കേരളം വിധി എഴുതിയ 38 തദ്ദേശ വാർഡുകളിൽ വോട്ടെണ്ണൽ ഇന്ന്: സർക്കാരിന്റെ വിലയിരുത്തലാകുമോ ഉപതിരഞ്ഞെടുപ്പ് ഫലം? | Kerala Local Body By Election

Current: മലയാളം

തിരുവനന്തപുരം: സംസ്ഥാനത്തെ 38 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഇന്ന് രാവിലെ 10 മണി മുതൽ വിവിധ കേന്ദ്രങ്ങളിൽ ആരംഭിക്കും. ആലപ്പുഴ, കൊല്ലം ഒഴികെയുള്ള 12 ജില്ലകളിലായി നടന്ന വോട്ടെണ്ണലിന്റെ പൂർണ്ണ ചിത്രം ഉച്ചയോടെ വ്യക്തമാകും. സമാധാനപരമായി നടന്ന വോട്ടെടുപ്പിൽ 60 ശതമാനത്തോളമാണ് ആകെ രേഖപ്പെടുത്തിയ പോളിംഗ്.(Kerala Local Body By Election Results Counting Today Test For Satheesan Government)
വി.ഡി. സതീശൻ സർക്കാരിന്റെ നേതൃത്വത്തിൽ യു.ഡി.എഫ് ഭരണത്തിലേറി നാലാം മാസത്തിലേക്ക് കടക്കുമ്പോൾ വരുന്ന ഈ തിരഞ്ഞെടുപ്പ് ഫലം ഇരു മുന്നണികൾക്കും ഒരുപോലെ നിർണ്ണായകമാണ്. പുതിയ സർക്കാരിന്റെ വിലയിരുത്തലാകും ഈ ഫലമെന്ന് യു.ഡി.എഫും എൽ.ഡി.എഫും ഒരുപോലെ വ്യക്തമാക്കിക്കഴിഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിലും തദ്ദേശ തിരഞ്ഞെടുപ്പിലും നേടിയ വൻ മുന്നേറ്റം കാത്തുസൂക്ഷിക്കാൻ യു.ഡി.എഫ് ശ്രമിക്കുമ്പോൾ, പരാജയത്തിൽ നിന്ന് പാഠമുൾക്കൊണ്ട് നടത്തിയ തെറ്റുതിരുത്തൽ നടപടികൾ വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് എൽ.ഡി.എഫ്.
പ്രിയദർശിനി സൗജന്യയാത്ര, ഓണക്കാലത്തെ വിപണി ഇടപെടൽ, ‘തൂഫാൻ’ പദ്ധതികൾ എന്നിവയുടെ നേട്ടങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഭരണപക്ഷം വോട്ടുതേടിയത്. എന്നാൽ, വൈദ്യുതി രംഗത്തെ പവർക്കട്ട് ഉൾപ്പെടെയുള്ള വിവാദങ്ങൾ തിരിച്ചടിയാകുമെന്ന പ്രതീക്ഷയിലാണ് പ്രതിപക്ഷം. അതോടൊപ്പം പല വാർഡുകളിലും തിരിച്ചു വരവിന് ശ്രമിക്കുന്ന ബി.ജെ.പിയുടെ കണക്കുകൂട്ടലുകളും ഈ ഫലത്തോടെ വ്യക്തമാകും.
ആകെ ഉപതിരഞ്ഞെടുപ്പ് നടന്ന 38 വാർഡുകളിൽ 22 എണ്ണം യു.ഡി.എഫിന്റെയും 15 എണ്ണം എൽ.ഡി.എഫിന്റെയും സിറ്റിംഗ് സീറ്റുകളാണ്. എം.എൽ.എമാർ രാജിവെച്ചതിനെ തുടർന്ന് ഒഴിവുവന്ന 8 സീറ്റുകളിൽ 7 എണ്ണവും യു.ഡി.എഫിനൊപ്പമായിരുന്നു. എറണാകുളം പൂതൃക്ക പഞ്ചായത്തിൽ ട്വന്റി-20 അംഗം രാജിവെച്ച വാർഡിലും ഉപതിരഞ്ഞെടുപ്പ് നടന്നിട്ടുണ്ട്. അതിനാൽ തന്നെ വരാനിരിക്കുന്ന രാഷ്ട്രീയ നീക്കങ്ങൾക്ക് വൻ ഊർജ്ജം പകരുന്നതാകും ഇന്നത്തെ ഉപതിരഞ്ഞെടുപ്പ് ഫലം.
Story Summary
Votes polled in the by-elections held across 38 local body wards in 12 districts of Kerala will be counted today from 10 AM. The elections are considered a crucial mid-term test for the four-month-old V. D. Satheesan government and a referendum on its major policies as well as key governance issues.




