"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

പത്ത് വർഷം കൊണ്ട് ആരോഗ്യമേഖലയെ തകർത്തത് എൽ.ഡി.എഫ്; യു.ഡി.എഫ് വന്നപ്പോൾ 2,575 കോടിയുടെ കടബാധ്യത; മുൻ സർക്കാരിന്റെ അഴിമതിയും അനാസ്ഥയുമാണ് മരുന്ന് ക്ഷാമത്തിന് കാരണമെന്ന് ആരോഗ്യമന്ത്രി | K Muraleedharan

September 27, 2026
Share this post to
🌐 Select your Language:

Current: മലയാളം

Helicopter Controversy

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ മരുന്ന് ക്ഷാമവുമായി ബന്ധപ്പെട്ട പ്രതിപക്ഷ വിമർശനങ്ങൾക്ക് മറുപടിയുമായി ആരോഗ്യമന്ത്രി കെ. മുരളീധരൻ (K Muraleedharan). പൊതുജനാരോഗ്യ മേഖലയെ തകർത്തത് കഴിഞ്ഞ പത്ത് വർഷം അധികാരത്തിലിരുന്ന എൽഡിഎഫ് സർക്കാരാണെന്നാണ് കെ. മുരളീധരന്റെ ആരോപണം. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു മന്ത്രിയുടെ പ്രതികരണം.

യുഡിഎഫ് സർക്കാർ അധികാരത്തിലെത്തുമ്പോൾ ആരോഗ്യവകുപ്പിന്റെ കടബാധ്യത 2,575 കോടി രൂപയായിരുന്നുവെന്നും കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡിന് (കെഎംഎസ്‌സിഎൽ) മരുന്ന് വാങ്ങിയ വകയിൽ 900 കോടി രൂപയുടെ ബാധ്യത ഉണ്ടായിരുന്നുവെന്നും മന്ത്രി അവകാശപ്പെട്ടു.

45 കോടി രൂപ ചെലവഴിച്ച് ആവശ്യകതയില്ലാത്ത ഉപകരണങ്ങളും മരുന്നുകളും പിപിഇ കിറ്റുകളും വാങ്ങിയതായും ഇതിന്റെ പേരിൽ കമ്മീഷൻ വാങ്ങിയെന്നുമാണ് മുരളീധരന്റെ ആരോപണം. ഉപയോഗശൂന്യമായ ഇത്തരം സാധനങ്ങൾ നീക്കം ചെയ്യാൻ 40 ലക്ഷം രൂപ ചെലവഴിക്കേണ്ടി വന്നതായും അദ്ദേഹം പറഞ്ഞു. വിവിധയിടങ്ങളിൽ ഇഷ്ടക്കാർക്ക് കരാർ നൽകി ആശുപത്രി കെട്ടിടങ്ങൾ നിർമിക്കുകയും പല പദ്ധതികളും പാതിവഴിയിൽ ഉപേക്ഷിക്കുകയും ചെയ്തതായും മന്ത്രി ആരോപിച്ചു.

മരുന്ന് ലഭ്യത സംബന്ധിച്ച ആശങ്കകൾക്കും മന്ത്രി മറുപടി നൽകി. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് ഇപ്പോൾ കെഎംഎസ്‌സിഎല്ലിലും കാരുണ്യയിലും കൂടുതൽ മരുന്നുകൾ ലഭ്യമാണെന്നാണ് അദ്ദേഹത്തിന്റെ വാദം. നിലവാരമില്ലാത്ത മരുന്നുകൾ മുൻകാലങ്ങളിൽ മെഡിക്കൽ സർവീസസ് കോർപ്പറേഷൻ വഴി വാങ്ങിയതായി ഡ്രഗ്സ് കൺട്രോൾ വകുപ്പ് കണ്ടെത്തിയ സംഭവങ്ങളും മന്ത്രി ചൂണ്ടിക്കാട്ടി.

അതേസമയം, സംസ്ഥാനത്തെ വിവിധ സർക്കാർ ആശുപത്രികളിൽ മരുന്ന് ക്ഷാമം നേരിടുന്നതായി അടുത്തിടെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. കെഎംഎസ്‌സിഎല്ലിലെ റീ-ടെൻഡർ നടപടികളിലെ കാലതാമസവും ചില മരുന്നുകൾക്ക് വിതരണക്കാരെ ലഭിക്കാത്തതുമാണ് പ്രതിസന്ധിക്ക് കാരണമായതെന്നാണ് റിപ്പോർട്ടുകൾ. പാരസിറ്റമോൾ ഉൾപ്പെടെയുള്ള അവശ്യ മരുന്നുകൾക്കും ചില ആശുപത്രികളിൽ ക്ഷാമം റിപ്പോർട്ട് ചെയ്തിരുന്നു.

മരുന്ന് ക്ഷാമം ഒഴിവാക്കുന്നതിനായി കെഎംഎസ്‌സിഎല്ലിന്റെ സംഭരണ നടപടികളിൽ മാറ്റം വരുത്തുമെന്നും മരുന്ന് കമ്പനികൾക്ക് നേരിട്ട് ടെൻഡറിൽ പങ്കെടുക്കാൻ അവസരം നൽകുമെന്നും കെ. മുരളീധരൻ കഴിഞ്ഞ ദിവസം നിർദേശിച്ചിരുന്നു. നിലവാരമില്ലാത്ത മരുന്നുകൾ വിതരണം ചെയ്യുന്ന കമ്പനികളെ ഒഴിവാക്കുന്നതിനും നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

കേരളത്തിന്റെ പൊതുജനാരോഗ്യ മേഖലയെ ബോധപൂർവം ദുർബലപ്പെടുത്തി സ്വകാര്യ ആശുപത്രി ലോബിയെ സഹായിക്കാനുള്ള ശ്രമമാണ് യുഡിഎഫ് സർക്കാരിന്റേതെന്നായിരുന്നു മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോപണം. കെഎംഎസ്‌സിഎല്ലിന്റെ തലപ്പത്തെ തുടർച്ചയായ മാറ്റങ്ങളും ടെൻഡർ നടപടികളിലെ കാലതാമസവും സർക്കാർ ആശുപത്രികളിലെ മരുന്ന് വിതരണത്തെ ബാധിച്ചതായും അദ്ദേഹം ആരോപിച്ചിരുന്നു.

ഇതിനാണ് കെ. മുരളീധരൻ മറുപടി നൽകിയത്. കഴിഞ്ഞ പത്ത് വർഷത്തെ ആരോഗ്യവകുപ്പിന്റെ പ്രവർത്തനങ്ങളെയും വാങ്ങൽ നടപടികളെയും വിമർശിച്ച മന്ത്രി, പാതിവഴിയിൽ നിൽക്കുന്ന ആശുപത്രി കെട്ടിടങ്ങൾ പൂർത്തിയാക്കുകയും ആവശ്യമായ ജീവനക്കാരെ നിയമിക്കുകയും പൊതുജനങ്ങൾക്ക് പ്രയോജനപ്പെടുന്ന രീതിയിൽ ആരോഗ്യ മേഖലയെ ശക്തിപ്പെടുത്തുകയുമാണ് യുഡിഎഫ് സർക്കാർ ചെയ്യുന്നതെന്നും അവകാശപ്പെട്ടു.

Story Summary:
Health Minister K. Muraleedharan has responded to Pinarayi Vijayan’s criticism over alleged medicine shortages in Kerala’s government hospitals. Muraleedharan blamed the previous LDF government for financial and procurement-related problems, while recent reports have highlighted shortages and delays in KMSCL’s tendering and medicine supply processes.

Get more updates from Pudukad News on Google