സ്വീഡനിൽ ഇടതുപക്ഷ സഖ്യത്തിന് അപ്രതീക്ഷിത ജയം: പ്രധാനമന്ത്രി ഉൽഫ് ക്രിസ്റ്റേഴ്‌സൺ രാജി പ്രഖ്യാപിച്ചു; കടുത്ത പോരാട്ടത്തിനൊടുവിൽ പ്രതിപക്ഷം 176 സീറ്റുകളോടെ അധികാരം പിടിച്ചെടുത്തു; മുൻ പ്രധാനമന്ത്രി മഗ്ദലീന ആൻഡേഴ്‌സൺ വീണ്ടും അധികാരത്തിലേക്ക്
Current: മലയാളം

സ്റ്റോക്ക്ഹോം: സ്വീഡനില്‍ നടന്ന പൊതുതിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ പ്രതിപക്ഷ സഖ്യത്തിന് നേരിയ ഭൂരിപക്ഷം ലഭിച്ചതിന് പിന്നാലെ പ്രധാനമന്ത്രി ഉല്‍ഫ് ക്രിസ്റ്റേഴ്സണ്‍ രാജി പ്രഖ്യാപിച്ചു.
349 അംഗ പാര്‍ലമെന്റില്‍ പ്രതിപക്ഷത്തെ നാല് പാര്‍ട്ടികള്‍ ചേര്‍ന്ന് 176 സീറ്റുകള്‍ നേടി. നിലവിലെ കണ്‍സര്‍വേറ്റീവ് സഖ്യത്തിന് 173 സീറ്റുകള്‍ മാത്രമാണ് നേടാനായത്. ഫലം പൂര്‍ണ്ണമായി പുറത്തുവന്നതിന് തൊട്ടുപിന്നാലെ, സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്‌സിലൂടെയാണ് രാജിക്കാര്യം ക്രിസ്റ്റേഴ്സണ്‍ പരസ്യമാക്കിയത്.
സ്വീഡിഷ് ജനത രാജ്യത്തിനായി പുതിയൊരു വഴി തിരഞ്ഞെടുത്തിരിക്കുകയാണെന്നും വിഭജനത്തിനല്ല, ഐക്യത്തിനാണ് വോട്ട് ചെയ്തതെന്നും മുന്‍ പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവുമായ മഗ്ദലീന ആന്‍ഡേഴ്‌സണ്‍ പ്രതികരിച്ചു.
2022-ല്‍ നഷ്ടപ്പെട്ട പ്രധാനമന്ത്രി പദം തിരികെ പിടിക്കാമെന്ന പ്രതീക്ഷയിലാണ് സോഷ്യല്‍ ഡെമോക്രാറ്റ് നേതാവായ മഗ്ദലീന ആന്‍ഡേഴ്‌സണ്‍. 99 സീറ്റുകളോടെ അവരുടെ പാര്‍ട്ടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും, ഇടതുപക്ഷ ബ്ലോക്കിനുള്ളിലെ ഭിന്നതകള്‍ കാരണം സഖ്യസര്‍ക്കാര്‍ രൂപീകരണം സങ്കീര്‍ണ്ണമായിരിക്കും.
വിദേശ വോട്ടുകള്‍ ഉള്‍പ്പെടെയുള്ള അന്തിമ എണ്ണല്‍ പൂര്‍ത്തിയായ ശേഷമാണ് പ്രതിപക്ഷത്തിന്റെ വിജയം തിരഞ്ഞെടുപ്പ് അതോറിറ്റി ഔദ്യോഗികമായി സ്ഥിരീകരിച്ചത്. തീവ്ര വലതുപക്ഷ പ്രസ്ഥാനമായ സ്വീഡന്‍ ഡെമോക്രാറ്റുകള്‍ക്ക് തിരിച്ചടിയുണ്ടായതാണ് ഭരണസഖ്യത്തിന് തിരിച്ചടിയായത്.
പുതിയ സര്‍ക്കാരിന്റെ രൂപീകരണത്തില്‍ തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും, ഉക്രൈന്‍ പിന്തുണ, നാറ്റോ അംഗത്വം തുടങ്ങിയ പ്രധാന വിഷയങ്ങളില്‍ രാജ്യത്തെ പ്രധാന പാര്‍ട്ടികള്‍ക്കിടയില്‍ പൂര്‍ണ്ണ യോജിപ്പുണ്ട്.




