35 വർഷത്തിന് ശേഷം കശ്മീരിൽ ഇന്ത്യയിൽ ജനിച്ച ഭീകരർ ഇല്ലെന്ന് അമിത് ഷാ; ലത്തീഫ് ഭട്ടിന്റെ വധത്തിന് പിന്നാലെ പ്രഖ്യാപനം | Amit Shah Kashmir terrorism statement

35 വർഷത്തിന് ശേഷം കശ്മീരിൽ ഇന്ത്യയിൽ ജനിച്ച ഭീകരരുടെ സാന്നിധ്യം ഇല്ലാതായെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ദക്ഷിണ കശ്മീരിലെ കുൽഗാമിൽ ലഷ്കർ ഭീകരൻ ലത്തീഫ് ഭട്ട് കൊല്ലപ്പെട്ടതിന് പിന്നാലെയാണ് അമിത് ഷായുടെ പ്രഖ്യാപനം. ഭീകരവാദത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ച ‘സീറോ ടോളറൻസ്’ നയമാണ് നിർണായക നേട്ടങ്ങൾക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു. ( Amit Shah Kashmir terrorism statement)
ഡൽഹിയിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) സംഘടിപ്പിച്ച വാർഷിക ഭീകരവിരുദ്ധ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭീകരവാദത്തെ നേരിടാൻ വ്യക്തികളെ മാത്രം ലക്ഷ്യമിടാതെ, മുഴുവൻ ശൃംഖലയെയും കണ്ടെത്തി ഒരേസമയം തകർക്കുന്ന നടപടികൾ വേണമെന്ന് അമിത് ഷാ പറഞ്ഞു. കേന്ദ്ര-സംസ്ഥാന അന്വേഷണ ഏജൻസികൾ തമ്മിൽ ഏകോപനം ശക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 15 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്ന ലത്തീഫ് ഭട്ട് നവംബർ 11ന് സിആർപിഎഫ് പോസ്റ്റിനു നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് തിരയുകയായിരുന്നു. ആക്രമണത്തിൽ മൂന്ന് അർധസൈനികർക്ക് പരിക്കേറ്റിരുന്നു. ബുധനാഴ്ച കുൽഗാമിൽ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിലാണ് ഇയാൾ കൊല്ലപ്പെട്ടത്.
2019 മുതൽ 36 രാജ്യങ്ങളിൽ നിന്നായി 303 പിടികിട്ടാപ്പുള്ളികളെ ഇന്ത്യയിലെത്തിച്ചതായും സിബിഐ, ആഭ്യന്തര മന്ത്രാലയം, രഹസ്യാന്വേഷണ ഏജൻസികൾ എന്നിവയുടെ ഏകോപിത പ്രവർത്തനമാണ് ഇതിന് പിന്നിലെന്നും അമിത് ഷാ പറഞ്ഞു. നിരോധിത പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യക്കെതിരായ വിവിധ സംസ്ഥാനങ്ങളിലെ സംയുക്ത നടപടികളും ഫലപ്രദമായ ഏകോപനത്തിന്റെ ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഭീകരവാദം, സംഘടിത കുറ്റകൃത്യങ്ങൾ, മയക്കുമരുന്ന് ശൃംഖലകൾ എന്നിവയ്ക്കെതിരെ ഒരേ തന്ത്രത്തിൽ പ്രവർത്തിക്കണമെന്നും അതിർത്തി സംസ്ഥാനങ്ങളിൽ സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തണമെന്നും അദ്ദേഹം നിർദേശിച്ചു. ഭീകരാക്രമണങ്ങൾ നടക്കുന്നതിന് മുമ്പുതന്നെ ശൃംഖലകളെ കണ്ടെത്തി തടയുകയാണ് അന്വേഷണ ഏജൻസികളുടെ ലക്ഷ്യമാകേണ്ടതെന്നും അമിത് ഷാ പറഞ്ഞു.
Summary: Amit Shah has claimed that Kashmir is free of India-born terrorists for the first time in 35 years following the killing of Lashkar-e-Taiba operative Lateef Bhat in Kulgam. He credited the Modi government’s zero-tolerance policy and called for stronger coordination among counter-terrorism agencies.



