ഹിമാലയം ഉരുകുന്നത് 65 ശതമാനം വേഗത്തിൽ. ഇന്ത്യയിലെ പ്രകൃതിദുരന്തങ്ങളിൽ 35 ശതമാനവും ഹിമാലയൻ മേഖലയിൽ. നൂറ്റാണ്ടിന്റെ മധ്യത്തോടെ ജലലഭ്യത കുറയും: ഇന്ത്യയെ നടുക്കി പുതിയ പഠന റിപ്പോർട്ട്
Current: മലയാളം

ന്യൂഡൽഹി: കാലാവസ്ഥാ വ്യതിയാനവും ആഗോളതാപനവും മൂലം ഹിമാലയൻ മഞ്ഞുമലകൾ അതിവേഗം ഉരുകിത്തീരുന്നതായും മേഖല വൻ പാരിസ്ഥിതിക തകർച്ചയുടെയും ദുരന്തങ്ങളുടെയും വക്കിലാണെന്നും മുന്നറിയിപ്പ് നൽകി പുതിയ ശാസ്ത്രീയ പഠന റിപ്പോർട്ട്.
ഒരു പതിറ്റാണ്ട് മുൻപുണ്ടായിരുന്നതിനേക്കാൾ 65 ശതമാനം അധിക വേഗതയിലാണ് ഇപ്പോൾ ഹിമാലയത്തിലെ ഗ്ലേസിയറുകൾ ഉരുകി ഒലിക്കുന്നത്.
നേപ്പാളിലും ടിബറ്റിലും 1,300-ലധികം മനുഷ്യരുടെ ജീവനെടുത്ത സമീപകാല പ്രളയക്കെടുതികളുടെ പശ്ചാത്തലത്തിൽ, ആഗോള കൺസൾട്ടൻസി സ്ഥാപനമായ സിസ്റ്റമിക്, ഇന്റഗ്രേറ്റഡ് മൗണ്ടൻ ഇനിഷ്യേറ്റീവ്, ഇന്റർനാഷണൽ സെന്റർ ഫോർ ഇന്റഗ്രേറ്റഡ് മൗണ്ടൻ ഡെവലപ്മെന്റ് , ജി.ബി. പന്ത് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹിമാലയൻ എൻവയോൺമെന്റ് എന്നിവ സംയുക്തമായി തയ്യാറാക്കിയ പഠന റിപ്പോർട്ടിലാണ് ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്.
ഹിമാലയം-കാറക്കോറം പർവ്വതനിരകളിലായി ഏകദേശം 40,000 ഗ്ലേസിയറുകൾ ഉണ്ടെന്നാണ് കണക്കാക്കുന്നത്. എന്നാൽ, ഇതിൽ കേവലം 21 മഞ്ഞുമലകൾ മാത്രമാണ് കൃത്യമായും ശാസ്ത്രീയമായും തുടർച്ചയായ നിരീക്ഷണങ്ങൾക്ക് വിധേയമാകുന്നത്. ബാക്കി പതിനായിരക്കണക്കിന് ഗ്ലേസിയറുകളുടെ മാറ്റങ്ങൾ അറിയാൻ നിലവിൽ വ്യക്തമായ സംവിധാനങ്ങളില്ല.
മഞ്ഞുമലകൾ അതിവേഗം ഉരുകി ഉൾവലിയുമ്പോൾ, ദുർബലമായ പാറക്കൂട്ടങ്ങളും ഐസും കൊണ്ട് ചുറ്റപ്പെട്ട അപകടകരമായ ഹിമതടാകങ്ങൾ രൂപപ്പെടുന്നു. ഇതോടൊപ്പം ഭൂമിക്കടിയിലെ മഞ്ഞുപാളികൾ ഉരുകുന്നത് മലനിരകളുടെ ഘടനയെ തന്നെ ദുർബലമാക്കുന്നുണ്ട്. ഇത് തുടർച്ചയായ പ്രകൃതിദുരന്തങ്ങൾക്ക് വഴിവെക്കുന്നു.
