Skip to content
November 19, 2026
⌕

അമിത് ഷാക്കെതിരായ യൂത്ത് കോൺഗ്രസ് പ്രതിഷേധ വീഡിയോ മന്ത്രിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ നിന്ന് നീക്കി. പ്രതിഷേധ വീഡിയോ ഔദ്യോഗിക പേജിൽ പ്രത്യക്ഷപ്പെട്ടത് തെറ്റിദ്ധാരണയ്ക്ക് ഇടയാക്കുമെന്നതിനാലാണ് നീക്കം ചെയ്തതെന്ന് മന്ത്രി ഒ.ജെ. ജനീഷ്. വീഡിയോ നീക്കിയത് മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമല്ലെന്നും വിശദീകരണം

September 28, 2026
Share this post to

തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കെതിരെ യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിന്റെ വീഡിയോ മന്ത്രി ഒ.ജെ. ജനീഷിന്റെ ഫേസ്ബുക്ക് പേജിൽ നിന്ന് നീക്കി. 

മന്ത്രിയുടെ ഔദ്യോഗിക പേജിൽ പ്രതിഷേധത്തിന്റെ വീഡിയോ പ്രത്യക്ഷപ്പെടുന്നത് തെറ്റിദ്ധാരണയ്ക്ക് ഇടയാക്കുമെന്നതിനാലാണ് വീഡിയോ നീക്കിയതെന്ന് യൂത്ത് കോൺഗ്രസ് അധ്യക്ഷൻ കൂടിയായ മന്ത്രി ഒ.ജെ. ജനീഷ് വിശദീകരിച്ചു.

വീഡിയോ നീക്കിയത് മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമല്ലെന്നും ജനീഷ് വ്യക്തമാക്കി. മന്ത്രിയുടെ ഫേസ്ബുക്ക് പേജിൽ നിന്ന് വീഡിയോ നീക്കിയതുമായി ബന്ധപ്പെട്ട് വിവാദമുയർന്ന സാഹചര്യത്തിലാണ് വിശദീകരണം. 

മന്ത്രി ഒ.ജെ ജെനീഷിന്റെ വിശദീകരണത്തിന്റെ പൂർണരൂപം

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ച ദൃശ്യം എന്റെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത് പിൻവലിച്ചത് സംബന്ധിച്ച് പ്രചരിക്കുന്ന മാധ്യമ വാർത്തകൾ വസ്തുതക്ക് നിരക്കാത്തതാണ്. പോസ്റ്റ് പിൻവലിച്ചത് മുഖ്യമന്ത്രി ആവശ്യപ്പെട്ടത് പ്രകാരമല്ല. 

എന്റെ സോഷ്യൽ മീഡിയ ടീം അഡ്മിൻ പാനലാണ് പ്രസ്തുത പോസ്റ്റ് പ്രസിദ്ധീകരിച്ചത്. യൂത്ത് കോൺഗ്രസ് പ്രസിഡന്റ് എന്ന നിലയിലാണ് എന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പോസ്റ്റ് ചെയ്തതെങ്കിലും സംസ്ഥാന മന്ത്രിയുടെ പേരിൽ പ്രസ്തുത പോസ്റ്റ് പ്രചരിക്കുന്നത് തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയേക്കാമെന്നതിനാൽ പ്രസ്തുത പോസ്റ്റ് ഒഴിവാക്കാൻ എന്റെ ഓഫീസ് നിർദേശിക്കുകയായിരുന്നു.


പോസ്റ്റ് പിൻവലിച്ചത് ഞാൻ പൊതുപരിപാടികളിൽ പങ്കെടുക്കുന്നതിനിടെ ആയിരുന്നതിനാൽ ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. 


കേന്ദ്രമന്ത്രിയെ കരിങ്കൊടി കാണിച്ച സമരം യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ കമ്മിറ്റിയുടെ പൊതുതീരുമാനം അനുസരിച്ച് ആയിരുന്നു. തെറ്റിദ്ധാരണ പടർത്തുന്ന വാർത്തകളിൽ നിന്നും മാധ്യമങ്ങൾ പിന്മാറണം എന്ന് അഭ്യർഥിക്കുന്നു. 

അമിത് ഷായെ യൂത്ത് കോൺഗ്രസ് കരിങ്കൊടി കാണിച്ചതിന്റെ പേരിൽ കേരളത്തിലെ മന്ത്രിമാരെ കരിങ്കൊടി കാണിക്കുന്ന യുവമോർച്ചയുടെ നടപടി രാഷ്ട്രീയ പാപ്പരത്തമാണ്. 

പോസ്റ്റ് പിൻവലിച്ചതിന്റെ പേരിൽ എന്നെ വിമർശിക്കുന്ന സിപിഎം ഡിവൈഎഫ്ഐക്കാർ കേരളത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി വന്നതും പോയതും അറിയാതെ ഉറക്കത്തിൽ ആയിരുന്നു എന്നത് പരിഹാസ്യമാണ്.

Get more updates from Pudukad News on Google