എംജി സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പ്; ആറ് വർഷത്തിന് ശേഷം യുസി കോളേജ് തിരിച്ചുപിടിച്ച് എസ്എഫ്ഐ | MG University Union Election

Current: മലയാളം

കൊച്ചി: എംജി സർവകലാശാലയ്ക്ക് കീഴിലെ കോളജ് യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്എഫ്ഐയ്ക്ക് നേട്ടം. തെരഞ്ഞെടുപ്പ് നടന്ന 117 കോളേജുകളിൽ 98 ഇടത്ത് എസ്എഫ്ഐ യൂണിയൻ നേടിയതായി റിപ്പോർട്ടുകൾ. ആലുവ യുസി കോളേജിൽ ആറ് വർഷത്തിന് ശേഷമാണ് കെഎസ്‌യുവിൽ നിന്ന് എസ്എഫ്ഐ യൂണിയൻ തിരിച്ചുപിടിച്ചത്. (MG University Union Election)
കോട്ടയം സിഎംഎസ് കോളേജും പത്തനംതിട്ട കാതോലിക്കേറ്റ് കോളേജും എസ്എഫ്ഐ തിരിച്ചുപിടിച്ചു. എറണാകുളം മഹാരാജാസ് കോളേജിൽ 14 സീറ്റുകളിലും എസ്എഫ്ഐ വിജയിച്ചു. ഭാരത് മാതാ ലോ കോളേജിലും എസ്എഫ്ഐ യൂണിയൻ നിലനിർത്തി. അടിമാലി കാർമൽഗിരി കോളേജ്, പെരുമ്പാവൂർ ജയ്ഭാരത് കോളേജ്, തൊടുപുഴ മുട്ടം ഐഎച്ച്ആർഡി കോളേജ് എന്നിവിടങ്ങളിലും എസ്എഫ്ഐ പാനൽ വിജയിച്ചു.
ജില്ല തിരിച്ചുള്ള കണക്കുകളിലും എസ്എഫ്ഐക്ക് മുന്നേറ്റമുണ്ടായി. കോട്ടയത്ത് 32ൽ 27 കോളേജുകളിലും പത്തനംതിട്ടയിൽ 16ൽ 15 കോളേജുകളിലും എറണാകുളത്ത് 41ൽ 33 കോളേജുകളിലും ഇടുക്കിയിൽ 27ൽ 22 കോളേജുകളിലും എസ്എഫ്ഐ വിജയിച്ചതായാണ് റിപ്പോർട്ട്. അതേസമയം, കോതമംഗലം എംഎ കോളേജിലും കാലടി ശ്രീശങ്കര കോളേജിലും ഏഴ് വർഷത്തിന് ശേഷം കെഎസ്‌യു യൂണിയൻ തിരിച്ചുപിടിച്ചു. തേവര സേക്രഡ് ഹാർട്ട് കോളേജ്, ആലുവ അൽ അമീൻ കോളേജ്, മൂവാറ്റുപുഴ നിർമല കോളേജ് എന്നിവിടങ്ങളിലും കെഎസ്‌യു വിജയിച്ചു.
എംജി സർവകലാശാല 2026-27 അധ്യയന വർഷത്തേക്കുള്ള കോളജ് യൂണിയൻ തെരഞ്ഞെടുപ്പിനായി സെപ്റ്റംബർ 9ന് ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കിയിരുന്നു. തെരഞ്ഞെടുപ്പ് നിരീക്ഷകരെ നിയമിച്ചുള്ള ഉത്തരവും സർവകലാശാല പിന്നീട് പുറത്തിറക്കി.
Summary: SFI won college union elections across several institutions under Mahatma Gandhi University. It regained Aluva UC College after six years, while KSU also secured victories at several colleges, including MA College Kothamangalam and Sree Sankara College Kalady.