ഇന്ത്യയുടെ ഭൂവിസ്തൃതിയുടെ 18%, എന്നാൽ ദുരന്തങ്ങളിൽ 35%
ഇന്ത്യയുടെ ആകെ ഭൂവിസ്തൃതിയുടെ 18 ശതമാനത്തോളം മാത്രമാണ് ഹിമാലയൻ മേഖല വരുന്നത്. എന്നാൽ, രാജ്യത്തുണ്ടാകുന്ന ആകെ പ്രകൃതിദുരന്തങ്ങളിൽ 35 ശതമാനവും സംഭവിക്കുന്നത് ഈ പ്രദേശത്താണെന്ന് റിപ്പോർട്ട് അടിവരയിടുന്നു.
മേഖലയിലെ 56 ഹിമതടാകങ്ങൾ ഏത് നിമിഷവും പൊട്ടിത്തെറിക്കാൻ സാധ്യതയുള്ള ‘അതീവ അപകടസാധ്യത’ ഉള്ളവയാണ്. 10 ഹെക്ടറിലധികം വിസ്തീർണ്ണമുള്ള 2,485 ഹിമതടാകങ്ങളെ ഇന്ത്യയിലെ സെൻട്രൽ വാട്ടർ കമ്മീഷൻ നിലവിൽ നിരീക്ഷിക്കുന്നുണ്ട്.
2023-ൽ സിക്കിമിൽ ഹിമതടാകം പൊട്ടിത്തെറിച്ച് 70 പേർ കൊല്ലപ്പെടുകയും ജലവൈദ്യുത പദ്ധതികളും റോഡുകളും തകരുകയും ചെയ്തിരുന്നു. 2021-ൽ ഉത്തരാഖണ്ഡിലുണ്ടായ വൻ മിന്നൽപ്രളയത്തിൽ 200-ലധികം ആളുകൾക്കാണ് ജീവൻ നഷ്ടമായത്.
ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ ഹിമാലയത്തിലെ ജലസ്രോതസ്സുകളുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു. രാജ്യത്തിന്റെ ആകെ മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിന്റെ 20 ശതമാനത്തോളം ഹിമാലയത്തിൽ നിന്ന് ഉത്ഭവിക്കുന്ന നദികളെ ആശ്രയിച്ചാണ് നിലനിൽക്കുന്നത്.
വടക്കേ ഇന്ത്യയിലെ ഗോതമ്പ്, നെല്ല്, തേയില ഉൽപ്പാദനം, ജലവൈദ്യുത പദ്ധതികൾ, തീർത്ഥാടന-ടൂറിസം മേഖല എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു. എന്നാൽ, ഈ സാമ്പത്തിക മൂല്യത്തിന്റെ 5 ശതമാനം മാത്രമാണ് ഹിമാലയൻ സംസ്ഥാനങ്ങൾക്ക് ലഭിക്കുന്നത്.
ഹിമാലയൻ നദീതടങ്ങളിലെ ജലപ്രവാഹം ഈ നൂറ്റാണ്ടിന്റെ മധ്യത്തോടെ (2050-ഓടെ) ഏറ്റവും ഉയർന്ന നിരക്കിലെത്തുന്ന ‘പീക്ക് വാട്ടർ’ ഘട്ടത്തിൽ എത്തും. അതിനുശേഷം മഞ്ഞുമലകൾ ഇല്ലാതാകുന്നതോടെ നദികളിലെ ജലലഭ്യത കുത്തനെ ഇടിയുമെന്നും ഇത് ദക്ഷിണേഷ്യയെ മുഴുവൻ കടുത്ത ജലക്ഷാമത്തിലേക്ക് തള്ളിവിടുമെന്നും ഇസിമോഡ് മുന്നറിയിപ്പ് നൽകുന്നു.




