കേരള സർവകലാശാലയുടെ പേര് കേരളം സർവകലാശാല എന്നാക്കാനുള്ള പ്രമേയം സെനറ്റ് തള്ളി. മലയാള നാട് എന്നാക്കിയാൽ സർവകലാശാലയുടെ പേരുമാറ്റുമോയെന്ന് ചോദ്യം. ചെന്നൈ എന്നാക്കിയിട്ടും മദ്രാസ് സർവകലാശാല തുടരുന്നു. മൈസൂരുവും ബംഗളുരുവുമൊന്നും യൂണിവേഴ്സിറ്റികൾക്ക് ബാധകമായില്ല. പേരുമാറിയത് യൂണിവേഴ്സിറ്റിയുടെയല്ല, സംസ്ഥാനത്തിന്റേതെന്ന് വിശദീകരണം. കേരളത്തിന്റെ പേര് കേരളം എന്നായിട്ടും എല്ലായിടത്തും പേരുമാറ്റം പ്രായോഗികമല്ല. എല്ലായിടത്തും പേരുമാറ്റത്തിന് ചെലവ് കോടികൾ

Current: മലയാളം

തിരുവനന്തപുരം: കേരള സംസ്ഥാനത്തിന്റെ പേര് ‘കേരളം’ എന്ന് ഔദ്യോഗികമായി പുനർനാമകരണം ചെയ്തെങ്കിലും സർവകലാശാലകൾക്കും സ്ഥാപനങ്ങൾക്കുമൊന്നും കേരളം എന്ന് പേരിനൊപ്പം കൂട്ടിച്ചേർക്കുക പ്രായോഗികമാവില്ല.
ഭാഷാശാസ്ത്ര പ്രയോഗവും വ്യാകരണവും കേരളം എന്ന കൂട്ടിച്ചേർക്കലുമായി യോജിക്കുന്നില്ല. കേരളം എന്ന് കൂട്ടിച്ചേർത്താൽ ചിലതിൽ അഭംഗിയുമുണ്ട്. കേരള സർക്കാർ എന്നതിന് പകരം കേരളം സർക്കാർ എന്നാക്കിയാൽ അഭംഗിയാണ്.
ഇത്തരം വാദങ്ങൾ സർക്കാരിന് മുന്നിൽ ഉയർന്നു വന്നിട്ടുണ്ടെന്നും പഠിക്കുകയാണെന്നും മുഖ്യമന്ത്രി വി.ഡി സതീശൻ പറഞ്ഞിരുന്നു.
എന്നാൽ കേരളം എന്ന സംസ്ഥാനത്തിന്റെ പേരിനൊപ്പം കേരള സർവകലാശാലയുടെ പേര് ‘കേരളം സർവകലാശാല’ എന്നാക്കാനുള്ള പ്രമേയം യൂണിവേഴ്സിറ്റി സെനറ്റ് ഐകകണ്‌ഠ്യേന തള്ളിയിരിക്കുകയാണ്.
എയ്ഡഡ് കോളേജ് അദ്ധ്യാപക സംഘടനാ നേതാവ് ഡോ. വിഷ്‌ണു ഗോപനാണ് സെനറ്റിൽ പേരുമാറ്റത്തിനായി പ്രമേയം അവതരിപ്പിച്ചത്. സംസ്ഥാനത്തിന്റെ പേര് ‘കേരളം’ എന്നാക്കിയതിന്റെ പശ്ചാത്തലത്തിലായിരുന്നു ഇത്.
എന്നാൽ ലക്ഷക്കണക്കിന് വിദ്യാർത്ഥികൾക്ക് കേരള സർവകലാശാലയെന്ന പേരിലുള്ള സർട്ടിഫിക്കറ്റ് നൽകിയിട്ടുണ്ടെന്നും പേരുമാറ്റം പ്രായോഗികമല്ലെന്നും സിൻഡിക്കേറ്റംഗം ആർ.എസ്. ശശികുമാർ മറുപടി നൽകി.
