൺ ബ്രാൻഡുകളുടേതിന് സമാനമായ വലിപ്പവും ഗുണനിലവാരവും ഉറപ്പാക്കുന്ന തരത്തിലാണ് പുതിയ ഇന്ത്യൻ വിത്തുകൾ വികസിപ്പിച്ചിരിക്കുന്നത്. രാജ്യത്തെ കാലാവസ്ഥയ്ക്ക് അനുയോജ്യമായതും കീടങ്ങളെ പ്രതിരോധിക്കാനുള്ള ശേഷിയുള്ളതുമാണ് പുതിയ ഇനങ്ങളെന്നും അധികൃതർ വ്യക്തമാക്കി. ഈ മുന്നേറ്റത്തോടെ ഭാവിയിൽ ആഗോളതലത്തിൽ തന്നെ പ്രധാന പോപ്‌കോൺ ഉത്പാദക രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറുമെന്ന പ്രതീക്ഷയും ശക്തമാണ്.
Story Summary:
India has launched its first high-quality non-GMO popcorn hybrid seeds, Krishna459 and Godavari234, reducing dependence on imported seeds. The new varieties are expected to benefit over 17,500 farmers and support India’s goal of eliminating popcorn imports by 2030.




