റോഡ് അപകടങ്ങൾ കുറയ്ക്കുന്നതിനുള്ള സർക്കാർ ഉദ്യമത്തിന് പിന്തുണ വാഗ്ദാനം ചെയ്ത് മലങ്കര ഓര്ത്തഡോക്സ് സുറിയാനി സഭ
Current: മലയാളം

കോട്ടയം: സംസ്ഥാനത്ത് വർധിച്ച് വരുന്ന വാഹനാപകടങ്ങൾ കുറയ്ക്കുന്നതിന് വേണ്ടി സർക്കാർ തുടക്കമിടുന്ന ബോധവത്ക്കരണ പരിപാടികൾക്ക് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ പൂർണ പിന്തുണ വാഗ്ദാനം ചെയ്തു.
മുഖ്യമന്ത്രി വി.ഡി.സതീശന്റെ പ്രഖ്യാപനത്തെ പൊതുസമൂഹം പ്രതീക്ഷയോടെയാണ് കാണുന്നത്. സർക്കാർ കണക്കുകൾ പ്രകാരം 2025 ൽ 3733 ജീവനുകളാണ് നിരത്തിൽ പൊലിഞ്ഞത്. 56,922 പേർക്ക് പരിക്കേറ്റു. 2026 ജൂലൈ വരെ 2319 പേർക്ക് ജീവൻ നഷ്ടമായി.
അശ്രദ്ധയും, അമിതവേഗവും, ലഹരി ഉപയോഗവുമെല്ലാം കാരണങ്ങളാണ്. കർശനമായ നിയമ നടപടികളിലൂടെയും, റോഡ് സുരക്ഷാ ക്യാമ്പയിനുകളിലൂടെയും അപകടങ്ങൾ ഒരു പരിധിവരെ കുറയ്ക്കാൻ സാധിക്കും.
കഴിഞ്ഞദിവസം കോട്ടയത്ത് നടന്ന മലങ്കര നസ്രാണി യുവജന സംഗമത്തിൽവെച്ച് മലങ്കരസഭ ഈ വിഷയം ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.
ആറൻമുളയിൽ വാഹനാപകടത്തിൽ ജീവൻനഷ്ടമായ ഡീക്കൻ ആഷേർ ഷാജിയുടെ മരണം ചൂണ്ടിക്കാട്ടി ഡോ.ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്തായാണ് ആഭ്യന്തരമന്ത്രിയെ സമീപിച്ചത്.
വർധിച്ച് വരുന്ന റോഡ് അപകടങ്ങൾ കുറയ്ക്കാൻ വിവിധ വകുപ്പുകൾ യോജിച്ചുള്ള പ്രവർത്തനമുണ്ടാകുമെന്ന് അദ്ദേഹം സഭയ്ക്ക് ഉറപ്പ് നൽകിയിരുന്നു.




