ജോലിക്കും മറ്റ് ആവശ്യങ്ങൾക്കും പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് വേണോ? ഇനി പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തേണ്ട, പോൽ ആപ്പിലൂടെ ഓൺലൈനായി അപേക്ഷിക്കാം
Current: മലയാളം

ജോലി സംബന്ധമായ ആവശ്യങ്ങൾക്കും മറ്റുമായി നമുക്ക് അത്യാവശ്യമായി ഉണ്ടായിരിക്കേണ്ട രേഖയാണ് പൊലീസ് ക്ലിയറസ് സർട്ടിഫിക്കറ്റ് അഥവാ നോൺ ഇൻവോൾവ്മെന്റ് ഇൻ ഒഫൻസ് സർട്ടിഫിക്കറ്റ്.
2011 കേരള പൊലീസ് ആക്ട് സെക്ഷൻ 59 പ്രകാരം വ്യക്തികൾക്ക് നൽകുന്ന ക്ലിയറസ് സർട്ടിഫിക്കറ്റുകൾ നോൺ ഇൻവോൾവ്മെന്റ് ഇൻ ഒഫൻസ് സർട്ടിഫിക്കറ്റ് എന്നായി പേര് മാറ്റിയിട്ടുണ്ട്.
ഇന്ത്യയ്ക്കുള്ളിൽ വിവിധ ആവശ്യങ്ങൾക്കായി ആവശ്യമായി വരുന്ന പൊലീസ് ക്ലിയറസ് സർട്ടിഫിക്കറ്റ് ഇനി കേരള പൊലീസിന്റെ Pol-App വഴി ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷകർക്ക് പൊലീസ് സ്റ്റേഷനിൽ നേരിട്ട് എത്താതെ തന്നെ പോൽ-ആപ്പ് മുഖേന NIOC സർട്ടിഫിക്കറ്റിനായി അപേക്ഷ സമർപ്പിക്കാനുള്ള സൗകര്യം ലഭ്യമാണ്.
പോൽ-ആപ്പിലെ സിറ്റിസൺസ് സർവ്വീസ് (Citizen Services) വിഭാഗത്തിൽ നിന്ന് ബന്ധപ്പെട്ട സർട്ടിഫിക്കറ്റ് സേവനം തിരഞ്ഞെടുക്കുകയും ആവശ്യമായ വിവരങ്ങൾ രേഖപ്പെടുത്തി അപേക്ഷ സമർപ്പിക്കുകയും ചെയ്താൽ മാത്രം മതി.
അപേക്ഷയിൽ ആവശ്യപ്പെടുന്ന വ്യക്തിഗത വിവരങ്ങൾ, തിരിച്ചറിയൽ വിവരങ്ങൾ, വിലാസം തുടങ്ങിയവ കൃത്യമായി നൽകണം. ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്ത് ഓൺലൈനായി അപേക്ഷ സമർപ്പിക്കാനും നിശ്ചിത ഫീസ് അടയ്ക്കാനും സാധിക്കും.
അപേക്ഷ സമർപ്പിച്ചതിന് ശേഷം ബന്ധപ്പെട്ട പോലീസ് അധികാരികൾ ആവശ്യമായ പരിശോധനകൾ നടത്തുകയും പരിശോധന പൂർത്തിയായാൽ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് അനുവദിക്കുകയും ചെയ്യും. അപേക്ഷയുടെ സ്റ്റാറ്റസ് ഓൺലൈനായി പരിശോധിക്കാനുള്ള സൗകര്യവും ലഭ്യമാണ്.




