2030ഓടെ പേവിഷബാധ വിമുക്ത കേരളം: സംസ്ഥാനതല ഉദ്ഘാടനം 30ന്

Current: മലയാളം

തിരുവനന്തപുരം: മനുഷ്യരുടെയും മൃഗങ്ങളുടെയും ജീവന് ഒരുപോലെ ഭീഷണിയായ പേവിഷബാധയെ പൂർണമായി തുടച്ചുനീക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഈ വർഷത്തെ ലോക പേവിഷബാധ ദിനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം സെപ്റ്റംബർ 30 ബുധനാഴ്ച രാവിലെ 11.30ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ക്യാമ്പസിലെ സ്കൂൾ ഓഫ് പബ്ലിക് ഹെൽത്തിൽ നടക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ അറിയിച്ചു.
”ഒരുമിച്ച്, കൂടുതൽ ശക്തരായി, റാബീസ് വിമുക്ത കേരളത്തിലേക്ക്” എന്ന പ്രമേയത്തിന്റെ അടിസ്ഥാനത്തിലാണ് പരിപാടികൾ ആസൂത്രണം ചെയ്തിരിക്കുന്നത്.
സംസ്ഥാനതല പൊതുയോഗത്തോടൊപ്പം, കേരള ആരോഗ്യശാസ്ത്ര സർവകലാശാലയുടെ സ്കൂൾ ഓഫ് പബ്ലിക് ഹെൽത്ത് വിജയകരമായി നടപ്പാക്കിയ ഇന്റഗ്രേറ്റഡ് ബൈറ്റ് കേസ് മാനേജ്മെന്റ് പദ്ധതിയുടെ കണ്ടെത്തലുകൾ അവതരിപ്പിക്കുന്ന സെമിനാറും ഇതിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്.
ആരോഗ്യ-കുടുംബക്ഷേമ വകുപ്പ്, മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, കേരള ആരോഗ്യശാസ്ത്ര സർവകലാശാല എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി.
ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ, മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ എന്നിവർ ചേർന്ന് പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിക്കും. വി. മുരളീധരൻ എം.എൽ.എ അധ്യക്ഷനാകുന്ന ചടങ്ങിൽ കേരള ആരോഗ്യശാസ്ത്ര സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. മോഹനൻ കുന്നുമ്മൽ, വിവിധ ജനപ്രതിനിധികൾ, ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.




