ജാഗ്വാറിന് ശേഷം പോർഷെ! ജർമ്മൻ ആഡംബര കാറുകൾക്ക് ‘ബുദ്ധി’ കൊടുക്കാൻ ടാറ്റ; ചരിത്രപരമായ മെഗാ കരാറുമായി ടിസിഎസ്

ജാഗ്വാറിന് ശേഷം പോർഷെ! ജർമ്മൻ ആഡംബര കാറുകൾക്ക് ‘ബുദ്ധി’ കൊടുക്കാൻ ടാറ്റ; ചരിത്രപരമായ മെഗാ കരാറുമായി ടിസിഎസ്

2008-ൽ ബ്രിട്ടീഷ് ആഡംബര ബ്രാൻഡായ ജാഗ്വാർ ലാൻഡ് റോവറിനെ സ്വന്തമാക്കി ലോകത്തെ ഞെട്ടിച്ച ടാറ്റ ഗ്രൂപ്പ്, വീണ്ടുമൊരു ചരിത്രപരമായ ആഗോള നീക്കത്തിന് തുടക്കമിടുന്നു. ഇത്തവണ പ്രശസ്ത ജർമ്മൻ സ്‌പോർട്‌സ് കാർ നിർമ്മാതാക്കളായ പോർഷേയ്ക്കാണ് ടാറ്റയുടെ സാങ്കേതിക വിദ്യ തണലാകുന്നത്. ടാറ്റ ഗ്രൂപ്പിന്റെ ഐടി പ്രമുഖരായ ടാറ്റ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്), പോർഷേയുടെ ഐടി സേവന-മാനേജ്‌മെന്റ് ഉപസ്ഥാപനമായ എം.എച്ച്.പി മാനേജ്‌മെന്റ് ഉണ്ഡ് ഐ.ടി-ബെറാടുംഗ് ജി.എം.ബി.എച്ച്ന്റെ 100 ശതമാനം ഓഹരികളും ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ചു.

ഏകദേശം 3,574 കോടി രൂപ (32 കോടി യൂറോ) മൂല്യം കണക്കാക്കുന്നതാണ് ഈ ഏറ്റെടുക്കൽ ഇടപാട്. പോർഷേയും ടിസിഎസും തമ്മിൽ ഒപ്പുവെച്ച 5 വർഷത്തെ സമഗ്രമായ സാങ്കേതിക പങ്കാളിത്തത്തിന്റെ ഭാഗമായാണ് ഈ നീക്കം. ആകെ 1.25 ബില്യൺ യൂറോ (ഏകദേശം 13,900 കോടിയിലധികം രൂപ) മൂല്യം വരുന്നതാണ് ഈ ആഗോള പങ്കാളിത്ത കരാർ. ടിസിഎസിന്റെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ ‘ടാറ്റ കൺസൾട്ടൻസി സർവീസസ് നെതർലാൻഡ്‌സ് ബിവി’ വഴിയാണ് ഈ ഏറ്റെടുക്കൽ നടപ്പിലാക്കുന്നത്. ആവശ്യമായ യൂറോപ്യൻ കമ്മീഷൻ, ജർമ്മനി, റൊമാനിയ തുടങ്ങിയ അധികാരികളുടെ അനുമതികൾക്ക് വിധേയമായി അടുത്ത 3 മുതൽ 4 മാസത്തിനുള്ളിൽ ഇടപാട് നടപടികൾ പൂർത്തിയാകും.

Also Read: പാകിസ്ഥാനിൽ തുർക്കിയുടെ അസാധാരണ സൈനിക നീക്കം; അതിർത്തി കാക്കാൻ ‘ബാസ് ബറ്റാലിയനുമായി’ ഇന്ത്യൻ പരുന്തുകൾ സജ്ജം!

ഈ സഹകരണത്തിന്റെ പ്രധാന ആകർഷണം പോർഷേയ്ക്കായി ടിസിഎസ് സ്ഥാപിക്കുന്ന പ്രത്യേക ‘എഐ മൊബിലിറ്റി സെന്റർ ഓഫ് എക്‌സലൻസ്’ ആണ്. വാഹന നിർമ്മാണം, എൻജിനീയറിങ്, ബിസിനസ് പ്രവർത്തനങ്ങൾ, ഉപഭോക്തൃ സേവനം എന്നീ മേഖലകളിലെല്ലാം നിർമിതബുദ്ധി ഫലപ്രദമായി പ്രയോജനപ്പെടുത്തുകയാണ് ഈ കേന്ദ്രത്തിലൂടെ ലക്ഷ്യമിടുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസും സോഫ്റ്റ്‌വെയറുകളും അധിഷ്ഠിതമായ ഭാവി വാഹന സാങ്കേതികവിദ്യ ഉപയോക്താക്കളിലേക്ക് വേഗത്തിൽ എത്തിക്കാൻ ഈ പങ്കാളിത്തം സഹായിക്കുമെന്ന് ടിസിഎസ് സിഇഒയും എംഡിയുമായ കെ. കൃതിവാസൻ വ്യക്തമാക്കി.

പോർഷേയുടെ ഓട്ടോമോട്ടീവ് രംഗത്തെ പാരമ്പര്യ മികവും ടിസിഎസിന്റെ ആഗോള ഡിജിറ്റൽ-എഐ ശേഷിയും ഒന്നിക്കുന്നതോടെ പ്രവർത്തനക്ഷമത വർധിപ്പിക്കാനും അന്താരാഷ്ട്ര വിപണിയിൽ കൂടുതൽ മത്സരക്ഷമത കൈവരിക്കാനും സാധിക്കുമെന്ന് പോർഷേ എജി സിഇഒ മൈക്കൽ ലെയ്‌റ്റേഴ്‌സ് പറഞ്ഞു. ജർമ്മനിയിലെ ലുഡ്വിഗ്‌സ്ബർഗ് ആസ്ഥാനമായി പ്രവർത്തിക്കുന്ന എംഎച്ച്പിക്ക് ഓട്ടോമോട്ടീവ്, മാനുഫാക്ചറിങ്, എയ്‌റോസ്‌പേസ് തുടങ്ങി നിരവധി മേഖലകളിൽ വിപുലമായ സേവന പരിചയമുണ്ട്. 4,500-ലധികം ജീവനക്കാരുള്ള എംഎച്ച്പിയെ സ്വന്തമാക്കുന്നതോടെ യൂറോപ്യൻ വ്യവസായ മേഖലയിലെ സാന്നിധ്യം കൂടുതൽ ഉറപ്പിക്കുകയാണ് ടാറ്റ ഗ്രൂപ്പ്.

See also  റഷ്യൻ മിസൈലുകൾക്ക് മുന്നിൽ പ്രതിരോധമില്ലാതെ യുക്രെയ്ൻ! തോൽക്കാൻ ഇനി ഏതാനും മാസങ്ങൾ മാത്രം; യുക്രെയ്ന്റെ ഭാവി തുറന്നുകാട്ടി മുൻ പ്രതിരോധ മന്ത്രി!

The post ജാഗ്വാറിന് ശേഷം പോർഷെ! ജർമ്മൻ ആഡംബര കാറുകൾക്ക് ‘ബുദ്ധി’ കൊടുക്കാൻ ടാറ്റ; ചരിത്രപരമായ മെഗാ കരാറുമായി ടിസിഎസ് appeared first on Express Kerala.

Spread the love
Scroll to Top