"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

ഓഗസ്റ്റിൽ ഇന്ത്യൻ റെയിൽവേയിൽ യാത്ര ചെയ്തത് 67.27 കോടി പേർ; ചരക്ക് നീക്കത്തിലും വരുമാനത്തിലും വൻ വളർച്ച | Indian Railways Passenger Growth

September 14, 2026
Share this post to
🌐 Select your Language:

Current: മലയാളം

train

ന്യൂഡൽഹി: യാത്രാ, ചരക്ക് ഗതാഗത മേഖലകളിൽ ഓഗസ്റ്റ് മാസത്തിൽ മികച്ച വളർച്ച രേഖപ്പെടുത്തി ഇന്ത്യൻ റെയിൽവേ. 2026 ഓഗസ്റ്റിൽ രാജ്യത്ത് 137.9 ദശലക്ഷം ടൺ ചരക്കാണ് റെയിൽവേ വഴി നീക്കിയത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 130.9 ദശലക്ഷം ടണ്ണായിരുന്നു ചരക്ക് നീക്കം. ഇതോടെ വാർഷികാടിസ്ഥാനത്തിൽ 5.4 ശതമാനം വളർച്ച രേഖപ്പെടുത്തി. (Indian Railways Passenger Growth)

ചരക്ക് സേവനങ്ങളിൽ നിന്നുള്ള വരുമാനത്തിലും മുന്നേറ്റമുണ്ടായി. ഓഗസ്റ്റിൽ ചരക്ക് ഗതാഗത വരുമാനം 6.27 ശതമാനം വർധിച്ചതായി റെയിൽവേ മന്ത്രാലയം അറിയിച്ചു. ചരക്ക് നീക്കം കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ മാസം അഞ്ച് പുതിയ ഗതി ശക്തി കാർഗോ ടെർമിനലുകൾ കൂടി പ്രവർത്തനം ആരംഭിച്ചു. ഇതോടെ രാജ്യത്തെ സജീവ ഗതി ശക്തി ടെർമിനലുകളുടെ എണ്ണം 149 ആയി. യാത്രക്കാരുടെ എണ്ണത്തിലും വർധനയുണ്ടായി. 2025 ഓഗസ്റ്റിൽ 64.43 കോടി പേരാണ് ഇന്ത്യൻ റെയിൽവേയിൽ യാത്ര ചെയ്തതെങ്കിൽ 2026 ഓഗസ്റ്റിൽ ഇത് 67.27 കോടിയായി ഉയർന്നു. നഗരമേഖലകളിലെ ലോക്കൽ ട്രെയിൻ സർവീസുകളിലും വലിയ യാത്രക്കാരുടെ തിരക്ക് അനുഭവപ്പെട്ടതായി റെയിൽവേ അറിയിച്ചു.

അമൃത് ഭാരത് ട്രെയിൻ സർവീസുകളുടെ എണ്ണത്തിലും വർധനയുണ്ടായി. പ്രത്യേക സർവീസുകളായി ഓടിയിരുന്ന 14 അമൃത് ഭാരത് ട്രെയിനുകൾ കഴിഞ്ഞ മാസം സ്ഥിരം സർവീസുകളാക്കി. ഇതോടെ രാജ്യത്തെ ആകെ അമൃത് ഭാരത് സർവീസുകളുടെ എണ്ണം 86 ആയി. സുബേദാർഗഞ്ച്–ലോക്മാന്യ തിലക്, ഗോരഖ്പൂർ–ബാന്ദ്ര, ഗോരഖ്പൂർ–ഡൽഹി, അഹമ്മദാബാദ്–ഭഗൽപൂർ തുടങ്ങിയ റൂട്ടുകളിലെ സർവീസുകളും ഇതിൽ ഉൾപ്പെടുന്നു. ഉത്സവകാല യാത്രാ തിരക്ക് പരിഗണിച്ചും റെയിൽവേ പ്രത്യേക ക്രമീകരണങ്ങൾ നടത്തി. രക്ഷാബന്ധൻ വാരത്തോടനുബന്ധിച്ച് ഓഗസ്റ്റ് 25 മുതൽ 31 വരെ 144 പ്രത്യേക ട്രെയിൻ സർവീസുകൾ ഓപ്പറേറ്റ് ചെയ്തു. യാത്രക്കാരുടെ വർധിച്ച ആവശ്യം പരിഗണിച്ച് കൂടുതൽ സർവീസുകളും സ്ഥിരം ട്രെയിനുകളും ഏർപ്പെടുത്തുന്നതിലൂടെ യാത്രാ സൗകര്യം മെച്ചപ്പെടുത്താനുള്ള നടപടികൾ തുടരുകയാണെന്ന് റെയിൽവേ അറിയിച്ചു.

Summary: Indian Railways recorded strong growth in both passenger and freight traffic in August 2026. Passenger numbers rose to 67.27 crore, while freight loading increased 5.4% year-on-year to 137.9 million tonnes.

Get more updates from Pudukad News on Google