
തിരുവനന്തപുരം: വർക്കല മുത്താനയിൽ തിരുവോണ ദിനത്തിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി (Varkala murder). മുത്താന സ്വദേശി പ്രൈജു എന്നറിയപ്പെടുന്ന പ്രിജു (32) ആണ് മരിച്ചത്. വർക്കല–കല്ലമ്പലം അതിർത്തി പ്രദേശത്താണ് സംഭവം. ഇന്ന് വൈകിട്ട് അഞ്ചുമണിയോടെയാണ് കൊലപാതകം നടന്നത്. മുത്താന കൊച്ചാരുംപൊയ്ക പ്രദേശത്ത് സുഹൃത്തുക്കൾക്കൊപ്പം മദ്യപിച്ചിരിക്കുകയായിരുന്ന പ്രിജുവിന്റെ അടുത്തേക്ക് അഞ്ചംഗ സംഘം എത്തുകയായിരുന്നു. തുടർന്ന് ഉണ്ടായ വാക്കേറ്റം അടിപിടിയിലേക്ക് നീങ്ങുകയും അതിനിടെയാണ് കത്തിക്കുത്തുണ്ടായതെന്നും പൊലീസ് അറിയിച്ചു.
ഗൗരികൃഷ്ണൻ, അമ്പാടി എന്നിവരടങ്ങുന്ന സംഘമാണ് സ്ഥലത്തെത്തിയതെന്നാണ് പ്രാഥമിക വിവരം. സംഘർഷത്തിനിടെ ഗൗരികൃഷ്ണൻ കൈവശം കരുതിയിരുന്ന കത്തി ഉപയോഗിച്ച് പ്രിജുവിനെ ആക്രമിക്കുകയായിരുന്നു. പ്രിജുവിന്റെ നെഞ്ചിൽ രണ്ട് കുത്തും പിൻഭാഗത്ത് ഒരു കുത്തുമേറ്റതായി പൊലീസ് വ്യക്തമാക്കി. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തെ തുടർന്ന് വർക്കല, കല്ലമ്പലം, അയിരൂർ, പള്ളിക്കൽ പൊലീസ് സ്റ്റേഷനുകളിൽ നിന്നുള്ള ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വർക്കല ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. പ്രതികൾക്കായുള്ള തിരച്ചിൽ ശക്തമാക്കിയതായി പൊലീസ് അറിയിച്ചു.
Story Summary (English)
A 32-year-old man was stabbed to death in Varkala, Thiruvananthapuram, on Thiruvonam day following a drunken altercation. Police have launched an investigation and intensified the search for the accused.




