"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

വീടുകളുടെ മുന്നിലെ പിച്ചള നെയിം ബോർഡുകൾ വ്യാപകമായി മോഷണം പോകുന്നു; ഒറ്റരാത്രിയിൽ 20 വീടുകളിൽ കവർച്ച, മേഖലയിൽ മോഷണവും ലഹരി സംഘങ്ങളുടെ ശല്യവും വർധിക്കുന്നതായി നാട്ടുകാർ

September 29, 2026
Share this post to
🌐 Select your Language:

Current: മലയാളം

എറണാകുളം: ആലങ്ങാട് മേഖലയിൽ വീടുകളുടെ മുന്നിൽ സ്ഥാപിച്ച പിച്ചളയിൽ തീർത്ത നെയിം ബോർഡുകൾ മോഷണം പോകുന്നതായി വ്യാപക പരാതി.


ഏകദേശം 3000 രൂപ മുതൽ 5000 രൂപയോളം വിലമതിക്കുന്ന പിച്ചള ബോർഡുകളാണ് ആലങ്ങാട് മേഖലയിൽ നിന്ന് മോഷണം പോയത്. ഇരുപതോളം വീടുകളിലാണ് കഴിഞ്ഞദിവസം രാത്രി മോഷണം നടന്നത്. മാസങ്ങൾക്കു മുമ്പ് കോട്ടപ്പുറം, കരുമാലൂർ, കടുങ്ങല്ലൂർ മേഖലയിൽ നിന്നും പിച്ചളയിൽ തീർത്ത നെയിം ബോർഡുകൾ മോഷണം പോയിരുന്നു.


കഴിഞ്ഞദിവസം കാരുചിറയിലും ഷാപ്പുപടിയിലും വാട്ടർ മീറ്ററുകൾ മോഷണം പോയിരുന്നു. രണ്ടാഴ്ച മുമ്പ് കാരുകുന്ന് പള്ളിയുടെ നേർച്ചപ്പെട്ടി കുത്തിപ്പൊളിച്ചിരുന്നു.


രണ്ടു മാസം മുമ്പ് കുന്നേൽ, തടിക്കക്കടവ്, കരിങ്ങാംതുരുത്ത് ഭാഗത്തെ വീടുകളിൽ ആയുധങ്ങളുമായി അജ്ഞാത സംഘം എത്തിയിരുന്നു. ഇതിനു പിന്നാലെയാണു വീണ്ടും മോഷ്ടാക്കൾ എത്തിയിരിക്കുന്നത്. ലഹരി സംഘങ്ങളുടെയും മോഷ്ടാക്കളുടെയും ശല്യമുള്ളതിനാൽ പലരും ഭയന്നിട്ടു രാത്രി പുറത്തിറങ്ങാറില്ല. ഈ അവസരം മുതലെടുത്താണു മോഷ്ടാക്കൾ കറങ്ങി നടക്കുന്നത്.


ആയുധങ്ങളുമായി കറങ്ങി നടക്കുന്ന മോഷണ സംഘങ്ങൾ വേറെയുമുണ്ട്. ഇതര സംസ്ഥാന സംഘങ്ങളാണ് പിച്ചളയിൽ തീർത്ത നെയിം ബോർഡുകൾ കവരുന്നതിനു പിന്നിലെന്നു സംശയമുള്ളതായി നാട്ടുകാർ പറയുന്നു.

ആലങ്ങാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ ചെറുതും വലുതുമായ നൂറോളം മോഷണങ്ങളാണു നടന്നിട്ടുള്ളത്. ഇതിൽ ഭൂരിഭാഗം സംഭവങ്ങളിലും പൊലീസിന് പ്രതികളെ പിടികൂടാൻ സാധിച്ചിട്ടില്ല. പൊലീസ് കാര്യക്ഷമമായി പ്രവർത്തിക്കാത്തതാണു മോഷ്ടാക്കളുടെയും ലഹരി സംഘങ്ങളുടെയും ശല്യം കൂടാൻ കാരണമെന്നു നാട്ടുകാർ പറയുന്നു. പൊലീസ് രാത്രികാല പട്രോളിങ് ശക്തമാക്കണമെന്നാണു ജനങ്ങളുടെ ആവശ്യം.

Get more updates from Pudukad News on Google