അമേരിക്കയിൽ ഇന്ത്യൻ യൂട്യൂബറുടെ ഫോൺ മോഷണം പോയി; മിനിറ്റുകൾക്കകം പ്രതിയെ പിടികൂടി പൊലീസ് | Indian YouTuber Phone Stolen
Current: മലയാളം

സാൻ ഫ്രാൻസിസ്കോ: അമേരിക്കൻ യാത്രയ്ക്കിടെ ഇന്ത്യൻ യൂട്യൂബർ അൻഷു ബിഷ്ടിന്റെ ഫോൺ മോഷണം പോയി. എന്നാൽ മറ്റൊരു ഫോണിന്റെ സഹായത്തോടെ മോഷ്ടിച്ച ഫോൺ ട്രാക്ക് ചെയ്യുകയും 911ൽ വിവരമറിയിക്കുകയും ചെയ്തതോടെ മിനിറ്റുകൾക്കകം പ്രതിയെ പിടികൂടി ഫോൺ വീണ്ടെടുത്തതായി അൻഷു ബിഷ്ട് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചു. ഗെയിമിംഗ് കണ്ടന്റിലൂടെ ശ്രദ്ധ നേടിയ ‘ഗെയിമർ ഫ്ലീറ്റ്’ എന്ന പേരിലാണ് അൻഷു ബിഷ്ട് അറിയപ്പെടുന്നത്. (Indian YouTuber Phone Stolen)
സാൻ ഫ്രാൻസിസ്കോയിലെ ഒരു ബർഗർ കിങ് ഔട്ട്‌ലെറ്റിൽ ഭക്ഷണം കഴിക്കുന്നതിനിടെയായിരുന്നു സംഭവം. ഭക്ഷണം വാങ്ങുന്നതിനായി അൽപ്പസമയത്തേക്ക് മേശയിൽ നിന്ന് മാറിയപ്പോഴാണ് മേശപ്പുറത്തുണ്ടായിരുന്ന ഫോൺ ഒരാൾ എടുത്ത് സ്കൂട്ടറിൽ രക്ഷപ്പെട്ടത്. സംഭവത്തിന്റെ സുരക്ഷാ ക്യാമറ ദൃശ്യങ്ങളും അൻഷു പിന്നീട് പങ്കുവെച്ചിട്ടുണ്ട്. കൈവശമുണ്ടായിരുന്ന മറ്റൊരു ഫോൺ ഉപയോഗിച്ച് മോഷണം പോയ ഫോണിന്റെ ലൊക്കേഷൻ അൻഷുവിന് കണ്ടെത്താനായി. എന്നാൽ ലൊക്കേഷൻ പിന്തുടർന്ന് പ്രതിയെ നേരിട്ട് നേരിടുന്നത് സുരക്ഷിതമല്ലെന്ന് മനസ്സിലാക്കിയ അദ്ദേഹം ഉടൻ 911ൽ വിളിച്ച് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
View this post on Instagram
തുടർന്ന് കൊൽമ പൊലീസ് ഡിപ്പാർട്ട്‌മെന്റ് അതിവേഗം സ്ഥലത്തെത്തി. ഏതാനും മിനിറ്റുകൾക്കകം നിരവധി പൊലീസ് വാഹനങ്ങൾ സ്ഥലത്തെത്തുകയും പ്രതിയെ കസ്റ്റഡിയിലെടുത്ത് ഫോൺ വീണ്ടെടുക്കുകയും ചെയ്തതായി അൻഷു വീഡിയോയിൽ പറയുന്നു. താൻ സ്ഥലത്തെത്തുമ്പോഴേക്കും പൊലീസ് പ്രതിയെ പിടികൂടിയിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. പൊലീസിന്റെ വേഗത്തിലുള്ള ഇടപെടലിന് നന്ദി അറിയിച്ച അൻഷു ബിഷ്ട് കൊൽമ പൊലീസ് ഡിപ്പാർട്ട്‌മെന്റിനോടുള്ള ആദരവും വീഡിയോയിൽ പ്രകടിപ്പിച്ചു. സുരക്ഷയെക്കുറിച്ച് ആശങ്കയുണ്ടാകുന്ന സാഹചര്യങ്ങളിൽ പൊലീസിനെ ബന്ധപ്പെടാൻ മടിക്കേണ്ടതില്ലെന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞതായും അദ്ദേഹം വ്യക്തമാക്കി. സംഭവം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയതോടെ വിദേശയാത്രയ്ക്കിടെ മോഷണം നേരിടുമ്പോൾ സ്വീകരിക്കേണ്ട മുൻകരുതലുകളും ചർച്ചയായി.
Summary: Indian YouTuber Anshu Bisht had his phone stolen while eating at a Burger King outlet in San Francisco. He tracked the phone using another device and contacted 911, after which police reportedly arrested the suspect and recovered the phone within minutes.




