മംഗളൂരു റിഫൈനറി സ്ഫോടനം: മരിച്ച ജീവനക്കാരന്റെ കുടുംബത്തിന് 1.20 കോടി രൂപയുടെ സഹായം പ്രഖ്യാപിച്ച് എംആർപിഎൽ | Mangalore refinery fire

Current: മലയാളം

മംഗളൂരു: മംഗളൂരു റിഫൈനറിയിലെ കോക്കർ ഹൈഡ്രോട്രീറ്റർ യൂണിറ്റിലുണ്ടായ തീപിടിത്തത്തിൽ (Mangalore refinery fire) മരിച്ച ജീവനക്കാരന്റെ കുടുംബത്തിന് ഏകദേശം 1.20 കോടി രൂപയുടെ സാമ്പത്തിക സഹായവും ഇൻഷുറൻസ് ആനുകൂല്യങ്ങളും പ്രഖ്യാപിച്ച് മംഗളൂരു റിഫൈനറി ആൻഡ് പെട്രോകെമിക്കൽസ് ലിമിറ്റഡ് (എംആർപിഎൽ).
ബുധനാഴ്ചയുണ്ടായ അപകടത്തിൽ മരിച്ച 30കാരനായ മനീഷ് കർക്കഡയുടെ കുടുംബത്തിനാണ് സഹായം ലഭിക്കുക. സംഭവത്തിൽ എംആർപിഎൽ മാനേജ്മെന്റ് അഗാധമായ ദുഃഖം രേഖപ്പെടുത്തി. ജീവൻ നഷ്ടപ്പെട്ടതിന്റെ വേദനയ്ക്ക് സാമ്പത്തിക സഹായം പരിഹാരമാകില്ലെങ്കിലും ദുഃഖിതരായ കുടുംബത്തോടൊപ്പം കമ്പനി നിലകൊള്ളുന്നുവെന്ന് മാനേജ്മെന്റ് അറിയിച്ചു.
കുടുംബത്തിന് എംആർപിഎൽ നേരിട്ട് 90 ലക്ഷം രൂപയുടെ സാമ്പത്തിക സഹായം നൽകും. ഇതിന് പുറമെ ഗ്രൂപ്പ് ടേം ലൈഫ് ഇൻഷുറൻസ് (GTLΙ) പ്രകാരം ഏകദേശം 10 ലക്ഷം രൂപയും വർക്ക്മെൻ കോമ്പൻസേഷൻ പോളിസി (WCP) പ്രകാരം ഏകദേശം 20 ലക്ഷം രൂപയും ലഭിക്കും. ഇതോടെ ആകെ സഹായവും ഇൻഷുറൻസ് ആനുകൂല്യങ്ങളും ചേർന്ന് ഏകദേശം 1.20 കോടി രൂപയാകും.
ജീവനക്കാരുടെ ക്ഷേമം മുൻനിർത്തി മെഡിക്ലെയിം ഇൻഷുറൻസ് സംബന്ധിച്ച നിർദേശവും കമ്പനി തയ്യാറാക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുകയാണെന്നും നടപടിക്രമങ്ങൾ നാല് ആഴ്ചയ്ക്കുള്ളിൽ പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എംആർപിഎൽ അറിയിച്ചു.
മാനേജ്മെന്റിനുവേണ്ടി ചീഫ് ജനറൽ മാനേജർ (കോർപറേറ്റ് ബ്രാൻഡിങ് ആൻഡ് കോർപറേറ്റ് കമ്മ്യൂണിക്കേഷൻസ്) ഡോ. റുഡോൾഫ് വി.ജെ. നൊറോണ അനുശോചനം രേഖപ്പെടുത്തി.
Story Summary :
MRPL has announced financial assistance and insurance benefits worth around ₹1.20 crore for the family of employee Manish Karkada, who died in a fire at its Mangalore refinery. The package includes ₹90 lakh in direct assistance, along with benefits under group term life insurance and the workmen compensation policy.




