ബോയിങ് 737 മാക്സ് സോഫ്ട്വെയറിൽ തകരാറ്; ലാൻഡിങ്ങിൽ പ്രശ്നമുണ്ടാവുമെന്നു ആശങ്ക

Current: മലയാളം

ബോയിങ് 737 മാക്സ് സോഫ്ട്വെയറിൽ പുതുതായി കണ്ടെത്തിയ തകരാറു ലാൻഡിങ്ങിനു ഗൗരവമായ പ്രശ്നം ഉണ്ടാക്കുമെന്ന ആശങ്ക ഉയർന്നു. ഈ തകരാറു മൂലം ഓട്ടോമേറ്റഡ് നാവിഗേഷൻ പ്രവർത്തിക്കാതെ വരുമെന്നു ‘വോൾ സ്ട്രീറ്റ് ജേർണൽ’ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യൻ വിമാനങ്ങൾ വ്യാപകമായി ഉപയോഗിക്കുന്ന സോഫ്ട്വെയറാണിത്. കോക്ക്പിറ്റിലെ സോഫ്ട്വെയർ അപ്പ്ഡെയ്റ്റ് ചെയ്ത ശേഷമാണു പ്രശ്നം ആരംഭിച്ചത്. ലാൻഡിംഗ് പ്ലാൻ മാറ്റി പൈലറ്റുകൾ മറ്റൊരു പാത തിരഞ്ഞെടുക്കുമ്പോഴാണ് പ്രതിസന്ധി ഉണ്ടാവുന്നത്.
ചില ഓട്ടോപൈലറ്റ് സംവിധാനങ്ങൾ ഉപേക്ഷിച്ചു പൈലറ്റുമാർക്കു മാനുവൽ സംവിധാനങ്ങൾ ഉപയോഗിക്കേണ്ടി വരാം. പ്രതിസന്ധി ഘട്ടത്തിൽ ക്രൂവിന്റെ ഭാരം വർധിപ്പിക്കുന്ന അവസ്ഥയാണിതെന്നു വിദഗ്ധർ പറയുന്നു. പലപ്പോഴും താണു പറക്കുമ്പോഴും മോശം കാലാവസ്ഥയിലും അതു സംഭവിക്കാം.
ബോയിങ് തകരാർ സമ്മതിക്കുന്നു. എന്നാൽ സുരക്ഷാ പ്രശ്നം ഇല്ലെന്നാണ് വാദം. ഓഗസ്റ്റിൽ 737 മാക്സ് ഉപയോഗിക്കുന്നവരുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നു. “പ്രശ്നം പരിഹരിക്കാൻ ഞങ്ങളുടെ എൻജിനിയർമാർ സോഫ്ട്വെയർ പുതുക്കാനുള്ള ശ്രമത്തിലാണ്.”
പ്രശ്നമുള്ള 737 മാക്സ് സ്വീകരിക്കില്ലെന്നു സൗത്വെസ്റ് എയർലൈൻസും യുണൈറ്റഡ് എയർലൈൻസും പറഞ്ഞു.
അന്വേഷണം നടത്തുന്നുണ്ടെന്നു എഫ് എ എ പറയുന്നു. സുരക്ഷയ്ക്കു പ്രശ്നം കണ്ടാൽ മാക്സ് 7, മാക്സ് 10 എന്നിവയ്ക്കു നിയന്ത്രണം വരാം. ഡെൽറ്റ, യുണൈറ്റഡ്, അമേരിക്കൻ, അലാസ്ക എന്നിവ മാക്സ് 10 ഓർഡർ ചെയ്തിട്ടുണ്ട്.




