ഗ്രാനൈറ്റ് ക്ഷാമത്തിനിടെ സെമിത്തേരികളിൽ മോഷണം; കല്ലറകളിലെ ഗ്രാനൈറ്റ് കവർന്ന മൂന്നംഗ സംഘം പിടിയിൽ | Mallappally granite theft
Current: മലയാളം

പത്തനംതിട്ട: ഗ്രാനൈറ്റ് ക്ഷാമം മുതലെടുത്ത് പള്ളികളുടെ സെമിത്തേരികളിൽ നിന്ന് കല്ലറകളിലെ ഗ്രാനൈറ്റ് മോഷ്ടിച്ച മൂന്നംഗ സംഘം മല്ലപ്പള്ളിയിൽ പിടിയിൽ. തമിഴ്നാട് സ്വദേശി ജലാൽ സുന്ദർ, പശ്ചിമ ബംഗാൾ സ്വദേശി സുർജിത്, മല്ലപ്പള്ളി പാടിമൺ സ്വദേശി സജിത്ത് എന്നിവരാണ് അറസ്റ്റിലായത്. മല്ലപ്പള്ളിയിൽ ഗ്രാനൈറ്റ് വിൽപന നടത്തുന്ന സ്ഥാപനവുമായി ബന്ധപ്പെട്ടവരാണ് പിടിയിലായതെന്ന് പൊലീസ് അറിയിച്ചു. ഗ്രാനൈറ്റ് ലഭ്യത കുറഞ്ഞതോടെയാണ് സംഘം സെമിത്തേരികളിൽ നിന്ന് കല്ലുകൾ മോഷ്ടിക്കാൻ തുടങ്ങിയതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. (Mallappally granite theft)
ഒരു പള്ളിയുടെ സെമിത്തേരിയിൽ നിന്ന് മോഷ്ടിച്ച ഗ്രാനൈറ്റ് മറ്റൊരു പള്ളിയിൽ നടക്കുന്ന മരണാനന്തര ചടങ്ങുകൾക്കായി നൽകുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. മല്ലപ്പള്ളി മേഖലയിലെ മൂന്ന് പള്ളികളിൽ സമാനമായ രീതിയിൽ മോഷണം നടന്നതായി കണ്ടെത്തിയിട്ടുണ്ട്. മൂന്നാമത്തെ പള്ളിയിൽ നടന്ന മോഷണക്കേസിന്റെ അന്വേഷണത്തിനിടെയാണ് പ്രതികളെ പൊലീസ് പിടികൂടിയത്. കീഴ്വായ്പൂർ സിഐ സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. സെമിത്തേരികളിൽ നിന്ന് മോഷ്ടിച്ച ഗ്രാനൈറ്റ് എവിടെയെല്ലാം എത്തിച്ചുവെന്നതടക്കമുള്ള കാര്യങ്ങളിൽ പൊലീസ് അന്വേഷണം തുടരുകയാണ്. കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.
Summary: Three people were arrested in Mallappally, Pathanamthitta, for allegedly stealing granite from graves in church cemeteries. Police suspect the stolen granite was later supplied for funeral-related construction at other churches amid a shortage of granite.




