പൈനാപ്പിൾ കർഷകർക്ക് തിരിച്ചടിയായി കാനി വിലവർധനവ്. ചൂടുകാരണം ലഭ്യത കുറഞ്ഞതാണ് വിലവർധനയിലേക്ക് നയിച്ചത്. തൊഴിലാളികളുടെ കൂലി, വളം, കീടനാശിനി എന്നിവയുടെ വർധനവും കർഷകരുടെ പ്രതിസന്ധി ഇരട്ടിയാക്കുന്നു. പൈനാപ്പിളിനു ഡിമാൻ്റുണ്ടെങ്കിലും ഉൽപാദനം ഗണ്യമായി കുറഞ്ഞെന്നും കർഷകർ

Current: മലയാളം

കോട്ടയം: മഴക്കുറവും കടുത്ത ചൂടും മൂലം പൈനാപ്പിളിന്റെ വിത്തായ കാനി ലഭ്യത കുറഞ്ഞതോടെ വിപണിയിൽ വില വീണ്ടും ഉയരുന്നു. ഉയർന്ന ഗ്രേഡിലുള്ള ഒരു കാനിക്ക് നിലവിൽ 15 രൂപയോളമാണ് വില.
2024-ൽ രേഖപ്പെടുത്തിയ 17 രൂപയാണ് കാനിയുടെ റെക്കോർഡ് നിരക്ക്. വിത്തു വില കുത്തനെ ഉയർന്നത് പുതുതായി കൃഷിയിറക്കുന്ന കർഷകരുടെ ഉൽപ്പാദനച്ചെലവ് വലിയ തോതിൽ വർധിപ്പിച്ചിരിക്കുകയാണ്.
ഒരേക്കർ ഭൂമിയിൽ ശരാശരി 10,000 ചെടികളാണ് നടുന്നത്. നിലവിലെ നിരക്കനുസരിച്ച് വിത്തിനു മാത്രം ഒന്നര ലക്ഷം രൂപയോളം ചെലവഴിക്കേണ്ടി വരും. ഇതിനു പുറമെ തൊഴിലാളികളുടെ കൂലി, വളം, കീടനാശിനി എന്നിവയുടെ ഉയർന്ന ചെലവുകൾ കൂടി താങ്ങേണ്ടി വരുന്നത് കർഷകരെ വലിയ സാമ്പത്തിക പ്രതിസന്ധിയിലാക്കുന്നുണ്ട്.
കാലവർഷം നേരത്തെ പിൻവാങ്ങിയതും അതികഠിനമായ ചൂടും കാരണം രണ്ടാഴ്ച മുൻപുവരെ തോട്ടങ്ങളിൽ നനവുണ്ടാകാതിരുന്നത് പൈനാപ്പിൾ ഉൽപ്പാദനത്തെ പ്രതികൂലമായി ബാധിച്ചു.
വിളവെടുപ്പിന് പാകമാകും മുൻപേ പഴങ്ങൾ പഴുത്തു വീണു നശിക്കുന്നത് വ്യാപകമായിരുന്നു. കൂടാതെ, കൃത്യസമയത്ത് വളപ്രയോഗം നടത്താൻ മഴ ലഭിക്കാതിരുന്നതും ഉൽപ്പാദനം കുറയാൻ കാരണമായി. വേനൽ കടുക്കുമെന്ന ഭയത്താൽ നിലമൊരുക്കിയ പല കർഷകരും കൃഷിയിറക്കാൻ മടിച്ചുനിൽക്കുകയാണ്.
വരും ദിവസങ്ങളിൽ സൂപ്പർ എൽനിനോ പ്രതിഭാസം ഉണ്ടാകുമെന്ന മുന്നറിയിപ്പുകളും പൈനാപ്പിൾ മേഖലയിൽ കടുത്ത ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ചൂടു കൂടുന്നതനുസരിച്ച് പൈനാപ്പിളിന് വിപണിയിൽ ആവശ്യക്കാർ ഏറുമെങ്കിലും, വിളവെടുപ്പ് ഇടിയുന്നത് കർഷകർക്ക് ലഭിക്കേണ്ട ലാഭം ഇല്ലാതാക്കും. വരൾച്ചയെ പ്രതിരോധിക്കാൻ ശേഷിയുള്ള വിളയാണെങ്കിലും വളർച്ചയുടെ നിർണായക ഘട്ടങ്ങളിൽ ജല ലഭ്യത അത്യാവശ്യമാണ്.
മഴയുടെ കുറവ് ചെടിയുടെ വളർച്ച മന്ദഗതിയിലാക്കുകയും കായ്കളുടെ വലുപ്പവും തൂക്കവും ഉൽപ്പാദനവും വൻതോതിൽ കുറയ്ക്കുകയും ചെയ്യും.




