ഗോവയിൽ എ.എ.പിയും ജി.എഫ്.പിയും രൂപീകരിച്ച ‘ഗോവ ഫസ്റ്റ്’ സഖ്യം ബി.ജെ.പിയുമായുള്ള ഒത്തുകളിയെന്ന് കോൺഗ്രസ്. അധികാരം നിലനിർത്താൻ ഗോവയും പഞ്ചാബും വീതംവെക്കാനുള്ള ‘എക്സ്ചേഞ്ച് ഓഫർ’ കരാറെന്നും ആക്ഷേപം. ജനങ്ങൾ തള്ളിക്കളയുമെന്നും ‘ഗോവ ഫസ്റ്റ്’ അല്ല ‘ഗോവ ലാസ്റ്റ്’ എന്നും ഗിരീഷ് ചോദങ്കർ
Current: മലയാളം

പനാജി: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗോവ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ആം ആദ്മി പാർട്ടിയും വിജയ് സർദേശായി നേതൃത്വം നൽകുന്ന ഗോവ ഫോർവേഡ് പാർട്ടിയും കൈകോർത്ത് രൂപീകരിച്ച ‘ഗോവ ഫസ്റ്റ്’ സഖ്യത്തിനെതിരെ അതിരൂക്ഷ വിമർശനവുമായി കോൺഗ്രസ്.
ഭരണകക്ഷിയായ ബി.ജെ.പിയെ നേരിടാനെന്ന വ്യാജേന രൂപീകരിച്ച ഈ സഖ്യം യഥാർത്ഥത്തിൽ ബി.ജെ.പിയുമായി ചേർന്നുള്ള ഒത്തുകളിയാണെന്ന് കോൺഗ്രസ് വക്താവും മുൻ പി.സി.സി അധ്യക്ഷനുമായ ഗിരീഷ് ചോദങ്കർ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
ഇരുപാർട്ടികളും തമ്മിലുള്ളത് കേവല രാഷ്ട്രീയ സഖ്യമല്ലെന്നും, വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ അധികാരം പങ്കിടാനും നിലനിർത്താനുമായി ബി.ജെ.പിയുമായി ചേർന്നുള്ള ഒരു രാഷ്ട്രീയ ‘എക്സ്ചേഞ്ച് ഓഫർ’ കരാറാണെന്നും അദ്ദേഹം തുറന്നടിച്ചു.
ബി.ജെ.പിക്ക് ഗോവയിലും എ.എ.പിക്ക് പഞ്ചാബിലും പരസ്പരം സഹായം നൽകി അധികാരം പിടിക്കാനുള്ള ഗൂഢാലോചനയാണ് ഈ കൂട്ടുകെട്ടിന് പിന്നിലെന്നാണ് കോൺഗ്രസിന്റെ പ്രധാന ആക്ഷേപം.
ബി.ജെ.പിയുടെ ഭരണത്തിനെതിരെ ശക്തമായ ജനവികാരം നിലനിൽക്കുന്ന സംസ്ഥാനത്ത് വിപുലവും ശക്തവുമായ ഒരു പൊതു പ്രതിപക്ഷ നിരയാണ് ഗോവൻ ജനത ആഗ്രഹിച്ചത്. എന്നാൽ, ജനഹിതത്തിന് തികച്ചും വിരുദ്ധമായി ബി.ജെ.പിയുടെ താല്പര്യങ്ങൾ സംരക്ഷിക്കാനും പ്രതിപക്ഷ വോട്ടുകൾ ഭിന്നിപ്പിക്കാനുമാണ് ‘ഗോവ ഫസ്റ്റ്’ സഖ്യം രംഗത്തിറങ്ങിയിരിക്കുന്നതെന്നും ചോദങ്കർ വ്യക്തമാക്കി.
വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ജനങ്ങൾ ഇവരെ പൂർണ്ണമായും തള്ളിക്കളയും. എ.എ.പിക്കും ജി.എഫ്.പിക്കും ഒരു സീറ്റിൽ പോലും വിജയിക്കാൻ കഴിയില്ലെന്നും, ഇരുപാർട്ടികളുടെയും രാഷ്ട്രീയ അന്ത്യം കുറിക്കുന്ന തിരഞ്ഞെടുപ്പായിരിക്കും ഇത്തവണത്തേതെന്നും അദ്ദേഹം പറഞ്ഞു. അതിനാൽ ഈ കൂട്ടുകെട്ടിനെ ‘ഗോവ ഫസ്റ്റ്’ എന്നല്ല, മറിച്ച് ‘ഗോവ ലാസ്റ്റ്’ എന്നാണ് വിശേഷിപ്പിക്കേണ്ടതെന്നും അദ്ദേഹം പരിഹസിച്ചു.
കഴിഞ്ഞ 2022-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 40 അംഗ നിയമസഭയിൽ 20 സീറ്റുകൾ സ്വന്തമാക്കി ബി.ജെ.പി ഏറ്റവും വലിയ ഒറ്റക്കക്ഷിയായപ്പോൾ കോൺഗ്രസ് 11 സീറ്റുകൾ നേടിയിരുന്നു. അന്ന് എ.എ.പിക്ക് രണ്ടും ജി.എഫ്.പിക്കും ആർ.ജി.പിക്കും ഓരോ സീറ്റുകൾ വീതവും എം.ജി.പിക്ക് രണ്ടും സീറ്റുകളുമാണ് ലഭിച്ചത്.
എന്നാൽ തിരഞ്ഞെടുപ്പ് ഫലം വന്ന് ഏഴ് മാസത്തിനകം മുൻ മുഖ്യമന്ത്രി ദിഗംബർ കാമത്തിന്റെ നേതൃത്വത്തിൽ 11-ൽ എട്ട് കോൺഗ്രസ് എം.എൽ.എമാരെ കൂറുമാറ്റി ബി.ജെ.പി അധികാരം നിലനിർത്തുന്ന കാഴ്ചയ്ക്കാണ് സംസ്ഥാനം സാക്ഷ്യം വഹിച്ചത്.
ഇത്തരത്തിൽ പ്രതിപക്ഷത്ത് വിള്ളലുണ്ടാക്കി മുന്നോട്ടുപോകുന്ന ബി.ജെ.പിക്ക് വീണ്ടും വഴിമരുന്നിടാനുള്ള നീക്കമാണ് പുതിയ സഖ്യത്തിലൂടെ നടക്കുന്നതെന്നാണ് കോൺഗ്രസിന്റെ ഉറച്ച നിലപാട്.




