റോ ഖന്ന 2028 മത്സര സാധ്യത തള്ളുന്നില്ല; കുടുംബം കൂടി ഉൾപ്പെട്ടാവും തീരുമാനം

Current: മലയാളം

2028 പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കാനുളള സാധ്യത തള്ളിക്കളയാതെ ഇന്ത്യൻ അമേരിക്കൻ കോൺഗ്രസ് അംഗം റോ ഖന്ന. “എൻ്റെ കുടുംബം കൂടി ഉൾപ്പെട്ടാവും തീരുമാനം എടുക്കുക,” അദ്ദേഹം പറഞ്ഞു.മത്സരിക്കുമോ എന്നു ഏഷ്യൻ സൊസൈറ്റിയിൽ വച്ചു ഖന്നയോടു ഓസ്ട്രേലിയൻ മുൻ പ്രധാനമന്ത്രി കെവിൻ റുഡ് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു: “ഏതാണ്ട് 20 ഡെമോക്രാറ്റുകൾ മത്സരിക്കാൻ ആലോചിക്കുന്നുണ്ട്, അതിൽ 10-12 പേർ മത്സരിച്ചേക്കും.”
അമേരിക്കയുടെ ഭാവിയെ കുറിച്ചുള്ള ചർച്ചയിൽ താൻ തുടർന്നും പങ്കെടുക്കും എന്നു വ്യക്തമാക്കിയ ഖന്ന, ദേശീയ തലത്തിൽ മത്സരിക്കുന്നത് കഠിനമാണെന്നു ചൂണ്ടിക്കാട്ടി. “2028 തിരഞ്ഞെടുപ്പ് യുഎസ് വൈവിധ്യമുള്ള സമൂഹത്തെ സ്വീകരിക്കുമോ എന്ന കാര്യം ആയിരിക്കും ചർച്ച ചെയ്യുക. ഞാൻ തീർച്ചയായും ആ ചർച്ചയുടെ ഭാഗമാവാൻ ആഗ്രഹിക്കുന്നു.”
വ്യവസായ മേഖലയിൽ തൊഴിൽ നഷ്ടപ്പെട്ട സമൂഹങ്ങളെ എത്തിപ്പിടിക്കുന്ന സാമ്പത്തിക പദ്ധതി ഡെമോക്രാറ്റുകൾ ആവിഷ്കരിക്കണമെന്നു ഖന്ന പറഞ്ഞു.
ദേശീയ ആദർശങ്ങൾക്കു പ്രസക്തി ഉണ്ടാവണമെങ്കിൽ വോട്ടർമാർക്കു സ്വന്തം കുടുംബങ്ങളുടെ ഭാവിയിൽ ഉറപ്പുണ്ടാവണമെന്നു ഖന്ന ചൂണ്ടിക്കാട്ടി.സ്വന്തം ഇന്ത്യൻ വേരുകളെ കുറിച്ചു സംസാരിച്ച ഖന്ന തന്റെ സ്വാതന്ത്ര്യ സമര കാലത്തു മുത്തശ്ശനെ ബ്രിട്ടീഷുകാർ ജയിലിൽ അടച്ചെന്നു ഓർമിച്ചു. “രാഷ്ട്രീയം ജീവിതങ്ങളെ മാറ്റുമെന്നു എനിക്ക് മനസിലാക്കാൻ കഴിഞ്ഞു.”
ഫിലാഡൽഫിയയിൽ ഇന്ത്യയിൽ നിന്നു കുടിയേറിയ കുടുംബത്തിൽ ജനിച്ച ഖന്ന ഷിക്കാഗോയിൽ സ്റ്റേറ്റ് സെനറ്റ് സ്ഥാനാർഥിയായിരുന്ന യുവാവിന്റെ ഒപ്പം കൂടി. ആ യുവാവാണ് പിന്നീട് പ്രസിഡന്റായ ബരാക്ക് ഒബാമ.




