"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

വാൽപ്പാറയിൽ വീട്ടുപടിക്കൽ കളിച്ചുകൊണ്ടിരുന്ന അഞ്ച് വയസ്സുകാരനെ പുലി ആക്രമിച്ചു. തലയ്ക്ക് ഗുരുതര പരിക്ക്. പുലി കുട്ടിക്കുനേരെ പാഞ്ഞടുത്തത് സമീപത്തുള്ള തേയിലത്തോട്ടത്തിൽ നിന്ന്. വന്യമൃ​ഗ ശല്യം പതിവായിട്ടും പ്രതിരോധ സംവിധാനങ്ങൾ ഒരുക്കാത്തതിൽ വനംവകുപ്പിനെതിരെ നാട്ടുകാരുടെ പ്രതിഷേധം

September 24, 2026
Share this post to
🌐 Select your Language:

Current: മലയാളം

തൃശൂര്‍: വാൽപ്പാറ അപ്പർ പറളായി എസ്റ്റേറ്റ് പരിസരത്ത് വീട്ടുപടിക്കൽ കളിച്ചുകൊണ്ടിരുന്ന അഞ്ച് വയസ്സുകാരനെ പുലി ആക്രമിച്ചു. 

എസ്റ്റേറ്റ് സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിയും തോട്ടം തൊഴിലാളികളായ ഗുരുസ്വാമി-നാഗജ്യോതി ദമ്പതികളുടെ മകനുമായ കുട്ടിക്കാണ് പുലിയുടെ ആക്രമണത്തിൽ തലയ്ക്ക് ആഴത്തിൽ മുറിവേറ്റ് ഗുരുതരമായി പരിക്കേറ്റത്.

വീടിന്റെ വാതിൽക്കൽ കുട്ടി കളിച്ചുകൊണ്ടുനിൽക്കുന്നതിനിടെ സമീപത്തെ തേയിലത്തോട്ടത്തിനുള്ളിൽ നിന്ന് അപ്രതീക്ഷിതമായി ഇരച്ചെത്തിയ പുലി കുട്ടിയെ കടിച്ചുപിടിച്ച് വലിച്ചിഴയ്ക്കാൻ ശ്രമിക്കുകയായിരുന്നു. വീട്ടുകാരുടെയും സമീപവാസികളുടെയും ബഹളം കേട്ടാണ് പുലി കുട്ടിയെ ഉപേക്ഷിച്ച് കാട്ടിലേക്ക് ഓടിമറഞ്ഞത്.

തലയ്ക്ക് സാരമായി പരിക്കേറ്റ കുട്ടിയെ ഉടൻതന്നെ വാൽപ്പാറ സർക്കാർ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകിയെങ്കിലും, പരിക്ക് അതീവ ഗുരുതരമായതിനാൽ വിദഗ്ദ്ധ ചികിത്സയ്ക്കായി കോയമ്പത്തൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. 

നിരന്തരമായി പുലിയിറങ്ങുന്ന മേഖലയാണിതെന്നും മുൻപും ഇവിടെ മനുഷ്യർക്ക് നേരെ സമാനമായ വന്യമൃഗ ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ടെന്നും നാട്ടുകാർ രോഷത്തോടെ ചൂണ്ടിക്കാട്ടി. 

ജനവാസ മേഖലകളിലെ വന്യമൃഗശല്യം തടയാൻ ഫലപ്രദമായ പ്രതിരോധ സംവിധാനങ്ങൾ ഒരുക്കുന്നതിലോ, കൂട് സ്ഥാപിച്ച് പുലിയെ പിടികൂടുന്നതിലോ വനംവകുപ്പ് അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരുവിധ നടപടിയും ഉണ്ടാകുന്നില്ലെന്ന് ആരോപിച്ച് പ്രദേശവാസികൾ പ്രതിഷേധത്തിലാണ്.

Get more updates from Pudukad News on Google