വടകര എംഡിഎംഎ കേസ്: കീർത്തനയെ കൊല്ലാൻ ലക്ഷ്യമിട്ടാണ് കുത്തിയതെന്ന് ജെനീഷിന്റെ മൊഴി | Vadakara MDMA case Keerthana

Current: മലയാളം

കോഴിക്കോട്: വടകര എംഡിഎംഎ കേസിലെ രണ്ടാം പ്രതിയായ കീർത്തനയെ ആക്രമിച്ചത് കൊലപ്പെടുത്തുകയെന്ന ഉദ്ദേശത്തോടെയായിരുന്നുവെന്ന് പ്രതി ജെനീഷിന്റെ മൊഴി (Vadakara MDMA case Keerthana). സമൂഹമാധ്യമങ്ങളിൽ തനിക്കെതിരെ കീർത്തന അപകീർത്തികരമായ പോസ്റ്റുകൾ പങ്കുവെച്ചത് പ്രകോപനമായെന്നും എംഡിഎംഎ കേസിൽ കീർത്തന പ്രതിയായതും ആക്രമണത്തിന് കാരണമായെന്നും ജെനീഷ് പൊലീസിനോട് പറഞ്ഞതായാണ് വിവരം.
പെരുവണ്ണാമൂഴി സ്വദേശിയായ ജെനീഷ് ഒരാഴ്ചയായി കത്തിയുമായി കാത്തിരിക്കുകയായിരുന്നുവെന്നും മൊഴിയിൽ പറയുന്നു. ജെനീഷും കീർത്തനയും നേരത്തെ ലിവിങ് റിലേഷനിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. നിലവിൽ ജെനീഷ് പൊലീസ് കസ്റ്റഡിയിലാണ്.
ശനിയാഴ്ച രാവിലെ വടകര പൊലീസ് സ്റ്റേഷന് മുന്നിൽ വച്ചാണ് കീർത്തനയ്ക്ക് നേരെ ആക്രമണമുണ്ടായത്. ഹൈക്കോടതി അനുവദിച്ച ജാമ്യത്തിലെ വ്യവസ്ഥ പ്രകാരം വടകര പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ എത്തിയപ്പോഴായിരുന്നു സംഭവം.
കുത്തേറ്റ കീർത്തനയെ ഉടൻ വടകര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
സെപ്റ്റംബർ അഞ്ചിനാണ് എംഡിഎംഎ കേസിൽ കീർത്തനയ്ക്ക് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്. പ്രതിക്ക് മുൻ ക്രിമിനൽ കേസുകളില്ലെന്നത് പരിഗണിച്ചായിരുന്നു ജാമ്യം. അന്വേഷണവുമായി പൂർണമായി സഹകരിക്കണമെന്നും കോടതി നിർദേശിച്ചിരുന്നു. കേസിലെ ഒന്നാം പ്രതിയായ കാവ്യയ്ക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു.
Story Summary: Police say the accused, Jeneesh, told investigators that he intended to kill Keerthana, the second accused in the Vadakara MDMA case. He allegedly attacked her outside Vadakara police station while she was appearing there under her bail conditions.




