
മഴയെ തുടർന്ന് ഏഴ് ഓവറായി വെട്ടിച്ചുരുക്കിയ കേരള ക്രിക്കറ്റ് ലീഗ് മത്സരത്തിൽ കൊച്ചി ബ്ലൂ ടൈഗേഴ്സിനെതിരെ ആലപ്പി റിപ്പിൾസിന് തകർപ്പൻ വിജയം. 74 റൺസിന്റെ കൂറ്റൻ വിജയമാണ് ആലപ്പി സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാൻ ഇറങ്ങിയ ആലപ്പി റിപ്പിൾസ് നിശ്ചിത ഏഴ് ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 125 റൺസ് എന്ന അതിശയിപ്പിക്കുന്ന സ്കോറാണ് പടുത്തുയർത്തിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ കൊച്ചി ബ്ലൂ ടൈഗേഴ്സിന് ആലപ്പി ബൗളർമാരുടെ ആക്രമണത്തിന് മുന്നിൽ പിടിച്ചുനിൽക്കാനായില്ല. ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 51 റൺസ് നേടാനേ കൊച്ചിക്കായുള്ളൂ. ബാറ്റിംഗിലും ബൗളിംഗിലും ഒരുപോലെ തിളങ്ങിയ സിബിൻ ഗിരീഷാണ് മാൻ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ടത്.
ആലപ്പിയുടെ തുടക്കം മുതൽ തന്നെ വെടിക്കെട്ട് ബാറ്റിംഗിനാണ് കാര്യവട്ടം സാക്ഷ്യം വഹിച്ചത്. ഓപ്പണർമാരായ മുഹമ്മദ് അസറുദ്ദീനും ആകാശ് പിള്ളയും ചേർന്ന് കൊച്ചി ബൗളർമാരെ കടന്നാക്രമിച്ചു. ആകാശ് പിള്ള 13 പന്തിൽ 28 റൺസ് നേടി പുറത്തായപ്പോൾ, മറുവശത്ത് തകർത്തടിച്ച അസറുദ്ദീൻ 21 പന്തിൽ അർദ്ധ സെഞ്ച്വറി തികച്ചു. എന്നാൽ ഇന്നിങ്സിന്റെ അവസാന ഓവറിലാണ് യഥാർത്ഥ അത്ഭുതം കണ്ടത്. മുഹമ്മദ് ആഷിഖ് എറിഞ്ഞ അവസാന ഓവറിൽ അഞ്ച് പന്തുകളും സിക്സർ പറത്തിയ സിബിൻ ഗിരീഷ്, വെറും എട്ട് പന്തുകളിൽ നിന്ന് ആറ് സിക്സറുകൾ സഹിതം 37 റൺസുമായി പുറത്താകാതെ നിന്നു. അസറുദ്ദീൻ 54 റൺസും നേടി മികച്ച പിന്തുണ നൽകിയതോടെ ആലപ്പിയുടെ സ്കോർ ഹിമാലയൻ ഉയരത്തിലെത്തി.
Also Read: ക്രിക്കറ്റ് ലോകത്ത് വിപ്ലവം സൃഷ്ടിക്കാൻ അനയ ബംഗാർ; ഓസ്ട്രേലിയൻ വനിതാ ക്രിക്കറ്റിൽ കളിക്കാൻ ചരിത്രപരമായ അനുമതി!
മറുപടി ബാറ്റിംഗിൽ കൊച്ചി ബാറ്റിംഗ് നിര പൂർണ്ണമായി തകർന്നു തരിപ്പണമായി. ആദ്യ പന്തിൽ തന്നെ വിനൂപ് മനോഹരനെ നഷ്ടപ്പെട്ട കൊച്ചിയ്ക്ക് സ്കോർ ബോർഡിൽ ഒരു റൺസ് ചേരുന്നതിനിടെ നാല് വിക്കറ്റുകളാണ് നഷ്ടമായത്. ടീമിലെ ആറ് ബാറ്റർമാർക്ക് അക്കൗണ്ട് തുറക്കാൻ പോലും സാധിച്ചില്ല. ഇതിൽ മൂന്ന് പേർ നേരിട്ട ആദ്യ പന്തിൽ തന്നെ പുറത്താവുകയായിരുന്നു. 22 റൺസെടുത്ത മനുകൃഷ്ണൻ മാത്രമാണ് കൊച്ചി നിരയിൽ രണ്ടക്കം കടന്നത്. ആലപ്പിക്കായി അഖിൽ ദേവ് നാല് വിക്കറ്റും സിബിൻ ഗിരീഷ് മൂന്ന് വിക്കറ്റും അഭിജിത് പ്രവീൺ രണ്ട് വിക്കറ്റും വീഴ്ത്തി കൊച്ചിയുടെ ബാറ്റിംഗ് നിരയെ എറിഞ്ഞിട്ടു.
The post മഴ ചുരുക്കിയ മത്സരത്തിൽ കൊച്ചി ബ്ലൂടൈഗേഴ്സിനെ തകർത്തെറിഞ്ഞ് ആലപ്പി റിപ്പിൾസ്; 74 റൺസിന്റെ കൂറ്റൻ ജയം appeared first on Express Kerala.




