ഡിസ്ചാർജിന് പിന്നാലെ ആശുപത്രിയിൽ കുഴഞ്ഞുവീണ് യുവാവ് മരിച്ചു; ചികിത്സാപ്പിഴവെന്ന് കുടുംബം | Kalamassery Medical College

Current: മലയാളം

കളമശേരി: എറണാകുളം ഗവ. മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന യുവാവ് ഡിസ്ചാർജ് ചെയ്ത് വീട്ടിലേക്ക് പോകുന്നതിനിടെ ആശുപത്രിയിൽ കുഴഞ്ഞുവീണ് മരിച്ചു (Kalamassery Medical College). മട്ടാഞ്ചേരി പുതുശേരിപ്പറമ്പിൽ ഹലീൽ റഹ്മാൻ (40) ആണ് ഞായറാഴ്ച രാവിലെ മരിച്ചത്. ചികിത്സയിൽ വീഴ്ച സംഭവിച്ചെന്നാരോപിച്ച് കുടുംബം ആശുപത്രി അധികൃതർക്ക് പരാതി നൽകി.
തോപ്പുംപടി ഫിഷിങ് ഹാർബറിലെ ജീവനക്കാരനായിരുന്ന ഹലീൽ റഹ്മാന് സെപ്റ്റംബർ 22ന് മട്ടാഞ്ചേരിയിലുണ്ടായ വാഹനാപകടത്തിലാണ് കാലിന് ഗുരുതരമായി പരിക്കേറ്റത്. കാലിൽ രണ്ട് ഒടിവുകളുണ്ടായതിനെ തുടർന്ന് ആദ്യം ജനറൽ ആശുപത്രിയിലും പിന്നീട് എറണാകുളം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. വ്യാഴാഴ്ച ശസ്ത്രക്രിയ നടത്തിയിരുന്നു.
ഞായറാഴ്ച രാവിലെ ഡ്യൂട്ടി ഡോക്ടർ പരിശോധന നടത്തിയതിന് പിന്നാലെ ഹലീലിനെ ഡിസ്ചാർജ് ചെയ്യുകയായിരുന്നു. വീട്ടിലേക്ക് പോകാൻ തയ്യാറെടുക്കുന്നതിനിടെ വിയർക്കുകയും തുടർന്ന് കുഴഞ്ഞുവീഴുകയുമായിരുന്നു. കൂടെയുണ്ടായിരുന്ന ജ്യേഷ്ഠന്റെ ഭാര്യ, സഹോദരി, സമീപത്തെ കിടക്കയിലുണ്ടായിരുന്ന രോഗിയുടെ സഹായി എന്നിവർ ചേർന്നാണ് ഹലീലിനെ ട്രോളിയിൽ ഐസിയുവിലേക്ക് എത്തിച്ചതെന്ന് ബന്ധുക്കൾ പറഞ്ഞു.
കുഴഞ്ഞുവീണ സമയത്ത് വാർഡിൽ പ്രഥമശുശ്രൂഷ നൽകാൻ ഡോക്ടർമാർ ഉണ്ടായിരുന്നില്ലെന്നും സിപിആർ ഉൾപ്പെടെയുള്ള അടിയന്തര ചികിത്സ ലഭിച്ചില്ലെന്നും കുടുംബം ആരോപിച്ചു. സംഭവത്തിൽ ചികിത്സാപ്പിഴവുണ്ടായെന്നാണ് കുടുംബത്തിന്റെ പരാതി.
പരാതിയുടെ അടിസ്ഥാനത്തിൽ വകുപ്പ് മേധാവികളെ ഉൾപ്പെടുത്തി കമ്മിറ്റി രൂപീകരിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് മെഡിക്കൽ സൂപ്രണ്ട് അറിയിച്ചു. അന്വേഷണത്തിന് ശേഷമേ ഡോക്ടർമാരുടെയോ മറ്റ് ജീവനക്കാരുടെയോ ഭാഗത്ത് വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന് വ്യക്തമാകൂവെന്നും അദ്ദേഹം പറഞ്ഞു.
സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ പ്രതിഷേധിച്ചു. മരണവിവരമറിഞ്ഞ് സിപിഐ എം, ഡിവൈഎഫ്ഐ നേതാക്കൾ ആശുപത്രിയിലെത്തി. തുടർന്ന് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി നിഖിൽ ബാബുവിന്റെ നേതൃത്വത്തിൽ കളമശേരി ബ്ലോക്ക് കമ്മിറ്റി ഭാരവാഹികൾ കുടുംബാംഗങ്ങളുമായും മെഡിക്കൽ സൂപ്രണ്ടുമായും ആശുപത്രി അധികൃതരുമായും സംസാരിച്ചു.
ആശുപത്രിക്കുള്ളിൽ രോഗി കുഴഞ്ഞുവീണ ശേഷം ആവശ്യമായ അടിയന്തര ചികിത്സ ലഭിച്ചില്ലെന്ന ആരോപണത്തിൽ വിശദമായ അന്വേഷണം നടത്തണമെന്നും വീഴ്ച കണ്ടെത്തിയാൽ ഉത്തരവാദികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
ഹലീൽ റഹ്മാന്റെ മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പരേതനായ ഷാഹുൽ ഹമീദിന്റെയും റൂമിയയുടെയും മകനാണ്. ഭാര്യ: ഷർമി. മക്കൾ: ഐഷ, ആമീന, മുഹമ്മദ് സൈൻ.
Story Summary:
A 40-year-old man died at Ernakulam Government Medical College while preparing to leave after treatment for injuries sustained in a road accident. His family alleged medical negligence, while hospital authorities said a departmental committee would investigate whether there were any lapses in treatment.




