അയർലൻഡിൽ ആദ്യവീടിന് സ്റ്റാമ്പ് ഡ്യൂട്ടി ഒഴിവാക്കിയേക്കും; പ്രതീക്ഷയോടെ പ്രവാസികളും യുവകുടുംബങ്ങളും
Current: മലയാളം

ഡബ്ലിന്‍: അയര്‍ലണ്ടില്‍ ആദ്യമായി വീട് വാങ്ങുന്നവര്‍ക്ക് സ്റ്റാമ്പ് ഡ്യൂട്ടി ഒഴിവാക്കാനുള്ള നിര്‍ദേശം ബജറ്റ് ചര്‍ച്ചകളില്‍ സജീവം. ഫിയന്ന ഫാള്‍ മുന്നോട്ടുവച്ച നിര്‍ദേശം അംഗീകരിക്കപ്പെട്ടാല്‍ സ്വന്തമായി വീടില്ലാത്ത പ്രവാസികള്‍ക്കും യുവകുടുംബങ്ങള്ക്കും ആയിരക്കണക്കിന് യൂറോയുടെ ആശ്വാസം ലഭിച്ചേക്കും. എന്നാല്‍ ഇതുസംബന്ധിച്ച അന്തിമ തീരുമാനം ഇതുവരെ ഉണ്ടായിട്ടില്ല
പത്തു ലക്ഷം യൂറോവരെയുള്ള വീടുകള്‍ക്ക് നിലവില്‍ വിലയുടെ ഒരു ശതമാനമാണ് സ്റ്റാമ്പ് ഡ്യൂട്ടി. അയര്‍ലണ്ടിലെ വീടുകളുടെ ശരാശരി വില 3,96,000 യൂറോയാണെങ്കില്‍, നികുതിയിളവിലൂടെ ആദ്യവീട് വാങ്ങുന്നവര്‍ക്ക് ഏകദേശം 4,000 യൂറോ ലാഭിക്കാനാകും. എന്നാല്‍ നികുതി ഒഴിവാക്കുന്നതിന്റെ പ്രയോജനം വീടിന്റെ വിലവര്‍ധനയായി മാറുമോയെന്ന ആശങ്കയും സര്ക്കാരിനുള്ളിലുണ്ട്.
ഭവനനിര്‍മാണം വേഗത്തിലാക്കുന്നതിനൊപ്പം ഫസ്റ്റ് ഹോം സ്കീം, ഹെല്പ് ടു ബൈ പദ്ധതി, അഫോര്‍ഡബിള്‍ ഹൗസിങ്, കോസ്റ്റ് റന്റല്‍ പദ്ധതികള്‍ എന്നിവയ്ക്കും ബജറ്റില്‍ കൂടുതല്‍ പിന്തുണ ലഭിച്ചേക്കും. വാടകക്കാര്‍ക്കുള്ള റെന്റ് ടാക്സ് ക്രെഡിറ്റ് വര്‍ധിപ്പിക്കുന്നതും ഒഴിഞ്ഞുകിടക്കുന്ന വീടുകള്‍ നവീകരിക്കാനുള്ള ഗ്രാന്റുകളില്‍ മാറ്റം വരുത്തുന്നതും പരിഗണിക്കപ്പെടാനിടയുണ്ട്. എന്നാല്‍ ഇവ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ബജറ്റ് ദിനത്തിലേ ഉണ്ടാകൂ.
ചൈല്‍ഡ് കെയറിന് വലിയ പരിഗണന
രാജ്യത്തെ കുടുംബങ്ങള്‍ നേരിടുന്ന ഏറ്റവും വലിയ സാമ്പത്തിക ബാധ്യതകളിലൊന്നായ ചൈല്‍ഡ് കെയര്‍ ചെലവ് കുറയ്ക്കുന്നതിനായിരിക്കും ബജറ്റില്‍ പ്രധാന പരിഗണന. ഈ വര്‍ഷം ചൈല്‍ഡ് കെയര്‍ മേഖലയില്‍ കാര്യമായ മാറ്റം കൊണ്ടുവരാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നതായി പ്രധാനമന്ത്രി മീഹോള്‍ മാര്ട്ടിന് വ്യക്തമാക്കി. കുടുംബങ്ങള്‍ നല്‍കേണ്ട പ്രതിമാസ ചൈല്‍ഡ് കെയര്‍ ഫീസ് ഘട്ടംഘട്ടമായി കുറയ്ക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം.
