‘സംസ്ഥാന സെക്രട്ടറിയേറ്റ് ദുർബലം’; ഇ.ഡി കേസിൽ കേന്ദ്രനേതൃത്വം ഇടപെടണമെന്നും സിപിഐഎം സംസ്ഥാന സമിതിയിൽ വിമർശനം | ED Cases CPM Central Intervention
Current: മലയാളം

തിരുവനന്തപുരം: പാർട്ടി നേരിടുന്ന രാഷ്ട്രീയ-സംഘടനാ പ്രശ്നങ്ങൾ തിരിച്ചറിഞ്ഞ് പ്രതിരോധിക്കുന്നതിൽ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് പരാജയപ്പെടുന്നുവെന്ന വിമർശനം വിശാല സംസ്ഥാന സമിതിയിലെ ചർച്ചയിൽ ഉയർന്നു (ED Cases CPM Central Intervention). പ്രശ്നങ്ങൾ രൂക്ഷമായ ശേഷമാണ് നേതൃത്വം ഇടപെടുന്നതെന്നും നേരത്തെ തന്നെ ആവശ്യമായ തിരുത്തൽ നടപടികൾ സ്വീകരിക്കണമെന്നും പ്രതിനിധികൾ ആവശ്യപ്പെട്ടു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കേസുകളെ പ്രതിരോധിക്കാൻ കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടൽ വേണമെന്ന ആവശ്യവും ചർച്ചയിൽ ഉയർന്നു.
പാർട്ടി നേതാക്കൾക്കെതിരായ ഇ.ഡി നടപടികളെ രാഷ്ട്രീയമായി നേരിടാൻ ദേശീയതലത്തിൽ പ്രതിപക്ഷ പാർട്ടികളുടെ കൂട്ടായ്മ രൂപീകരിക്കണമെന്നാണ് കോഴിക്കോട് നിന്നുള്ള ഗിരീഷ് ആവശ്യപ്പെട്ടത്. ഇതിനായി കേന്ദ്ര നേതൃത്വം മുൻകൈയെടുത്ത് പ്രതിപക്ഷ പാർട്ടികളുടെ യോഗം വിളിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പിണറായി വിജയനും പി.എ. മുഹമ്മദ് റിയാസിനുമെതിരായ ഇ.ഡി നീക്കങ്ങളെ പാർട്ടിക്കെതിരായ നടപടിയായി കണ്ട് സംസ്ഥാനത്തും ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. പയ്യന്നൂരിലെ തിരഞ്ഞെടുപ്പ് തോൽവിയുമായി ബന്ധപ്പെട്ട ചർച്ചയിലും നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം ഉയർന്നു. വിഭാഗീയ പ്രവർത്തനങ്ങൾ തുടക്കത്തിൽ തന്നെ തടയുന്നതിൽ വീഴ്ച സംഭവിച്ചെന്നും ഇതാണ് പിന്നീട് പാർട്ടിക്കുള്ളിലെ ചേരിതിരിവ് ശക്തമാകാൻ കാരണമായതെന്നും അന്വേഷണ കമ്മീഷൻ അംഗം കൂടിയായ പ്രതിനിധി ചൂണ്ടിക്കാട്ടി. വി. കുഞ്ഞികൃഷ്ണന്റെ നേതൃത്വത്തിൽ വിഭാഗീയ പ്രവർത്തനങ്ങൾ തുടങ്ങിയപ്പോൾ തന്നെ ശക്തമായ നടപടി സ്വീകരിക്കേണ്ടിയിരുന്നുവെന്നും വിമർശനമുണ്ടായി.
രക്തസാക്ഷി ഫണ്ടുമായി ബന്ധപ്പെട്ട ആരോപണം പാർട്ടി അണികളിൽ വലിയ പ്രതിഷേധത്തിന് ഇടയാക്കിയെന്നും അതിനെ തുടർന്നുണ്ടായ വികാരം വിഭാഗീയത കൂടുതൽ ശക്തമാക്കാൻ ഇടയാക്കിയെന്നും ചർച്ചയിൽ അഭിപ്രായപ്പെട്ടു. ഫണ്ട് കൈകാര്യം ചെയ്യുന്നതിലും കണക്ക് അവതരിപ്പിക്കുന്നതിലും വീഴ്ചകളുണ്ടായെങ്കിലും ധനാപഹരണം നടന്നതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടില്ലെന്നും പ്രതിനിധികൾ വ്യക്തമാക്കി. ടി.ഐ. മധുസൂദനനെതിരെ ചില നേതാക്കൾ രഹസ്യനീക്കം നടത്തിയെന്നും രാമന്തളി ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ വാട്സ്ആപ്പ് പ്രചാരണങ്ങൾ നടന്നെന്നും ആരോപണമുയർന്നു.
തിരഞ്ഞെടുപ്പ് പ്രവർത്തനത്തിലും ഏരിയാ നേതൃത്വത്തിന് വീഴ്ച സംഭവിച്ചതായി വിമർശനമുണ്ടായി. വി. കുഞ്ഞികൃഷ്ണന്റെ സ്ഥാനാർഥിത്വത്തിന്റെ സ്വാധീനം പാർട്ടി നേതൃത്വം കൃത്യമായി വിലയിരുത്തിയില്ലെന്നും UDF സ്ഥാനാർഥിയുടെ സാന്നിധ്യം ഗുണകരമാകുമെന്ന തരത്തിൽ ചിലർ കണക്കുകൂട്ടിയെന്നും ചർച്ചയിൽ അഭിപ്രായപ്പെട്ടു. വോട്ട് ചോർച്ചയുടെ കാരണങ്ങൾ കൃത്യമായി തിരിച്ചറിയാനും നേതൃത്വത്തിന് കഴിഞ്ഞില്ലെന്നാണ് വിമർശനം. പയ്യന്നൂരിലെ അന്വേഷണ കമ്മീഷൻ റിപ്പോർട്ട് പത്ത് ദിവസത്തിനുള്ളിൽ പാർട്ടി കമ്മിറ്റിയിൽ അവതരിപ്പിക്കുമെന്നും അറിയിച്ചു. വിശാല ജില്ലാ കമ്മിറ്റി ചേരുന്നതിന് മുമ്പ് പയ്യന്നൂരിലെ സംഘടനാ പ്രശ്നങ്ങളിൽ ആവശ്യമായ തിരുത്തൽ നടപടികൾ സ്വീകരിക്കണമെന്നും കണ്ണൂർ പ്രതിനിധി ആവശ്യപ്പെട്ടു. പാർട്ടിയിൽ തെറ്റ് സംഭവിച്ചിടത്തെല്ലാം തിരുത്തൽ നടപടികൾ വേണമെന്ന ആവശ്യത്തോടെയാണ് ചർച്ച അവസാനിച്ചത്.
Summary: CPI(M) leaders have criticised the state secretariat for failing to anticipate and effectively counter political and organisational challenges. The state committee discussion also called for central leadership intervention against ED cases and stronger action to address factionalism and electoral setbacks in Payyannur.




