
യുവതാരം അർജുൻ അശോകന്റെ ജന്മദിനത്തോടനുബന്ധിച്ച് സിനിമാ പ്രേമികൾക്ക് ആവേശം പകർന്ന് പുതിയ ചിത്രം ‘മെൽകൗ പോണ്ടിച്ചേരി’യുടെ ആദ്യ ടീസർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. ആദ്യാവസാനം ചിരിയും ത്രില്ലും നിറഞ്ഞ ഒരു യങ് ആന്റ് വൈബ്രന്റ് ഫൺ റൈഡ് ആയിരിക്കും ചിത്രമെന്ന വ്യക്തമായ സൂചനയാണ് ഇപ്പോൾ പുറത്തെത്തിയിരിക്കുന്ന ടീസർ നൽകുന്നത്.
കേരളത്തിൽ നിന്ന് പോണ്ടിച്ചേരിയിലേക്ക് യാത്ര തിരിക്കുന്ന ഒരു കൂട്ടം സുഹൃത്തുക്കളുടെ ജീവിതത്തിൽ അരങ്ങേറുന്ന രസകരവും അപ്രതീക്ഷിതവുമായ സംഭവവികാസങ്ങളാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം. നേരത്തെ ചിങ്ങം ഒന്നിന് പുറത്തിറങ്ങിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും സോഷ്യൽ മീഡിയയിൽ വലിയ ശ്രദ്ധ നേടിയിരുന്നു. പ്രേക്ഷകർക്ക് ഗംഭീര വിനോദം സമ്മാനിക്കുന്ന ചിത്രത്തിൽ അർജുൻ അശോകനൊപ്പം ബാലു വർഗീസ്, അൽതാഫ് സലിം, ശരത് സഭ, പ്രശസ്ത തമിഴ് താരം മൊട്ട രാജേന്ദ്രൻ എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.
Also Read: എച്ച്ബിഒയുടെ ഹാരി പോട്ടർ സീരീസിൽ ഗിൽഡെറോയ് ലോക്ക്ഹാർട്ടായി കിറ്റ് ഹാരിംഗ്ടൺ എത്തുമ്പോൾ!
നിഖിൽ മോഹൻ കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രം അരുൺ ഗോപി എക്സൈറ്റ്മെന്റ്സ്, ജസ്റ്റിൻ ആൻഡ് മാത്യു എന്റർടെയിൻമെന്റ്സ് എന്നിവയുടെ ബാനറിൽ അരുൺ ഗോപിയും ജസ്റ്റിൻ മാത്യുവും ചേർന്നാണ് നിർമ്മിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് സനൂപ് തൈക്കുടം ആണ്. തിരക്കഥാകൃത്ത് എന്നതിന് പുറമെ ഒരു പ്രാധാന്യമുള്ള കഥാപാത്രമായും അദ്ദേഹം അഭിനയിക്കുന്നുണ്ട്. പുതുമുഖ താരം ശ്രീലക്ഷ്മി വിജയൻ നായികയാകുന്ന ചിത്രത്തിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ അന്നാമ്മയും ശ്രദ്ധേയമായ വേഷത്തിൽ എത്തുന്നു.
ഗുഡ് വിൽ എന്റർടെയ്ൻമെന്റ്സ് ചിത്രം ഉടൻ കേരളത്തിലെ തിയേറ്ററുകളിലെത്തിക്കും. ദി പ്ലോട്ട് പിക്ചേഴ്സ് ആണ് ചിത്രത്തിന്റെ ഓവർസീസ് വിതരണാവകാശം സ്വന്തമാക്കിയത്. സനീഷ് സ്റ്റാൻലി ഛായാഗ്രഹണവും ഇലക്ട്രോണിക് കിളി സംഗീത സംവിധാനവും സാഗർ ദാസ് എഡിറ്റിംഗും നിർവഹിക്കുന്നു. സുനന്ദ ഫിലിപ്പ് ജസ്റ്റിൻ, സൗമ്യ ജോൺ അരുൺ എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്.
The post അർജുൻ അശോകന് പിറന്നാൾ സമ്മാനമായി ‘മെൽകൗ പോണ്ടിച്ചേരി’; യൗവനത്തിന്റെ ആഘോഷവുമായി ആവേശകരമായ ആദ്യ ടീസർ പുറത്ത് appeared first on Express Kerala.




