കല്യാണപ്പന്തലിൽ ‘പവൻ’ ചർച്ചയില്ല; ഇ.സി.ജിയും ഷുഗറും പരിശോധിച്ച് അതിഥികൾ | Arikode Wedding Free Medical Camp

Current: മലയാളം

അരീക്കോട്: സാധാരണ വിവാഹവേദികളിൽ വധുവിന്റെ സ്വർണം, വരന്റെ ജോലി, സദ്യ തുടങ്ങിയവയെക്കുറിച്ചുള്ള ചർച്ചകളാണ് പതിവ് (Arikode Wedding Free Medical Camp). എന്നാൽ അരീക്കോട് സ്വദേശികളായ അമൽദേവിന്റെയും അമൃത അരവിന്ദിന്റെയും വിവാഹവേദിയിൽ അതിഥികൾ പരസ്പരം ചോദിച്ചത് മറ്റൊന്നായിരുന്നു—“ഇ.സി.ജി എടുത്തോ?”, “ബ്ലഡ് ടെസ്റ്റ് ചെയ്തോ?”, “ഷുഗർ എത്രയുണ്ട്?” എന്നിങ്ങനെ. കാരണം വിവാഹച്ചടങ്ങിനൊപ്പം ഒരുക്കിയിരുന്നത് സൗജന്യ മെഡിക്കൽ ക്യാമ്പായിരുന്നു.
കാവനൂരിൽ നടന്ന വിവാഹച്ചടങ്ങിൽ ബന്ധുക്കൾക്കും നാട്ടുകാർക്കുമായി അരീക്കോട് ആസ്റ്റർ മിംസ് മദർ ഹോസ്പിറ്റലിന്റെ സഹകരണത്തോടെയാണ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചത്. വിവാഹവേദിയിലെത്തിയവരെ കാത്തിരുന്നത് ആഘോഷങ്ങളും സദ്യയും മാത്രമല്ല, ആരോഗ്യ പരിശോധനയ്ക്കുള്ള സൗകര്യങ്ങളും കൂടിയായിരുന്നു.
മലപ്പുറം കൊണ്ടോട്ടി സ്വദേശിയും ഡിജിറ്റൽ മീഡിയ ഇൻഫ്ലുവൻസറുമായ അമൽദേവും അരീക്കോട് സ്വദേശിയായ അമൃത അരവിന്ദും ചേർന്നാണ് തങ്ങളുടെ വിവാഹദിനത്തെ വേറിട്ടൊരു സാമൂഹിക സന്ദേശത്തിനുള്ള വേദിയാക്കിയത്. അരീക്കോട് ആസ്റ്റർ മിംസ് മദർ ഹോസ്പിറ്റലിലെ ആറംഗ വിദഗ്ധ മെഡിക്കൽ സംഘമാണ് ക്യാമ്പിന് നേതൃത്വം നൽകിയത്.
250-ലധികം പേർ ക്യാമ്പിന്റെ ഭാഗമായി. പ്രമേഹം, കൊളസ്ട്രോൾ, രക്തസമ്മർദം എന്നിവ പരിശോധിക്കുന്നതിനൊപ്പം ഇ.സി.ജി, രക്തപരിശോധന തുടങ്ങിയ സൗകര്യങ്ങളും സൗജന്യമായി ഒരുക്കിയിരുന്നു.
സന്തോഷത്തിൽ പങ്കുചേരാനെത്തുന്ന പ്രിയപ്പെട്ടവർക്ക് നൽകാവുന്ന ഏറ്റവും വലിയ സമ്മാനം ആരോഗ്യപരിരക്ഷയാണെന്ന ചിന്തയാണ് ഇത്തരമൊരു ക്യാമ്പ് സംഘടിപ്പിക്കാൻ പ്രചോദനമായതെന്ന് അമൽദേവ് പറഞ്ഞു. പഠനകാലം മുതൽ ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട വിവിധ പ്രവർത്തനങ്ങളിൽ സജീവമായിരുന്നുവെന്നും ലോകാരോഗ്യ സംഘടനയുടെ ആരോഗ്യ പരിശോധനാ പദ്ധതികളിലും എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ പ്രവർത്തനങ്ങളിലും സന്നദ്ധപ്രവർത്തകനായി പങ്കെടുത്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ആരോഗ്യ ബോധവൽക്കരണത്തിന്റെ ആവശ്യകത നേരത്തെ തന്നെ മനസ്സിലാക്കിയിരുന്നുവെന്നും അതുകൊണ്ടാണ് ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിനത്തിൽ ആഘോഷങ്ങൾക്കൊപ്പം പ്രിയപ്പെട്ടവർക്കായി ഒരു ആരോഗ്യ ക്യാമ്പ് കൂടി ഒരുക്കാൻ തീരുമാനിച്ചതെന്നും അമൽദേവ് പറഞ്ഞു.
വിവാഹവേദിയിലെ ഈ വ്യത്യസ്തമായ ആശയത്തെ അരീക്കോട് ആസ്റ്റർ മിംസ് ഹോസ്പിറ്റൽ അധികൃതരും അഭിനന്ദിച്ചു. വിവാഹാഘോഷങ്ങളിൽ പുതുമ തേടുന്ന പുതുതലമുറയ്ക്ക് അമൽദേവിന്റെയും അമൃതയുടെയും മാതൃക സാമൂഹിക പ്രതിബദ്ധതയുടെ സന്ദേശം നൽകുന്നതാണെന്നും ആരോഗ്യ ബോധവൽക്കരണത്തിന് ഇത്തരം പ്രവർത്തനങ്ങൾ സഹായകരമാണെന്നും ആശുപത്രി അധികൃതർ പറഞ്ഞു.
ആഡംബരങ്ങൾക്കപ്പുറം പരസ്പരമുള്ള കരുതലിനും ആരോഗ്യത്തിനും പ്രാധാന്യം നൽകിയാണ് ഈ വിവാഹം വേറിട്ടുനിന്നത്. വിവാഹച്ചടങ്ങിനെത്തിയവർക്കും ഈ അനുഭവം ഏറെക്കാലം ഓർമയിൽ നിൽക്കുമെന്നുറപ്പ്.
Story Summary:
A wedding in Arikode turned into a unique health-awareness initiative when the bride and groom arranged a free medical camp for their guests and local residents. More than 250 people received free health screenings, including blood pressure, diabetes, cholesterol, blood tests and ECG.