ജീവിതച്ചെലവ് നേരിടാന്‍ മിനി ബജറ്റും ഒറ്റത്തവണ സഹായങ്ങളും വേണമെന്ന് സിന് ഫെയ്ന് ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നുണ്ട്. എല്ലാവര്ക്കും യൂണിവേഴ്സല്‍ എനര്‍ജി ക്രെഡിറ്റ് നല്‍കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ മിനി ബജറ്റിനോ എല്ലാവര്‍ക്കുമുള്ള എനര്‍ജി ക്രെഡിറ്റിനോ സര്‍ക്കാര്‍ അനുകൂലമല്ലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
ഒറ്റത്തവണ സഹായങ്ങള്‍ അവസാനിപ്പിച്ചത് വ്യക്തമായ കാരണത്താലാണെന്നും ദീര്‍ഘകാല ആശ്വാസം നല്കുന്ന പദ്ധതികള്‍ക്കാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നതെന്നും മാര്ട്ടിന് പറഞ്ഞു. ചൈല്‍ഡ് കെയര്‍, സോഷ്യല്‍ പ്രൊട്ടക്ഷന്‍ തുടങ്ങിയ മേഖലകളില്‍ സ്ഥിരമായ സഹായങ്ങള്‍ നല്‍കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. എങ്കിലും കുറഞ്ഞ വരുമാനക്കാരെയും ഊര്‍ജബില്ലുകള്‍ അടയ്ക്കാന്‍ ബുദ്ധിമുട്ടുന്ന കുടുംബങ്ങളെയും ലക്ഷ്യമിട്ടുള്ള പ്രത്യേക സഹായങ്ങള്‍ ബജറ്റില്‍ പ്രഖ്യാപിച്ചേക്കും.
തൊഴിലാളികള്‍ക്ക് മിതമായ ഇന്‍കം ടാക്സ് ഇളവ്
ബജറ്റ് 2027ല്‍ ഇന്‍കം ടാക്സ് സ്ലാബുകളിലും ടാക്സ് ക്രെഡിറ്റുകളിലും മാറ്റം വരുത്തുന്നതിലൂടെ തൊഴിലാളികള്‍ക്ക് മിതമായ നേട്ടം ലഭിക്കുമെന്ന് പബ്ലിക് എക്സ്പെന്‍ഡിച്ചര്‍ മന്ത്രി ജാക്ക് ചേംബേഴ്സ് പറഞ്ഞു. 150 കോടി യൂറോയുടെ ടാക്സ് പാക്കേജാണ് സര്‍ക്കാരിന്റെ പരിഗണനയിലുള്ളത്.
തൊഴിലാളികളുടെ കൈകളില്‍ കൂടുതല്‍ പണം എത്തിക്കുന്നതിനായിരിക്കും ബജറ്റില്‍ മുന്‍ഗണനയെന്ന് ധനമന്ത്രി കൂടിയായ ഉപപ്രധാനമന്ത്രി സൈമണ്‍ ഹാരിസും വ്യക്തമാക്കി. നാല്‍പ്പത് ശതമാനം ഇന്‍കം ടാക്സ് ബാധകമാകുന്ന വരുമാനപരിധി ഉയര്‍ത്തുന്നതും ടാക്സ് ക്രെഡിറ്റുകള്‍ വര്‍ധിപ്പിക്കുന്നതും ചര്‍ച്ചയിലാണ്.




