"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

എം.എൽ.എമാരുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് കെ.എസ്.ആർ.ടി.സിക്ക് ബസ് വാങ്ങാം; ഒരാൾക്ക് പരമാവധി മൂന്ന് ബസുകൾ . ബസുകളുടെ റൂട്ടും സർവിസും മണ്ഡലത്തിലെ യാത്രക്കാരുടെ ആവശ്യപ്രകാരം; ചെലവുകൾ പൂർണമായി കെ.എസ്.ആർ.ടി.സി വഹിക്കും

September 28, 2026
Share this post to
🌐 Select your Language:

Current: മലയാളം

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയുടെ ബസ് ശേഖരം നവീകരിക്കുന്നതിനും പൊതുഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുമായി എം.എൽ.എമാരുടെ ആസ്തി വികസന ഫണ്ട് വിനിയോഗിച്ച് ബസ് വാങ്ങി നൽകാൻ സർക്കാർ പ്രത്യേകാനുമതി നൽകി.


 2026-27 സാമ്പത്തിക വർഷത്തെ നിയമസഭ മണ്ഡല ആസ്തി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു എം.എൽ.എക്ക് പരമാവധി മൂന്ന് ബസുകൾ വരെ വാങ്ങാം. ഇതുസംബന്ധിച്ച് വ്യവസ്ഥകൾ ഉൾപ്പെടുത്തി ധനവകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു.


വാങ്ങുന്ന ബസുകളുടെ സീറ്റുകളുടെ എണ്ണം, ഇന്ധന വിഭാഗം എന്നിവ കെ.എസ്.ആർ.ടി.സി സി.എം.ഡി ആലോചിച്ചായിരിക്കും തീരുമാനിക്കുക.


എം.എൽ.എമാരിൽ നിന്ന് ഫണ്ട് ഉറപ്പാക്കുന്നതിന് നികുതികളും രജിസ്ട്രേഷൻ ചാർജുകളും ഉൾപ്പെടെ ബസുകളുടെ ആകെ ചെലവ് വ്യക്തമാക്കുന്ന പട്ടിക സെപ്റ്റംബർ 30നകം കെ.എസ്.ആർ.ടി.സി സി.എം.ഡി എം.എൽ.എമാർക്ക് കൈമാറണം.


താൽപര്യമുള്ള ജനപ്രതിനിധികൾ തങ്ങളുടെ വിഹിതം അനുവദിച്ചുള്ള നിർദേശം ഒക്ടോബർ 15നകം ജില്ല കലക്ടർമാർക്ക് സമർപ്പിക്കണം.

ഫണ്ട് ലഭ്യത ഉറപ്പാക്കിയ ശേഷം നിർദേശം ലഭിച്ച് ഏഴ് ദിവസത്തിനകം കലക്ടർമാർ കെ.എസ്.ആർ.ടി.സി സി.എം.ഡിയെ നിർവഹണ ഉദ്യോഗസ്ഥനാക്കി പദ്ധതിക്ക് ഭരണാനുമതി നൽകും.

ബസുകളുടെ റൂട്ടും സർവിസും നിശ്ചയിക്കുമ്പോൾ അതത് എം.എൽ.എമാരുമായി കൂടിയാലോചിച്ച് മണ്ഡലത്തിലെ യാത്രക്കാരുടെ ആവശ്യങ്ങൾക്ക് മുൻഗണന നൽകും. സർവിസ് വിഭാഗം, അലോട്ട്മെന്റ്, പുനർവിന്യാസം എന്നിവ സംബന്ധിച്ച അന്തിമ അധികാരം കോർപറേഷനായിരിക്കും.

ഓർഡിനറി, ഫാസ്റ്റ് പാസഞ്ചർ ഉൾപ്പെടെ ഏത് വിഭാഗത്തിലും ഈ ബസുകൾ വിന്യസിക്കാൻ കെ.എസ്.ആർ.ടി.സിക്ക് അധികാരമുണ്ടായിരിക്കും. ഇന്ധനം, ജീവനക്കാരുടെ ശമ്പളം, അറ്റകുറ്റപ്പണികൾ, മറ്റ് പ്രവർത്തനച്ചെലവുകൾ എന്നിവ പൂർണമായി കെ.എസ്.ആർ.ടി.സി തന്നെ വഹിക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.

Get more updates from Pudukad News on Google