ജന്തർ മന്തർ പ്രതിഷേധത്തിൽ നേതാക്കളെയടക്കം കസ്റ്റഡിയിൽ എടുത്ത സംഭവം: വീണ്ടും മാർച്ച് നടത്തും, രാജ്യതലസ്ഥാനം പ്രക്ഷുബ്ധമാകും | Gyanesh Kumar

Current: മലയാളം

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും എസ് ഐ ആർ നടപടികളിലെ ക്രമക്കേടുകൾ ആരോപിച്ചും രാജ്യതലസ്ഥാനത്ത് പ്രതിഷേധം കടുപ്പിച്ച് രാഷ്ട്രീയ-പൗരാവകാശ സംഘടനകൾ. കഴിഞ്ഞദിവസം ഡിവൈഎഫ്ഐ, എസ്.എഫ്.ഐ, എ.ഐ.എസ്.എ തുടങ്ങി വിവിധ ഇടത്-വിദ്യാർത്ഥി സംഘടനകളും പ്രതിപക്ഷ നേതാക്കളും നടത്തിയ സമാധാനപരമായ പ്രതിഷേധമാർച്ചിനെ ഡൽഹി പോലീസ് ബലം പ്രയോഗിച്ച് തടയുകയും നേതാക്കളെയടക്കം കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.(Gyanesh Kumar, Protesters Demand CEC Resignation)
ഇതിൽ പ്രതിഷേധിച്ചാണ് ഡൽഹി ജന്തർമന്തറിലേക്ക് വീണ്ടും മാർച്ചും ശക്തമായ സമരപരിപാടികളും പ്രഖ്യാപിച്ചിരിക്കുന്നത്. വോട്ട് ചെയ്യാനുള്ള പൗരന്മാരുടെ ജനാധിപത്യപരമായ അവകാശം കവരുന്ന രീതിയിലാണ് നിലവിലെ വോട്ടർ പട്ടിക പുനഃപരിശോധനാ നടപടികൾ മുന്നോട്ടുപോകുന്നതെന്നാണ് പ്രതിപക്ഷ സംഘടനകളുടെയും സിവില്‍ സൊസൈറ്റി കൂട്ടായ്മകളുടെയും ആരോപണം. ഇല്ലാത്ത കാരണങ്ങൾ ചൂണ്ടിക്കാട്ടി ലക്ഷക്കണക്കിന് ജനങ്ങളുടെ പേരുകൾ പട്ടികയിൽ നിന്ന് നീക്കം ചെയ്തതായി പരാതിയുണ്ട്.
സംഭവത്തിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജിവെച്ച് ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നാണ് സമരക്കാരുടെ പ്രധാന ആവശ്യം. കഴിഞ്ഞ ദിവസത്തെ മാർച്ചിൽ പങ്കെടുത്ത മുതിർന്ന നേതാക്കളെയും പ്രവർത്തകരെയും ഡൽഹി പോലീസ് കസ്റ്റഡിയിൽ എടുത്ത് മാറ്റിയ നടപടിയെ വ്യാപകമായി വിമർശിച്ചിരുന്നു. എന്നാൽ, അനുമതിയില്ലാതെയായിരുന്നു പ്രതിഷേധം നടത്തിയത് എന്ന നിലപാടിലാണ് പോലീസ്. ജന്തർമന്തറിലേക്കുള്ള പാതകളിൽ സുരക്ഷയും ബാരിക്കേഡുകളും കടുപ്പിച്ചിട്ടുണ്ടെങ്കിലും പ്രതിഷേധവുമായി മുന്നോട്ടുപോകുമെന്ന ഉറച്ച നിലപാടിലാണ് പൗരാവകാശ പ്രസ്ഥാനങ്ങളും വിദ്യാർത്ഥി സംഘടനകളും.
Story Summary
Political parties, student unions, and civil rights organizations are intensifying their protests at Delhi’s Jantar Mantar, demanding the resignation of Chief Election Commissioner Gyanesh Kumar. The protests follow allegations of serious irregularities in the Special Intensive Revision (SIR) of electoral rolls and voter deletion. Despite heavy police barricading and previous crackdowns on protesters, civil rights groups remain firm on continuing their agitation.




