സംഘട്ടന രംഗങ്ങളില്‍ പ്രഭാസിന് പകരം ഡ്യൂപ്പ്; യാഥാര്‍ഥ്യം വെളിപ്പെടുത്തി സ്റ്റണ്ട് മാസ്റ്റര്‍, ചിലര്‍ റിസ്‌ക് എടുക്കില്ല, മറ്റു ചിലര്‍ കഠിനമായ രംഗങ്ങള്‍ ചെയ്യാന്‍ തയാര്‍
Current: മലയാളം

ഇന്ത്യന്‍ സിനിമയിലെ മുന്‍നിര ആക്ഷന്‍ നായകന്മാരില്‍ ഒരാളായ പ്രഭാസ് തന്റെ ആക്ഷന്‍ രംഗങ്ങളില്‍ ഡ്യൂപ്പിനെയാണോ ഉപയോഗിക്കുന്നത് എന്ന ചോദ്യങ്ങള്‍ക്ക് മറുപടിയുമായി പ്രശസ്ത സ്റ്റണ്ട് മാസ്റ്റര്‍മാരായ രാം-ലക്ഷ്മണ്‍ രംഗത്ത്.
‘ദി രാജാ സാബ്’ എന്ന ചിത്രത്തിന് ശേഷം പ്രഭാസിന്റെ ആക്ഷന്‍ രംഗങ്ങളില്‍ ഡ്യൂപ്പുകളുടെ സാന്നിധ്യം കൂടുതലായിരുന്നുവെന്നും അപകടസാധ്യതയുള്ള രംഗങ്ങളില്‍ നിന്നും താരം മാറിനില്‍ക്കുകയാണെന്നും തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് സെറ്റുകളില്‍ യഥാര്‍ഥത്തില്‍ സംഭവിക്കുന്നത് എന്താണെന്ന് വ്യക്തമാക്കി സ്റ്റണ്ട് മാസ്റ്റര്‍മാര്‍ രംഗത്തെത്തിയത്.
ഷൂട്ടിംഗ് സെറ്റില്‍ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് കൃത്യമായി അറിയാതെയാണ് ആളുകള്‍ ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്ന് രാം-ലക്ഷ്മണ്‍ വ്യക്തമാക്കി.
തങ്ങള്‍ പ്രഭാസുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച പ്രോജക്റ്റുകളിലെല്ലാം അദ്ദേഹം കൃത്യമായി സെറ്റില്‍ എത്തുകയും മണിക്കൂറുകളോളം കഠിനാധ്വാനം ചെയ്ത് ആക്ഷന്‍ രംഗങ്ങള്‍ പൂര്‍ത്തിയാക്കുകയും ചെയ്തിട്ടുണ്ടെന്ന് അവര്‍ പറഞ്ഞു.
ഇന്ന് തെലുങ്ക് സിനിമ പാന്‍-ഇന്ത്യന്‍ തലത്തിലേക്ക് വളര്‍ന്നിരിക്കുകയാണ്. അതിനാല്‍ തന്നെ ഇന്‍ഡസ്ട്രിയില്‍ മത്സരവും കടുപ്പമേറിയതാണ്.
ഓരോ അഭിനേതാക്കളും അവരവരുടെ പ്രായത്തിനും ശാരീരികക്ഷമതയ്ക്കും അനുസരിച്ചാണ് സാഹസിക രംഗങ്ങളില്‍ അഭിനയിക്കുന്നത്.
ചില നടന്മാര്‍ റിസ്‌ക് കുറഞ്ഞ രീതി തിരഞ്ഞെടുക്കുമ്പോള്‍ മറ്റ് ചിലര്‍ കഠിനമായ സ്റ്റണ്ടുകള്‍ നേരിട്ട് ചെയ്യാന്‍ തയാറാകുന്നു. അതിനാല്‍ അഭിനേതാക്കളെ തമ്മില്‍ നേരിട്ട് താരതമ്യം ചെയ്യുന്നത് ശരിയല്ലെന്നും ഓരോരുത്തരും തങ്ങളാല്‍ കഴിയുന്ന മികച്ച പ്രകടനമാണ് നല്‍കുന്നതെന്നും സ്റ്റണ്ട് മാസ്റ്റര്‍മാര്‍ കൂട്ടിച്ചേര്‍ത്തു.
നേരത്തെ, പ്രഭാസിന്റെ ആക്ഷന്‍ രംഗങ്ങളെക്കുറിച്ചുള്ള വിമര്‍ശനങ്ങള്‍ ഉയര്‍ന്നപ്പോള്‍, സെറ്റില്‍ നിന്നുള്ള ബിഹൈന്‍ഡ് ദ സീന്‍ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു.
ആക്ഷന്‍ രംഗങ്ങള്‍ക്ക് മുന്നോടിയായി പ്രഭാസ് മേക്കപ്പ് ചെയ്ത് തയാറെടുക്കുന്നതും, ചില പ്രത്യേക രംഗങ്ങള്‍ക്ക് മാത്രം ബോഡി ഡ്യൂപ്പിനെ ഉപയോഗിക്കുന്നതും വീഡിയോയില്‍ വ്യക്തമായിരുന്നു.
ഹനു രാഘവപൂടി സംവിധാനം ചെയ്യുന്ന ‘ഫൗജി’ ആണ് പ്രഭാസിന്റേതായി ഇനി പുറത്തിറങ്ങാനിരിക്കുന്ന ബിഗ് ബജറ്റ് ചിത്രം. ചിത്രം ഡിസംബര്‍ മൂന്നിന് തിയേറ്ററുകളിലെത്തും.




