വാഷിങ്ടൻ: ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ മകൻ യെയിറിനെ ലക്ഷ്യമിട്ട് ഇറാനിയൻ ഏജന്റുമാർ വധശ്രമം നടത്തിയതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസമാണ് തന്റെ മകനുനേരെ ഇറാൻ വധശ്രമം നടത്തിയെന്ന് നെതന്യാഹു വെളിപ്പെടുത്തിയത്. എന്നാൽ ഏത് മകനാണെന്നോ സംഭവത്തിന്റെ മറ്റ് വിശദാംശങ്ങളോ അദ്ദേഹം പുറത്തുവിട്ടിരുന്നില്ല. നെതന്യാഹുവിന് രണ്ട് ആൺമക്കളും ഒരു മകളുമാണുള്ളത്. 2025 ഡിസംബറിൽ നടന്ന സംഭവത്തിൽ ലക്ഷ്യമിട്ടത് 35കാരനായ യെയിറാണെന്ന് ഒരു യുഎസ് മാധ്യമമാണ് റിപ്പോർട്ട് ചെയ്തത്.
ഫ്ലോറിഡയിൽ താമസിച്ചിരുന്ന യെയിറിന്റെ നീക്കങ്ങൾ നിരീക്ഷിക്കാൻ ഇറാനിയൻ ഏജന്റുമാർ മിയാമിയിൽ ഉണ്ടായിരുന്നെന്നാണ് റിപ്പോർട്ട്. അപകടസാധ്യത കണക്കിലെടുത്ത് എത്രയും വേഗം ഇസ്രയേലിലേക്ക് മടങ്ങാൻ യെയിറിന് നിർദേശം ലഭിച്ചതായും വിവരമുണ്ട്. അറിയിപ്പ് ലഭിച്ചതിന് പിന്നാലെ സാധനങ്ങൾ പോലും എടുക്കാതെ വളരെ വേഗം യെയിർ ഇസ്രയേലിലേക്ക് മടങ്ങിയതായാണ് റിപ്പോർട്ട്.
ALSO READ;‘ബാരൻ ട്രംപിനെ എവിടെയും വച്ച് കൊല്ലാം’! ഇറാൻ മാധ്യമത്തിന്റെ ഭീഷണി വീഡിയോ, അന്വേഷണം തുടങ്ങി സീക്രട്ട് സർവീസ്
2023 ഒക്ടോബർ ഏഴിന് യുദ്ധം ആരംഭിച്ചതിന് പിന്നാലെ നെതന്യാഹുവിന്റെ മകൻ വിദേശത്ത് താമസിക്കുന്നതിനെതിരെ വിമർശനം ഉയർന്നിരുന്നു. ലക്ഷക്കണക്കിന് സൈനികരും സാധാരണക്കാരും യുദ്ധത്തിന്റെ ഭാഗമായി ജീവൻ പണയം വയ്ക്കുമ്പോൾ പ്രധാനമന്ത്രിയുടെ മകൻ എന്തിനാണ് വിദേശത്ത് കഴിയുന്നതെന്നായിരുന്നു വിമർശനം. അതേസമയം, ആക്രമണ സാധ്യത കണക്കിലെടുത്ത് ജൂലൈയിൽ നെതന്യാഹുവിന്റെ കുടുംബത്തിന് പ്രത്യേക സുരക്ഷ ഏർപ്പെടുത്തിയിരുന്നു.
യെയിറിനെ ലക്ഷ്യമിട്ടതായി പറയപ്പെടുന്ന സംഭവത്തിന്റെ കൂടുതൽ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല. എന്നാൽ ഇറാനുമായുള്ള സംഘർഷം തുടരുന്നതിനിടെ നെതന്യാഹുവിന്റെ കുടുംബത്തിനുനേരെയും സുരക്ഷാ ഭീഷണി ഉയരുന്നുവെന്ന റിപ്പോർട്ടുകൾ സംഭവം വീണ്ടും ശ്രദ്ധാകേന്ദ്രമാക്കുകയാണ്.
The post അല്പമൊന്ന് ഭയന്നു…! ഇറാന്റെ വലയിൽ നെതന്യാഹുവിന്റെ മകൻ; രക്ഷപ്പെട്ടത് തലനാരിഴയ്ക്കെന്ന് റിപ്പോർട്ട് appeared first on Express Kerala.




