ഇറാന്-യുഎസ് സംഘര്‍ഷം: ഗള്‍ഫ് വ്യോമപാതയില്‍ ജാഗ്രതാ നിര്‍ദേശം

Current: മലയാളം

ഡബ്ലിന്‍ : ഇറാനും അമേരിക്കയും തമ്മിലുള്ള സംഘര്‍ഷം പരിഹരിക്കാന്‍ നയതന്ത്ര നീക്കങ്ങള്‍ തുടരുന്നതിനിടെ ഗള്‍ഫ് മേഖലയിലൂടെയുള്ള വിമാനയാത്രയില്‍ അനിശ്ചിതത്വം. ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ധാരണയാകാത്തതാണ് ആശങ്ക തുടരാന്‍ കാരണം. ചര്‍ച്ചകള്‍ക്ക് വാതില്‍ അടഞ്ഞിട്ടില്ലെങ്കിലും സുരക്ഷാ സാഹചര്യം പെട്ടെന്ന് മാറാമെന്ന വിലയിരുത്തലിലാണ് വ്യോമയാന മേഖല.
പേര്‍ഷ്യന്‍ ഉള്‍ക്കടലിലെയും ഒമാന്‍ ഉള്‍ക്കടലിലെയും ചില കടല്മേഖലകള്ക്കു മുകളിലൂടെയുള്ള വ്യോമപാതകള്‍ ഒഴിവാക്കണമെന്ന യൂറോപ്യന്‍ വ്യോമയാന സുരക്ഷാ ഏജന്‍സിയുടെ മുന്നറിയിപ്പ് സെപ്റ്റംബര്‍ 30 വരെ നിലവിലുണ്ട്. ഗള്‍ഫ് വിമാനത്താവളങ്ങളിലേക്കുള്ള സര്‍വീസുകള്‍ പൂര്‍ണമായി നിര്‍ത്തണമെന്ന നിര്‍ദേശമല്ല ഇത്. എന്നാല്‍ സുരക്ഷാ സാഹചര്യം മാറിയാല്‍ വിമാനങ്ങള്‍ വഴിതിരിച്ചുവിടാനും യാത്രാസമയം നീളാനും സമയക്രമം മാറ്റാനും സാധ്യതയുണ്ട്.
അയര്‍ലണ്ടില്‍നിന്ന് ഇന്ത്യയിലേക്കുള്ള വിമാനങ്ങള്‍ക്ക് പൊതുവായ വിലക്കോ സര്‍വീസ് നിര്‍ത്തലാക്കലോ ഇതേ വരെ പ്രഖ്യാപിച്ചിട്ടില്ല. ഡബ്ലിനില്‍നിന്ന് ദുബായ്, അബുദാബി, ദോഹ വഴി ഇന്ത്യയിലേക്കു പോകുന്നവര്‍ക്കാണ് ഗള്‍ഫ് മേഖലയിലെ മാറ്റങ്ങള്‍ കൂടുതല്‍ പ്രസക്തം. ആദ്യ വിമാനം പതിവുപോലെ സര്‍വീസ് നടത്തിയാലും തുടര്വിമാനത്തിന്റെ സമയത്തില്‍ മാറ്റമുണ്ടായാല്‍ ഇന്ത്യയിലെത്തുന്നതു വൈകാം എന്നുള്ള സ്ഥിതിവിശേഷമുണ്ട്.
മേഖലയിലെ സംഘര്‍ഷ സാഹചര്യം ഓരോ ദിവസത്തെയും സര്‍വീസിനെ വ്യത്യസ്തമായി ബാധിക്കാമെന്നതിനാല്‍ പൊതുവായ വിമാനസമയപ്പട്ടികയ്ക്കൊപ്പം വ്യത്യസ്ത റൂട്ടുകളിലെ അപ്ഡേറ്റ്സും പരിശോധിക്കണമെന്ന് വിമാന കമ്പനികള്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
സംഘര്‍ഷം തുടരുമ്പോഴും ചര്‍ച്ചകളിലൂടെ പരിഹാരമുണ്ടാകുമെന്ന പ്രതീക്ഷ നിലനില്ക്കുന്നു. അതുവരെ അയര്‍ലണ്ടില്‍നിന്ന് ഇന്ത്യയിലേക്കുള്ള യാത്രയില്‍? പൊതുവായി തടസം ഉണ്ടായില്ലെങ്കിലും ഗള്‍ഫ് വഴിയുള്ള വിമാനങ്ങളുടെ സമയക്രമത്തിലും തുടര്‍യാത്രയിലും അവസാന നിമിഷം വരെ ശ്രദ്ധയുണ്ടാവണമെന്ന സൂചനയാണ് എയര്‍ലൈന്‍സുകള്‍ നല്‍കുന്നത് .