കടുത്ത ഭാഷാവാദികളാണ് തമിഴ്നാട്ടുകാർ. എന്നാൽ ചെന്നൈയെന്ന് പേരുമാറ്റിയിട്ടും മദ്രാസ് സർവകലാശാല തുടരുകയാണ്. ബംഗളുരുവായിട്ടും ബാംഗ്ലൂർ സർവകലാശാലയും മൈസൂരുവായിട്ടും മൈസൂർ സർവകലാശാലയും അതേപടി തുടരുന്നു.
കേരളത്തിന്റെ പേര് മലയാള നാട് എന്നുമാറ്റിയാൽ സർവകലാശാലയും പേരുമാറ്റുമോയെന്ന് ശശികുമാർ ചോദിച്ചു. പേരുമാറിയത് കേരള സർവകലാശാലയ്ക്ക് അല്ലെന്നും സംസ്ഥാനത്തിനാണെന്നും ശശികുമാർ പറഞ്ഞു.
ഇതോടെ യോഗത്തിൽ അദ്ധ്യക്ഷനായ വി.സി അംഗങ്ങളുടെ അഭിപ്രായം തേടി. ഏകകണ്‌ഠമായി അംഗങ്ങൾ പേരുമാറ്റത്തെ എതിർത്തതോടെ പ്രമേയം തള്ളി.
കേരള നിയമസഭ സംസ്ഥാനത്തിന്റെ പേര് ‘കേരളം’ എന്ന് ഔദ്യോഗികമായി മാറ്റണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം ഐകകണ്ഠ്യേന പാസാക്കി കേന്ദ്ര സർക്കാറിലേക്ക് അയച്ചിരുന്നു.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അംഗീകാരത്തിനും പാർലമെന്റിന്റെ അനുമതിക്കും ശേഷം രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചതോടെ പേരുമാറ്റം ഔദ്യോഗികമായി പ്രാബല്യത്തിൽ വന്നിട്ടുണ്ട്. മന്ത്രിമാരുടെ വാഹനത്തിലെ ബോർഡുകളിൽ കേരളം എന്നെഴുതിയതല്ലാതെ കാര്യമായ മാറ്റങ്ങളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല.
കേരളം എന്ന് ഔദ്യോഗിക രേഖകളിലെല്ലാം മാറ്റുന്നതിന് കോടികളുടെ അധികചെലവുണ്ടാവും. സംസ്ഥാന സർക്കാറിന്റെ എല്ലാ വകുപ്പുകളിലെയും ലെറ്റർഹെഡുകൾ, സീലുകൾ, ഔദ്യോഗിക ഫോമുകൾ, ലെഡ്ജറുകൾ എന്നിവ മാറ്റേണ്ടി വരും.
ആയിരക്കണക്കിന് സർക്കാർ ഓഫീസുകളുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ബോർഡുകൾ മാറ്റണം. സർക്കാർ വെബ്‌സൈറ്റുകൾ, സർവീസുകൾ, ഇ-ഗവേണൻസ് പോർട്ടലുകൾ, ഡിജിറ്റൽ സർട്ടിഫിക്കറ്റുകൾ എന്നിവയിലെ പേരുമാറ്റവും സോഫ്റ്റ്‌വെയർ അപ്‌ഡേഷനും വേണ്ടിവരും.
സർക്കാർ വാഹനങ്ങളിലെ എഴുത്തുകൾ, ഔദ്യോഗിക തിരിച്ചറിയൽ കാർഡുകൾ, വിവിധ പാസുകൾ എന്നിവ പുതുക്കൽ എന്നിവയ്ക്കും വൻ ചെലവാണുള്ളത്. ഗസറ്റ് വിജ്ഞാപനങ്ങൾ ഇറക്കുന്നതിനും ഔദ്യോഗിക രേഖകളിൽ മാറ്റം വരുത്തുന്നതിനുമുള്ള ഭരണപരമായ ചെലവുകൾ വേറെയും.
അതിനാൽ ലെറ്റർഹെഡുകളിലടക്കം പേന ഉപയോഗിച്ച് കേരളം എന്ന് കൂട്ടിച്ചേർത്താൽ മതിയെന്ന് ചീഫ്സെക്രട്ടറി നിർദ്ദേശം പുറപ്പെടുവിച്ചിരുന്നു.




