നോർത്ത് അമേരിക്കയുടെ കിഴക്കൻ തീരത്തു നോർത്ത് ഈസ്റ്റർ ആഞ്ഞടിക്കുന്നു

Current: മലയാളം

കനത്ത മഴയും കൊടും കാറ്റുമായി നോർത്ത് അമേരിക്കയുടെ കിഴക്കൻ തീരത്തു ശനിയാഴ്ച്ച നോർത്ത്ഈസ്റ്റർ എത്തി. ബ്രൂക്ലിനിൽ മരം വീണ് ഒരാൾ മരിച്ചപ്പോൾ റോബർട്ട് മോസസ് സ്റ്റേറ്റ് പാർക്കിനടുത്തു 18 അടി ഉയരത്തിൽ അടിച്ച തിരമാലയിൽ പെട്ട ലോംഗ് ഐലൻഡ് നിവാസിയെ കാണാതായി.
ന്യൂ യോർക്ക് സിറ്റി ഹൗസിംഗ് അതോറിറ്റി ജീവനക്കാരൻ ലൈറ്റൻ ബ്രൗൺ (56) ആണ് ബ്രൂക്ലിൻ സൈപ്രസ് ഹിൽസ് ഹൗസസ് മേഖലയിൽ മരം വീണു മരിച്ചത്. ബ്രൗണിനു ശരീരമാകെ പരുക്കേറ്റെന്നു റിപ്പോർട്ടുകൾ പറയുന്നു.
ആ മരണം റിപ്പോർട്ട് ചെയ്യുന്നതിന് ഒരു മണിക്കൂർ മുൻപാണ് ഫയർ ഐലൻഡിന്റെ പടിഞ്ഞാറൻ അറ്റത്തു തിരമാലകൾ ഒരാളെ അടിച്ചു കൊണ്ടു പോയത്. നീന്താൻ ഇറങ്ങിയ ആൾക്കു വേണ്ടിയുള്ള തിരച്ചിൽ ഇരുട്ടു കനത്തപ്പോൾ ശനിയാഴ്ച വൈകിട്ടു നിർത്തിവച്ചുവെന്നു സ്റ്റേറ്റ് പോലീസ് പറഞ്ഞു.
നോർത്ത്ഈസ്റ്റിന്റെ ചില ഭാഗങ്ങളിൽ കൊടും കാറ്റു മണിക്കൂറിൽ 80 മൈൽ വരെ എത്തുമെന്നു ആശങ്കയുണ്ട്. “ഇതിലും വലുത് വരാനിരിക്കുന്നു,” ന്യൂ യോർക്ക് ഗവർണർ കാത്തി ഹോക്കൽ പറഞ്ഞു.
സംസ്ഥാനത്തിന്റെ താഴ്ന്ന കൗണ്ടികളിൽ ഹോക്കൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ആളുകൾ വെള്ളത്തിൽ ഇറങ്ങരുതെന്നു അവർ താക്കീതു നൽകി.
തിരമാലകൾ 18 അടി വരെ ഉയർന്നപ്പോൾ ചിലപ്പോൾ 25 അടി വരെ എത്തുമെന്നു നാഷനൽ വെതർ സർവീസിന്റെ താക്കീതുണ്ടായി. കാറ്റിന്റെ ശക്തി മണിക്കൂറിൽ 35-45 എന്നിങ്ങനെ നിൽക്കുന്നുവെങ്കിലും 60 വരെ ഉയരാം എന്നാണ് താക്കീത്.
ന്യൂ യോർക്ക് സിറ്റി, ലോംഗ് ഐലൻഡ്, ന്യൂ ജേഴ്സി, ഡെലവെയർ, കണക്ടിക്കട്ട്, മാസച്ചുസെറ്റ്സ് എന്നിവിടങ്ങളിൽ താക്കീതുണ്ട്. സഫോക് കൗണ്ടിയിൽ 17,000 ഉപയോക്താക്കൾക്ക് വൈദ്യുതി നഷ്ടമായി. നസാവുവിൽ 2,000 പേർക്കും.




