വടക്കഞ്ചേരി – മണ്ണുത്തി ദേശീയപാതയിൽ കാർ പാഞ്ഞുകയറി ബസ് കാത്തുനിന്ന ഒരാൾക്ക് ദാരുണാന്ത്യം. ഭാര്യയടക്കം മൂന്നുപേർക്ക് ഗുരുതര പരിക്ക്. അപകടം ഞായറാഴ്ച പുലർച്ചെ. 22കാരനായ ഡ്രൈവറെ കസ്റ്റഡിയിലെടുത്ത് പോലീസ്
🌐 Select your Language:
Current: മലയാളം
Current: മലയാളം

തൃശൂർ: വടക്കഞ്ചേരി – മണ്ണുത്തി ദേശീയപാതയിൽ വാണിയംപാറയിൽ നിയന്ത്രണം വിട്ട കാർ ബസ് കാത്തുനിന്ന കാൽനടയാത്രക്കാരിലേക്ക് പാഞ്ഞുകയറി ഒരാൾ മരിച്ചു. മൂന്നുപേർക്ക് ഗുരുതരമായി പരിക്കേറ്റു.
വാണിയംപാറ പൊട്ടിമട സ്വദേശി അബ്ദുൽ റസാഖ് ആണ് ദാരുണമായി മരണപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന ഇയാളുടെ ഭാര്യ ഷക്കീല, വാണിയംപാറ സ്വദേശികളായ പ്രദീപ്, മണികണ്ഠൻ എന്നിവർക്കാണ് പരിക്കേറ്റത്.
ഞായറാഴ്ച പുലർച്ചെ ആറുമണിയോടെയായിരുന്നു നാടിനെ നടുക്കിയ അപകടം. വാണിയംപാറ ബസ് സ്റ്റോപ്പിൽ ബസ് കാത്തുനിൽക്കുകയായിരുന്ന ആളുകളിലേക്ക് തൃശൂർ ഭാഗത്തേക്ക് അമിതവേഗതയിൽ പോകുകയായിരുന്ന കാർ അപ്രതീക്ഷിതമായി നിയന്ത്രണം തെറ്റി പാഞ്ഞുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ നാലുപേരും റോഡിലേക്ക് തെറിച്ചുവീണു.
അപകടം നടന്നയുടൻ ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് ചോരയിൽ കുളിച്ചുകിടന്ന നാലുപേരെയും ഉടൻതന്നെ ഇരട്ടക്കുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റ അബ്ദുൽ റസാഖിന്റെ ജീവൻ രക്ഷിക്കാനായില്ല.
പരിക്കേറ്റ മറ്റ് മൂന്നുപേരും ചികിത്സയിൽ തുടരുകയാണ്. അപകടത്തിനിടയാക്കിയ കാറോടിച്ച തൃശൂർ സ്വദേശിയായ ഇരുപത്തിരണ്ടുകാരൻ അമലിനെ വടക്കഞ്ചേരി പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Get more updates from Pudukad News on Google




