ഒമാന് സമീപം ഇന്ത്യൻ യുദ്ധക്കപ്പലിന് നേരെ പാക് നാവികസേനയുടെ പ്രകോപനപരമായ നീക്കം. ഹുനൈൻ-ക്ലാസ് കൊർവെറ്റ് കപ്പൽ ഉരസി. കേടുപാടില്ല. പാകിസ്താൻ ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തി ഇന്ത്യ പ്രതിഷേധം രേഖപ്പെടുത്തി
Current: മലയാളം

ഡൽഹി: ഒമാന് 220 കിലോമീറ്റർ കിഴക്ക് അന്താരാഷ്ട്ര സമുദ്ര അതിർത്തിയിൽ ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പലിൽ പാകിസ്താൻ നാവികസേനയുടെ പടക്കപ്പൽ ഉരസിയതായി റിപ്പോർട്ട്.
ഇന്നലെ വൈകിട്ടോടെയാണ് സംഭവം. കടലിൽ കടുത്ത പ്രക്ഷുബ്ധാവസ്ഥ നിലനിൽക്കെ, പാകിസ്താൻ കപ്പൽ അത്യധികം പ്രകോപനപരവും ഭീഷണിപ്പെടുത്തുന്നതുമായ രീതിയിലാണ് സഞ്ചരിച്ചതെന്ന് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി.
പാകിസ്താന്റെ ‘ഹുനൈൻ-ക്ലാസ് കൊർവെറ്റ്’ വിഭാഗത്തിൽപ്പെട്ട കപ്പലാണ് ഇടിച്ചത്.
ഇടിയിൽ ഇന്ത്യൻ യുദ്ധക്കപ്പലിന് കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ല. ഇന്ത്യൻ യുദ്ധക്കപ്പലിന് സമീപത്തുകൂടി കടന്നുപോകുമ്പോൾ വേഗത കുറയ്ക്കാനോ സുരക്ഷിതമായ അകലം പാലിക്കാനോ പാക് കപ്പൽ തയ്യാറായില്ലെന്നാണ് റിപ്പോർട്ട്. സംഭവത്തിന് ശേഷം ഇരു കപ്പലുകളും സുരക്ഷിതമായി മാറി.
സംഭവത്തിൽ ഇന്ത്യ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. ഡൽഹിയിലെ പാകിസ്താൻ ഹൈക്കമ്മീഷൻ ചാർജ് ഡി അഫേഴ്സിനെ വിളിച്ചുവരുത്തിയാണ് വിദേശകാര്യ മന്ത്രാലയം പ്രതിഷേധം അറിയിച്ചത്.
അന്താരാഷ്ട്ര സമുദ്രമേഖലയിൽ പാകിസ്താൻ നാവികസേനയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്ന രണ്ടാമത്തെ സമാന സംഭവമാണിത്. മുൻപ് 2011 ജൂണിൽ പാകിസ്താന്റെ ‘ബാബർ’ എന്ന കപ്പലും ഇന്ത്യയുടെ ‘ഐഎൻഎസ് ഗോദാവരി’യും തമ്മിൽ സമാനമായ രീതിയിൽ കൂട്ടിയിടിയുടെ വക്കിലെത്തിയിരുന്നു.




