
പത്തനംതിട്ട: തിരുവോണ ദിനത്തിൽ മദ്യലഹരിയിൽ വാഹനമോടിച്ച് അപകടമുണ്ടാക്കിയ സംഭവത്തിൽ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പത്തനംതിട്ട നഗരമധ്യത്തിലെ അബാൻ ജംഗ്ഷന് സമീപം വാഗണർ കാർ നിയന്ത്രണം വിട്ട് പത്ത് പേരെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അപകടത്തിൽ റിട്ടയേഡ് ഫയർഫോഴ്സ് ഉദ്യോഗസ്ഥനായ വലഞ്ചുഴി സ്വദേശി അബൂബക്കർ (72) ഉൾപ്പെടെ രണ്ട് പേർ മരിക്കുകയും പത്ത് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. (Pathanamthitta drunk driving)
ബുധനാഴ്ച വൈകിട്ട് 6.45ഓടെയായിരുന്നു അപകടം. നിയന്ത്രണം വിട്ട കാർ മറ്റ് രണ്ട് വാഹനങ്ങളിലും ഇടിച്ച് കേടുപാടുകൾ വരുത്തിയ ശേഷമാണ് റോഡിലുണ്ടായിരുന്നവരെ ഇടിച്ചത്. സംഭവത്തിന് പിന്നാലെ വാഹനം ഓടിച്ചിരുന്ന പത്തനംതിട്ട പുത്തൻപീടിക സ്വദേശിയായ ജിനു ബാബു (48), ഒപ്പമുണ്ടായിരുന്ന ഓമല്ലൂർ സ്വദേശി വിശ്വജിത്ത് (24) എന്നിവരെ പരിക്കുകളോടെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് പൊലീസ് ഇരുവരെയും കസ്റ്റഡിയിലെടുത്തു.
അപകടത്തിൽ പരിക്കേറ്റ അഞ്ച് ഇതര സംസ്ഥാന തൊഴിലാളികളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം. വിജയ് മണ്ഡൽ (18), അഷ്‌കുൽ (19), പശ്ചിമ ബംഗാൾ സ്വദേശി അങ്കിത് (22), അസം സ്വദേശി ആന്റണീസ് മിഞ്ച്, പശ്ചിമ ബംഗാൾ സ്വദേശി സഞ്ജിത്ത് (18) എന്നിവരെയാണ് പ്രാഥമിക ചികിത്സയ്ക്ക് ശേഷം കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്.
നിസാര പരിക്കേറ്റ രൂപേഷ് (25), ജനേഷ് (26), സൂര്യ (21), സുജൻ (30) എന്നിവർ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. അപകടത്തിൽ മരിച്ച മറ്റൊരാളുടെ വിവരങ്ങൾ പൊലീസ് സ്ഥിരീകരിച്ചുവരികയാണ്. മദ്യപിച്ച് വാഹനമോടിച്ചതിനും കുറ്റകരമായ നരഹത്യ ഉൾപ്പെടെയുള്ള ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് പ്രതികൾക്കെതിരെ പൊലീസ് കേസെടുത്തത്. ഇരുവരെയും റിമാൻഡ് അപേക്ഷയോടെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.
Summary: Two people were taken into custody after a car allegedly driven under the influence of alcohol hit 10 people in Pathanamthitta on Thiruvonam day. The accident resulted in two deaths and left several people injured, including migrant workers.




