ഗുണമേന്മയുള്ള പദ്ധതികള്‍ സമയബന്ധിതമായി നടപ്പിലാക്കുന്നതിന് മുന്‍ഗണന നല്‍കും: മുഖ്യമന്ത്രി
Current: മലയാളം

ആധുനിക മാതൃകകള്‍ സൃഷ്ടിക്കേണ്ടത് അനിവാര്യമാണെന്നും ‘ഇന്‍വെസ്റ്റ് ഇന്‍ കേരളം’ എന്ന സന്ദേശം ആഗോളതലത്തില്‍ എത്തിക്കുകയാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു. ‘ഇന്‍വെസ്റ്റ് കേരളം’ എന്ന ആശയം യാഥാര്‍ഥ്യമാക്കുന്നതിനുള്ള ഏറ്റവും വലിയ ചുവടുവയ്പാണ് ഈ പരിപാടി.
പദ്ധതികളില്‍ ആധുനിക സമീപനം സ്വീകരിക്കുകയും അവ ഫലാധിഷ്ഠിതമാക്കുകയും വേണം. പദ്ധതികള്‍ നടപ്പിലാക്കുമ്പോള്‍ അവ പുതിയ കാലത്തിന് അനുയോജ്യമായിരിക്കണം. വരുമാനം ഉണ്ടാക്കുന്ന പദ്ധതികളില്‍ പ്രവാസി മലയാളികളെക്കൂടി ഉള്‍പ്പെടുത്തുന്നത് ഉചിതമായിരിക്കുമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.
സംസ്ഥാനത്തിന്റെ അനന്തസാധ്യതകള്‍ ഫലപ്രദമായി പ്രയോജനപ്പെടുത്തണം. കേരളത്തിലെ വിമാനത്താവള-തുറമുഖ മേഖലകളില്‍ വന്‍ നിക്ഷേപ സാധ്യതകളുണ്ട്. ആരോഗ്യ-വിദ്യാഭ്യാസ മേഖലകള്‍ ഉള്‍പ്പെടെ വിവിധ രംഗങ്ങളില്‍ കേരളത്തിനുള്ള കരുത്ത് എടുത്തുപറഞ്ഞ മുഖ്യമന്ത്രി സംസ്ഥാനത്തെ മികച്ച പ്രതിഭകളെ ആഗോളതലത്തില്‍ ഉയര്‍ത്തിക്കാട്ടണമെന്നും യുവാക്കള്‍ക്ക് ഇവിടെത്തന്നെ ജോലി ചെയ്യാനുള്ള അവസരമൊരുക്കണമെന്നും അഭിപ്രായപ്പെട്ടു.
രാജ്യത്തിന് തന്നെ മാതൃകയാകുന്ന തരത്തിലുള്ള ദുരന്ത പ്രതിരോധ-നിവാരണ സംവിധാനം രൂപീകരിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് വലിയ നിക്ഷേപങ്ങള്‍ വരണമെങ്കില്‍ എല്ലാ രംഗങ്ങളിലും പുതിയ സാങ്കേതിക വിദ്യ ഉള്‍പ്പെടെ പ്രയോജനപ്പെടുത്തിയുള്ള സാഹചര്യങ്ങള്‍ സൃഷ്ടിക്കണമെന്ന് മുഖ്യപ്രഭാഷണം നടത്തിയ വ്യവസായ, ഐടി, എഐ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
പൊതുമരാമത്ത് മന്ത്രി പി.കെ ബഷീര്‍, പൊതുവിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദ്ദീന്, ടൂറിസം സാംസ്കാരിക മന്ത്രി പി.സി വിഷ്ണുനാഥ്, എക്സൈസ് സഹകരണ മന്ത്രി എം.ലിജു, വനിതാ ശിശുക്ഷേമ ക്ഷീരവികസന മൃഗസംരക്ഷണ മന്ത്രി ബിന്ദു കൃഷ്ണ, ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണ്‍, യുവജനക്ഷേമ കായിക മന്ത്രി ഒ.ജെ ജനീഷ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
റൗണ്ട് ടേബിള്‍ കോണ്‍ഫറന്‍സില്‍ നിന്ന് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ വളരെ പ്രധാനമാണെന്നും പതിനഞ്ചാം പഞ്ചവത്സര പദ്ധതിയുടെ രൂപീകരണത്തില്‍ ഇതില്‍ നിന്നുള്ള സുപ്രധാന ആശയങ്ങള്‍ ഉള്‍പ്പെടുത്തുമെന്നും സംസ്ഥാന ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍പേഴ്സണ്‍ കെ.എം ചന്ദ്രശേഖര്‍ പറഞ്ഞു.
