പഹൽഗാം ഭീകരാക്രമണത്തിന്റെ ആസൂത്രകനെന്ന് ആരോപണം; ലഷ്‌കർ കമാൻഡർ സൈഫുള്ള കാസൂരിക്കെതിരെ ജാമ്യമില്ലാ വാറന്റ് | Saifullah Kasuri non-bailable warrant
Current: മലയാളം

ജമ്മു: 2025 ഏപ്രിലിലെ പഹൽഗാം ഭീകരാക്രമണത്തിന്റെ മുഖ്യ ആസൂത്രകരിലൊരാളെന്ന് ദേശീയ അന്വേഷണ ഏജൻസി (NIA) ആരോപിക്കുന്ന പാകിസ്താൻ ആസ്ഥാനമായ ലഷ്‌കർ-ഇ-തൊയ്ബ (LeT) കമാൻഡർ സൈഫുള്ള കാസൂരിക്കെതിരെ ജാമ്യമില്ലാ വാറന്റ്. ജമ്മുവിലെ പ്രത്യേക NIA കോടതിയാണ് വാറന്റ് പുറപ്പെടുവിച്ചത്. പഹൽഗാം ആക്രമണത്തിൽ 26 വിനോദസഞ്ചാരികളാണ് കൊല്ലപ്പെട്ടത്. (Saifullah Kasuri non-bailable warrant)
പാകിസ്താനിലെ കാസൂർ ജില്ലയിലെ ചംഗ മംഗ സ്വദേശിയായ സൈഫുള്ള രണ്ട് പതിറ്റാണ്ടിലേറെയായി ഇന്ത്യൻ സുരക്ഷാ ഏജൻസികളുടെ നിരീക്ഷണത്തിലുണ്ടായിരുന്ന വ്യക്തിയാണെന്ന് റിപ്പോർട്ടിൽ പറയുന്നു. സജിദ് ജാട്ട്, അലി ഭായ്, ഹബീബുള്ള മാലിക്, ലംഗ്ഡ, നൂമി, നുമാൻ, ഉസ്മാൻ ഹബീബ്, ഷാനി തുടങ്ങിയ പേരുകളിലും ഇയാൾ അറിയപ്പെട്ടിരുന്നതായാണ് വിവരം. പാകിസ്താൻ ഭീകരനായ അബ്ദുല്ല എന്ന അബു ഹുറൈറയുടെ നേതൃത്വത്തിൽ പ്രവർത്തിച്ചിരുന്ന ലഷ്‌കർ ശൃംഖലയെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് വാറന്റ്. അബ്ദുല്ലയെയും മറ്റൊരു പാകിസ്താൻ പൗരനായ ഉസ്മാൻ എന്ന ഖുബൈബിനെയും ഇവരുമായി ബന്ധമുള്ള മൂന്ന് പ്രാദേശിക ഓവർഗ്രൗണ്ട് വർക്കർമാരെയും NIA നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
അറസ്റ്റിലായ പാകിസ്താൻ ഭീകരരിൽ ഒരാളിൽനിന്ന് സൈഫുള്ളയുമായി ബന്ധമുള്ളതായി കരുതുന്ന ടെലഗ്രാം ഐഡികൾ അന്വേഷണ സംഘം കണ്ടെത്തിയതായാണ് NIA കോടതിയെ അറിയിച്ചത്. ഈ ഡിജിറ്റൽ വിവരങ്ങളിൽ ജമ്മു കശ്മീരിലെ സുരക്ഷാസേന, സാധാരണക്കാർ, സർക്കാർ സ്ഥാപനങ്ങൾ എന്നിവ ലക്ഷ്യമിട്ട് ആക്രമണം നടത്താനുള്ള നിർദേശങ്ങൾ ഉണ്ടായിരുന്നുവെന്നാണ് അന്വേഷണ ഏജൻസിയുടെ അവകാശവാദം. സുരക്ഷാസേനയ്ക്ക് ആയുധങ്ങളും പണവും നൽകുന്നതിലും കശ്മീരിൽ പ്രവർത്തിക്കുന്ന ഭീകരർക്ക് തത്സമയ പ്രവർത്തന നിർദേശങ്ങൾ നൽകുന്നതിലും സൈഫുള്ള നിർണായക കണ്ണിയായിരുന്നുവെന്നും NIA കോടതിയിൽ വ്യക്തമാക്കി. 2005 മുതൽ 2007 വരെ ദക്ഷിണ കശ്മീരിലെ കുൽഗാം ജില്ലയിൽ ലഷ്‌കർ കമാൻഡറായി പ്രവർത്തിച്ചിരുന്ന ഇയാൾ പിന്നീട് പാകിസ്താനിലേക്ക് കടന്നതായും ഏജൻസി അറിയിച്ചു.
ലഭിച്ച തെളിവുകൾ പരിഗണിച്ചാണ് പ്രത്യേക കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചത്. NIA വഴിയുള്ള തുടർനടപടികൾക്കായി വാറന്റ് ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയിട്ടുണ്ട്. പാകിസ്താൻ ആസ്ഥാനമായ ഭീകര ശൃംഖലകളെയും ജമ്മു കശ്മീരിലെ അവയുടെ പ്രാദേശിക ബന്ധങ്ങളെയും ലക്ഷ്യമിട്ടുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് പുതിയ നടപടിയെന്നാണ് റിപ്പോർട്ട്.
Summary: A special NIA court in Jammu has issued a non-bailable warrant against Pakistan-based Lashkar-e-Taiba commander Saifullah Kasuri, who is alleged to be a key mastermind behind the April 2025 Pahalgam terror attack. The NIA has cited digital evidence and alleged links to a LeT network operating in Jammu and Kashmir.




