പുഞ്ചകൃഷിക്കൊരുങ്ങി നെൽകർഷകർ. ഒക്ടോബർ രണ്ടാം വാരത്തോടെ വിത ആരംഭിക്കാൻ തക്കവണ്ണം വലിയ പാടശേഖരങ്ങളിൽ മോട്ടോറുകൾ സ്ഥാപിച്ച് വെള്ളം വറ്റിക്കുന്ന ജോലികൾക്ക് തുടക്കമായി. ഗുണമേന്മയുള്ള വിത്തുകളുടെ ലഭ്യതയെക്കുറിച്ചുള്ള ആശങ്കയിൽ കർഷകർ. മുൻ വർഷങ്ങളിൽ വിത്ത് വിതരണം വൈകിയതും ഗുണനിലവാരമില്ലാത്ത വിത്തുകൾ ലഭിച്ചതും പ്രതിസന്ധി സൃഷിച്ചിരുന്നു.പുഞ്ചകൃഷിയിൽ സംഭരണത്തിലും തുക വിതരണത്തിലും യാതൊരു തടസവും ഉണ്ടാകില്ലെന്ന് യു.ഡി.എഫ് സർക്കാരിൻ്റെ ഉറപ്പ്
Current: മലയാളം

കോട്ടയം: നെൽകർഷകർ പുഞ്ചകൃഷിക്കായുള്ള ഒരുക്കങ്ങൾ ആരംഭിച്ചു.
ഒക്ടോബർ രണ്ടാം വാരത്തോടെ വിത ആരംഭിക്കാൻ തക്കവണ്ണം വലിയ പാടശേഖരങ്ങളിൽ മോട്ടോറുകൾ സ്ഥാപിച്ച് വെള്ളം വറ്റിക്കുന്ന ജോലികൾ പുരോഗമിക്കുകയാണ്.
എന്നാൽ കൃഷിപ്പണികളിലേക്ക് കടക്കുമ്പോഴും ഗുണമേന്മയുള്ള വിത്തുകളുടെ ലഭ്യതയെക്കുറിച്ചുള്ള ആശങ്ക നിലനിൽക്കുന്നുണ്ട്.
ഒക്ടോബർ ആദ്യവാരമെങ്കിലും വിത്ത് ലഭ്യമാക്കണമെന്നാണ് കർഷകരുടെ പ്രധാന ആവശ്യം.
മുൻ വർഷങ്ങളിൽ വിത്ത് വൈകിയതും ഗുണനിലവാരമില്ലാത്ത വിത്തുകൾ ലഭിച്ചതും കർഷകർക്ക് വൻ തിരിച്ചടിയായിരുന്നു.
വിരിപ്പു കൃഷിയിലെ പ്രളയക്കെടുതി ഒരു മാസം മുൻപുണ്ടായ പ്രളയത്തിൽ വിരിപ്പുകൃഷി പൂർണമായി നശിച്ചതിന്റെ ആഘാതത്തിലാണ് ഭൂരിഭാഗം കർഷകരും.
30 മുതൽ 40 ദിവസം വരെ പ്രായമായ നെൽച്ചെടികളാണ് പാടങ്ങളിൽ വെള്ളം കയറി നശിച്ചത്.
മികച്ച വിളവ് പ്രതീക്ഷിച്ചിരുന്ന സ്ഥാനത്താണ് അപ്രതീക്ഷിത വെള്ളപ്പൊക്കം കർഷകരുടെ പ്രതീക്ഷകൾ തകർത്തത്.
ഹെക്ടറിന് പരമാവധി 13,500 രൂപ മാത്രമാണ് നിലവിൽ സർക്കാർ നഷ്ടപരിഹാരമായി ലഭിക്കുക.
എന്നാൽ ഇതുവരെ ഉണ്ടായ കൃഷി ചെലവ് ഇതിന്റെ മൂന്നിരട്ടിയിലധികമാണെന്ന് കർഷകർ ചൂണ്ടിക്കാണിക്കുന്നു. കൃഷിഭവൻ നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ലഭിക്കേണ്ട ഈ തുക എപ്പോൾ കിട്ടുമെന്ന കാര്യത്തിലും വ്യക്തതയില്ല.
പണ്ടൊക്കെ നെല്ല് നൽകി ദിവസങ്ങൾക്കകം തുക ലഭിച്ചിരുന്ന സ്ഥാനത്ത്, കഴിഞ്ഞ കുറച്ചുകാലമായി തുക ലഭിക്കാൻ ആറു മാസം വരെ കാത്തിരിക്കേണ്ടി വരുന്ന സാഹചര്യമുണ്ടായി.
ഇത് പലരെയും കൃഷി ഉപേക്ഷിക്കാൻ പോലും പ്രേരിപ്പിച്ചിരുന്നു. എന്നാൽ വരുന്ന പുഞ്ചകൃഷിയിൽ സംഭരണത്തിലും തുക വിതരണത്തിലും യാതൊരു തടസ്സവും ഉണ്ടാകില്ലെന്ന ഉറപ്പാണ് കർഷകർക്ക് ഇപ്പോൾ ലഭിച്ചിരിക്കുന്നത്.
ഈ ഉറപ്പിലാണ് കർഷകർ വീണ്ടും പ്രതീക്ഷയോടെ പാടത്തിറങ്ങുന്നത്




