
ഹ്യൂമനോയ്ഡ് റോബോട്ടുകൾ മനുഷ്യ ജീവിതത്തെയും തൊഴിലിനെയും അടിമുടി മാറ്റിയെഴുതുമെന്ന ടെക് ലോകത്തിന്റെ അതിരുകടന്ന പ്രതീക്ഷകൾക്ക് തടയിട്ട് പ്രമുഖ ചൈനീസ് റോബോട്ടിക്സ് നിർമാതാക്കളായ ‘യൂണിട്രീ’യുടെ സി.ഇ.ഒ വാങ് സിങ്‌സിങ്. സമീപഭാവിയിലൊന്നും റോബോട്ടുകൾക്ക് മനുഷ്യരുടെ ജോലികൾ പൂർണമായി ഏറ്റെടുക്കാൻ കഴിയില്ലെന്നും ഇതിന് ചുരുങ്ങിയത് 5 മുതൽ 10 വർഷം വരെ സമയമെടുക്കുമെന്നും ബെയ്ജിങ്ങിൽ നടന്ന വേൾഡ് റോബോട്ട് കോൺഫറൻസിൽ സംസാരിക്കവേ അദ്ദേഹം തുറന്നുപറഞ്ഞു. ഹ്യൂമനോയ്ഡ് റോബോട്ടുകൾ ഉൽപ്പാദനക്ഷമത കൂട്ടുമെന്നും മനുഷ്യരെയെല്ലാം അതിസമ്പന്നരാക്കുമെന്നുമുള്ള ടെസ്‌ല തലവൻ ഇലോൺ മസ്‌ക് അടക്കമുള്ളവരുടെ വാദങ്ങൾക്കിടയിലാണ് യാഥാർഥ്യം വ്യക്തമാക്കുന്ന ഈ പ്രസ്താവന വന്നിരിക്കുന്നത്.
വീടുകളിലോ അപരിചിതമായ സാഹചര്യങ്ങളിലോ വെറും ശബ്ദസന്ദേശങ്ങളോ ടെക്സ്റ്റോ നൽകി 80 ശതമാനം ജോലികളും ചെയ്യിക്കാൻ പാകത്തിൽ റോബോട്ടുകളെ എത്തിക്കുക എന്നത് നിലവിലെ സാങ്കേതികവിദ്യയിൽ വലിയ വെല്ലുവിളിയാണ്. ഓരോ പുതിയ സാഹചര്യങ്ങളോടും പെട്ടെന്ന് പൊരുത്തപ്പെടാനുള്ള ശേഷി റോബോട്ടുകൾക്ക് ഇനിയും കൈവന്നിട്ടില്ല. റോബോട്ടിക്സ് വ്യവസായത്തിന്റെ വളർച്ചയെ പിന്നോട്ട് വലിക്കുന്ന പ്രധാന ഘടകവും ഈ പരിമിതി തന്നെയാണ്. നിലവിൽ മനുഷ്യരേക്കാൾ കാര്യക്ഷമത കുറഞ്ഞ രീതിയിലാണ് ഇവ പ്രവർത്തിക്കുന്നതെന്നും ഓരോ പുതിയ കാര്യത്തിനും റോബോട്ടുകൾക്ക് പ്രത്യേക പരിശീലനം നൽകേണ്ടതുണ്ടെന്നും സിങ്‌സിങ് ചൂണ്ടിക്കാട്ടി.
Also Read: ഇനി വാക്കുകൾക്ക് പകരം സ്വന്തം സ്റ്റിക്കറുകൾ സംസാരിക്കും; ചാറ്റ്ജിപിടിയിൽ പുതിയ ഫീച്ചറുമായി ഓപ്പൺഎഐ
സാമൂഹിക മാധ്യമങ്ങളിൽ വൈറലായ അഭ്യാസ പ്രകടനങ്ങളിലൂടെയും ചടുലമായ ചലനങ്ങളിലൂടെയും ശ്രദ്ധനേടിയ യൂണിട്രീ, റോബോട്ടിക്സ് രംഗത്ത് യു.എസിലെ ടെസ്‌ലയ്ക്ക് പോലും വൻ ഭീഷണിയായാണ് വിലയിരുത്തപ്പെടുന്നത്. നിർമ്മിത ബുദ്ധി (AI) ഉപയോഗിച്ച് മനുഷ്യസഹായത്തോടെ റോബോട്ടുകളുടെ ചലനങ്ങളുടെ കൃത്യത മെച്ചപ്പെടുത്തുന്ന നിയന്ത്രണ സംവിധാനമാണ് കമ്പനി വികസിപ്പിക്കുന്നത്. എന്നിരുന്നാലും, നിർണായക നിമിഷങ്ങളിൽ റോബോട്ടുകൾക്ക് പിഴവുകൾ സംഭവിക്കാനുള്ള സാധ്യത ഇപ്പോഴും നിലനിൽക്കുന്നുണ്ട്. സാങ്കേതികവിദ്യ എത്രത്തോളം വളർന്നാലും മനുഷ്യന്റെ സൂക്ഷ്മമായ യുക്തിക്കും പൊരുത്തപ്പെടൽ ശേഷിക്കും പകരം വെക്കാൻ റോബോട്ടുകൾക്ക് ഇനിയും ഏറെ ദൂരം സഞ്ചരിക്കേണ്ടതുണ്ടെന്നാണ് പ്രമുഖ ശാസ്ത്രജ്ഞന്റെ ഈ തുറന്നുപറച്ചിൽ വ്യക്തമാക്കുന്നത്.
The post ഇലോൺ മസ്‌കിന് തിരിച്ചടി; മനുഷ്യരുടെ ജോലി തട്ടിയെടുക്കാൻ റോബോട്ടുകൾക്ക് ഇനിയും 10 വർഷം വേണം! തുറന്നടിച്ച് ചൈനീസ് ടെക് ഭീമൻ appeared first on Express Kerala.




