"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

യു.പി.ഐ ഇടപാടുകൾക്ക് ആറുവർഷത്തെ സൌജന്യ സേവനത്തിന് ശേഷം സർവീസ് ചാർജ് ഏർപ്പെടുത്താൻ ഒരുങ്ങി എൻ.പി.സി.ഐ: ഒക്ടോബർ 15 മുതൽ 2,000 രൂപയ്ക്ക് മുകളിലുള്ള വ്യാപാരി ഇടപാടുകൾക്ക് എം.ഡി.ആർ നിരക്കുകൾ പ്രാബല്യത്തിൽ; തെരുവ് കച്ചവടക്കാർക്കും ചെറുകിട വ്യാപാരികൾക്കും ഇളവ് നൽകുമ്പോഴും വൻകിട ബിസിനസുകളെയും ഓൺലൈൻ വ്യാപാരങ്ങളെയും ബാധിക്കും

September 17, 2026
Share this post to
🌐 Select your Language:

Current: മലയാളം

ഡല്‍ഹി: നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ വ്യാപാരികള്‍ക്കായി പുതിയ മര്‍ച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് പ്രഖ്യാപിച്ചതോടെ യു.പി.ഐ സേവനങ്ങള്‍ക്ക് നിരക്ക് ഈടാക്കാന്‍ ഒരുങ്ങുന്നു.

ഒക്ടോബര്‍ 15 മുതല്‍ പ്രാബല്യത്തില്‍ വരുന്ന പുതിയ നിരക്കുകള്‍ പ്രകാരം, വ്യാപാരികള്‍ക്ക് ലഭിക്കുന്ന 2,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകള്‍ക്ക് 0.4 ശതമാനം തുക സര്‍വീസ് ചാര്‍ജായി ഈടാക്കും. 


75,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകള്‍ക്ക് പരമാവധി 300 രൂപയായിരിക്കും നിരക്ക്. സാധാരണ ഉപഭോക്താക്കള്‍ നേരിട്ട് തുക നല്‍കേണ്ടതില്ലെന്നും വ്യാപാരികളാണ് ഈ തുക വഹിക്കേണ്ടതെന്നും അധികൃതര്‍ വ്യക്തമാക്കുന്നുണ്ടെങ്കിലും, പുതിയ തീരുമാനം രാഷ്ടീയ വിവാദങ്ങള്‍ക്ക് വഴിവെച്ചിട്ടുണ്ട്. 


യു.പി.ഐ സൗജന്യമായിരുന്നത് വിസ, മാസ്റ്റര്‍കാര്‍ഡ് തുടങ്ങിയ അമേരിക്കന്‍ കമ്പനികളുടെ ബിസിനസിനെ ബാധിച്ചിരുന്നുവെന്നും, യു.എസ് സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് കേന്ദ്ര സര്‍ക്കാര്‍ ഈ തീരുമാനമെടുത്തതെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

എന്നാല്‍ ഈ ആരോപണങ്ങള്‍ തള്ളിക്കളഞ്ഞ സര്‍ക്കാര്‍, പണമിടപാട് സംവിധാനത്തിന്റെ സാമ്പത്തിക അടിത്തറ ശക്തമാക്കാനാണ് നികുതി ഏര്‍പ്പെടുത്തുന്നതെന്ന് വ്യക്തമാക്കി.


അതേസമയം, ചെറുകിട കച്ചവടക്കാരെയും സാധാരണക്കാരെയും പുതിയ നിരക്കുകള്‍ ബാധിക്കില്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. പ്രതിമാസം ഒരു ലക്ഷം രൂപ വരെ യു.പി.ഐ വഴി ലഭിക്കുന്ന തെരുവ് കച്ചവടക്കാര്‍, പ്രദേശിക കടകള്‍ തുടങ്ങിയ ചെറുകിട ബിസിനസുകളെ എം.ഡി.ആര്‍ നിരക്കില്‍ നിന്ന് പൂര്‍ണ്ണമായും ഒഴിവാക്കിയിട്ടുണ്ട്. 


കൂടാതെ റെയില്‍വേ, ഇന്ധനം, ഇന്‍ഷുറന്‍സ്, ടെലികോം, കൃഷി, വൈദ്യുതി-വെള്ളം ബില്ലുകള്‍, നികുതി അടവുകള്‍ എന്നിവയ്ക്ക് 2,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകള്‍ക്ക് പരമാവധി 5 രൂപ മാത്രമായിരിക്കും ചാര്‍ജ്. 

ഓഹരി വിപണി, മ്യൂച്വല്‍ ഫണ്ട് ഇടപാടുകള്‍ക്ക് 0.02 ശതമാനം നിരക്കില്‍ പരമാവധി 300 രൂപ മാത്രമാണ് ഈടാക്കുക. കൂടുതല്‍ വലിയ തുകകളുടെ ബിസിനസ്സ് ഇടപാടുകള്‍ നടത്തുന്ന ഇലക്ട്രോണിക്‌സ്, വസ്ത്ര വ്യാപാരികളെയും കടം പിരിച്ചെടുക്കുന്ന ഏജന്‍സികളെയുമാകും പുതിയ തീരുമാനം പ്രധാനമായും ബാധിക്കുക.

 

Get more updates from Pudukad News on Google