ഓരോ പദ്ധതിക്കും സര്‍ക്കാര്‍ അംഗീകരിച്ച പൊതുചട്ടക്കൂട് രൂപപ്പെടുത്തുകയാണ് റൗണ്ട് ടേബിള്‍ കോണ്‍ഫറന്‍സുകളുടെ പ്രധാന ലക്ഷ്യമെന്ന് ചീഫ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ വിവിധ വകുപ്പുകള്‍ക്ക് സാധ്യതാ പഠനങ്ങള്‍, മാസ്റ്റര്‍ പ്ലാനുകള്‍, വിശദമായ പദ്ധതി റിപ്പോര്‍ട്ടുകള്‍ (ഡിപിആര്‍) കണ്‍സള്‍ട്ടന്‍സി പ്രവര്‍ത്തനങ്ങള്‍ എന്നിവയുമായി മുന്നോട്ടു പോകാനാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സര്‍ക്കാരിന്റെ ഓരോ പ്രധാന വികസന പദ്ധതിയുടെയും നടപ്പിലാക്കലിനു വേണ്ടിയുള്ള ഘടകങ്ങളെ ഏകോപിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് റൗണ്ട് ടേബിള്‍ കോണ്‍ഫറന്‍സ് സംഘടിപ്പിച്ചിട്ടുള്ളതെന്ന് സ്വാഗതപ്രസംഗത്തില്‍ വ്യവസായ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ് പറഞ്ഞു. നയപരമായ പ്രഖ്യാപനങ്ങളെ വ്യക്തമായ നടത്തിപ്പ് രീതികളാക്കി മാറ്റുന്നതിലാണ് ചര്‍ച്ചകള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്ലാനിംഗ് ആന്‍ഡ് ഇക്കണോമിക് അഫയേഴ്സ് സ്പെഷ്യല്‍ സെക്രട്ടറി ഗോകുല്‍ ജി.ആര് ചടങ്ങിന് നന്ദി പറഞ്ഞു.
പദ്ധതികള്‍ക്ക് രൂപം നല്കി അവ നടപ്പാക്കാന്‍ സജ്ജമാക്കുന്നതിനായി മന്ത്രിമാര്‍, ഉന്നത ഉദ്യോഗസ്ഥര്‍, വിദഗ്ധര്‍, മറ്റ് പങ്കാളികള്‍ എന്നിവരെ ത്രിദിന സമ്മേളനം ഒരുമിച്ച് കൊണ്ടുവരും. സര്‍ക്കാര്‍ വകുപ്പുകളുടെയും ഏജന്‍സികളുടെയും പ്രതിനിധികള്‍, വിജ്ഞാന സ്ഥാപനങ്ങള്‍, വ്യവസായ മേഖല, ധനസഹായം നല്കുന്ന ഏജന്‍സികള്‍, മറ്റ് ബന്ധപ്പെട്ട വിഭാഗങ്ങളിലെ പ്രതിനിധികള്‍ എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.
അടിസ്ഥാന സൗകര്യ വികസനം, കണക്ടിവിറ്റി, തുറമുഖ-സമുദ്രാധിഷ്ഠിത വികസനം, വ്യോമഗതാഗതം, വ്യവസായ-സാമ്പത്തിക ഇടനാഴികള്‍, ഊര്‍ജ്ജവും പുനരുപയോഗ ഊര്‍ജ്ജസ്രോതസ്സുകളും, നഗരവികസനം, ഉന്നത വിദ്യാഭ്യാസം, ആരോഗ്യം, ലൈഫ് സയന്‍സസ്, ബഹിരാകാശം, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡിജിറ്റല്‍ മേഖല, ടൂറിസം, ക്രിയേറ്റീവ് മേഖല തുടങ്ങിയവയുമായി ബന്ധപ്പെട്ട പദ്ധതികള്‍ സമ്മേളനം ചര്‍ച്ച ചെയ്യും.
ദക്ഷിണ കേരളം-സാമ്പത്തിക ഇടനാഴി, മിഷന് സമുദ്ര, മാരിടൈം മ്യൂസിയം, ഇന്‍വെസ്റ്റ് കേരളം, ഇന്‍വെസ്റ്റ്മെന്റ് അഡ്വൈസറി കൗണ്‍സില്‍, സ്പെഷ്യല്‍ ഇന്‍വെസ്റ്റ്മെന്റ് സോണ്‍, മലയാളം എഐ ഇനിഷ്യേറ്റിവ്, ജെന്‍ സി ആന്‍ഡ് ന്യൂ ജെന്‍ ടെക്നോളജി, ഇന്‍കുബേഷന്‍ സെന്റര്‍, കേരള എംഎസ്എംഇ ഗ്രോത്ത് സ്കീം, മുസിരിസ് ഹെറിറ്റേജ് പ്രൊജക്ട്, നാഷണല്‍ പില്‍ഗ്രിമേജ് സെന്റര്‍, സ്പേസ് ഇക്കണോമി തുടങ്ങിയവയാണ് പ്രധാന സെഷനുകള്‍.
ഓരോ പദ്ധതിയുടെയും വ്യാപ്തിയും ലക്ഷ്യങ്ങളും വിശദീകരിക്കുന്ന കരട് രേഖ (ഡ്രാഫ്റ്റ് പ്രോജക്ട് സ്കോപ്പ് ഡോക്യുമെന്റ്) തയ്യാറാക്കും. അംഗീകാരം ലഭിച്ച ശേഷം പദ്ധതിയുടെ തുടര്‍നടപടികള്‍ ആരംഭിക്കും. ആവശ്യമെങ്കില്‍ കണ്‍സള്‍ട്ടന്റുമാരെ നിയമിക്കുകയും സാധ്യതാപഠനം, ഡിപിആര്‍ തയ്യാറാക്കല്‍ തുടങ്ങിയ നടപടികള്‍ സ്വീകരിക്കുകയും ചെയ്യും.
പദ്ധതികളുടെ പുരോഗതി നിരീക്ഷിക്കുന്നതിനായി പ്രത്യേക മോണിറ്ററിങ് സംവിധാനം ഏര്‍പ്പെടുത്തും. പ്രധാന ഘട്ടങ്ങളിലെ പുരോഗതി പ്രോഗ്രാം കമ്മിറ്റി വിലയിരുത്തി മുഖ്യമന്ത്രിയെയും ചീഫ് സെക്രട്ടറിയെയും കൃത്യമായ ഇടവേളകളില്‍ അറിയിക്കും.




