ചിയാന്‍ മാജിക് വീണ്ടും: അമ്പിയെ അന്യനാക്കി മാറ്റിയ ‘പവര്‍ ഹൗസ്’! വിക്രം-ആനന്ദ് ശങ്കര്‍ ചിത്രത്തിന്റെ ടൈറ്റില്‍ പ്രൊമോ ഏറ്റെടുത്ത് ആരാധകര്‍
Current: മലയാളം

സിനിമാ ലോകത്തെ അമ്പരപ്പിച്ച് വിക്രമും ആനന്ദ് ശങ്കറും; ‘ചിയാന്‍ 63’ ഇനി ‘പവര്‍ ഹൗസ്’. വിനായക ചതുര്ഥിദിനത്തില് പുറത്തുവന്ന മാസ് ടൈറ്റില്‍ പ്രൊമോ സിനിമാ പ്രേമികളെ ഒന്നടങ്കം ആവേശത്തിലാക്കിയിരിക്കുകയാണ്.
തെന്നിന്ത്യന്‍ സിനിമയില്‍ കഥാപാത്രങ്ങള്‍ക്കുവേണ്ടി ശരീരവും മനസും ഒരുപോലെ സമര്‍പ്പിക്കുന്ന നടന്മാര് അപൂര്‍വമാണ്. ആ അപൂര്‍വ പ്രതിഭകളില്‍ ഒന്നാം സ്ഥാനത്ത് നില്ക്കുന്ന പേരാണ് ചിയാന്‍ വിക്രം.
ഓരോ ചിത്രത്തിലും മുന്‍പെങ്ങും കണ്ടിട്ടില്ലാത്ത വേഷപ്പകര്‍ച്ചകളിലൂടെ പ്രേക്ഷകരെ അമ്പരപ്പിക്കുന്ന വിക്രം, തന്റെ 63-ാം ചിത്രത്തിലൂടെ വീണ്ടും ഒരു വലിയ സര്‍പ്രൈസ് ഒരുക്കുകയാണ്.
വന്‍ വിജയമായ ‘ഇരുമുഗന്’ എന്ന ചിത്രത്തിന് ശേഷം വിക്രമും സംവിധായകന് ആനന്ദ് ശങ്കറും കൈകോര്‍ക്കുന്ന ചിത്രം, പ്രഖ്യാപന നിമിഷം മുതല്‍ തന്നെ സിനിമാ ലോകത്ത് വലിയ ചര്‍ച്ചയായിരുന്നു.
എന്നാല്‍ പുറത്തുവിട്ട മാസ് ടൈറ്റില്‍ പ്രൊമോ വീഡിയോ ആ ആവേശം ഇരട്ടിയാക്കിയിരിക്കുകയാണ്.
പ്രൊമോ വീഡിയോയിലെ വിക്രമിന്റെ പ്രകടനമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ചാവിഷയം.
തമിഴ് സിനിമയിലെ എക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നായ ‘അന്യന്’ എന്ന ചിത്രത്തിലെ ശാന്തനായ ‘അമ്പി’ എന്ന കഥാപാത്രത്തെ അനുസ്മരിപ്പിക്കുന്ന ലുക്കിലാണ് വിക്രം ആദ്യം രംഗപ്രവേശം ചെയ്യുന്നത്.
എന്നാല്‍ നിമിഷങ്ങള്‍ക്കകം, ആ ശാന്തത തകര്‍ത്തെറിഞ്ഞ് രൗദ്രഭാവമുള്ള, അന്യനെപ്പോലെ അതിശക്തനായ ആക്ഷന്‍ അവതാരത്തിലേക്ക് വിക്രം മാറുന്നതാണ് കാണുന്നത്.
കഥാപാത്രത്തിന്റെ ഭാവമാറ്റം വെറുമൊരു പ്രൊമോയ്ക്കപ്പുറം, സിനിമയില്‍ വിക്രം അവതരിപ്പിക്കുന്ന ഡ്യുവല്‍ ഷേഡുകളുള്ള കഥാപാത്രത്തിന്റെ സൂചനയാണെന്നാണ് പ്രേക്ഷക വിലയിരുത്തല്‍.
ആക്ഷനും ഡ്രാമയ്ക്കും ഒരുപോലെ പ്രാധാന്യം നല്കുന്ന ‘പവര്‍ ഹൗസ്’ നിര്‍മിക്കുന്നത് സത്യജ്യോതി ഫിലിംസിന്റെ ബാനറില്‍ സെന്തില്‍ ത്യാഗരാജന്, അര്ജുന് ത്യാഗരാജന് എന്നിവരും റിയാ ഷിബുവും ചേര്‍ന്നാണ്.
ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന് പശ്ചാത്തല സംഗീതവും ഗാനങ്ങളും ഒരുക്കുന്നത് സംഗീത സംവിധായകന് സന്തോഷ് നാരായണനാണ്. സന്തോഷ് നാരായണന്റെ മാസ് ബീറ്റുകള്‍ പ്രൊമോയ്ക്ക് നല്കിയ ഊര്‍ജം ചെറുതല്ല.
മലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായ നടന് ഷമ്മി തിലകന് ചിത്രത്തില്‍ നിര്‍ണായക വേഷത്തിലെത്തുന്നു എന്ന പ്രത്യേകതയുമുണ്ട്.
സംയുക്ത ഹെഗ്ഡെയാണ് നായികയായി എത്തുന്നത്. ആര്.ഡി. രാജശേഖറിന്റെ മികച്ച ഛായാഗ്രഹണം കൂടിച്ചേരുമ്പോള്‍ തിയേറ്ററുകളില്‍ ഒരു ദൃശ്യവിരുന്ന് തന്നെ പ്രതീക്ഷിക്കാം.
സ്റ്റൈലിഷ് മേക്കിംഗിന് പേരുകേട്ട ആനന്ദ് ശങ്കറും, അഭിനയത്തിന്റെ അതിരുകള്‍ ഭേദിക്കുന്ന വിക്രമും വീണ്ടും ഒന്നിക്കുമ്പോള്‍ ‘പവര്‍ ഹൗസ്’ ബോക്സ് ഓഫീസില്‍ പുതിയ ചരിത്രങ്ങള്‍ കുറിക്കുമെന്ന കാര്യത്തില്‍ സംശയമില്ല!




